Trending Now

ഇരട്ട നര ബലി : മുഖ്യ സൂത്രധാരന്‍ ഷാഫിക്ക്‌ രണ്ട്‌ വ്യാജ ഫെയ്‌സ്‌ബുക്ക് കൂടി

 

ഇലന്തൂര്‍ ഇരട്ട നര ബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ്‌ ഷാഫി ഉപയോഗിച്ചിരുന്ന രണ്ട്‌ വ്യാജ ഫെയ്‌സ്‌ബുക്ക് പ്രൊഫൈലുകൾകൂടി പൊലീസ്‌ സൈബര്‍ സെല്‍ കണ്ടെത്തി സജ്‌നമോൾ, ശ്രീജ എന്നീ പേരുകളിലുള്ള അക്കൗണ്ടുകളിലെ ചാറ്റ്‌ വിവരങ്ങളും പൊലീസിന്‌ ലഭിച്ചു.

രണ്ടാംപ്രതി ഭഗവൽ സിങ്ങുമായി അടുപ്പം സ്ഥാപിക്കാൻ ഷാഫി ഉപയോഗിച്ചത്‌ ശ്രീദേവി എന്ന പേരാണ്‌. ഇതുൾപ്പെടെ നാല്‌ വ്യാജ പ്രൊഫൈലുകൾ ഇയാൾ സൃഷ്‌ടിച്ചിരുന്നു. ഇവയുടെ വിശദാംശങ്ങൾ അറിയാൻ പൊലീസ്‌ ഫെയ്‌സ്‌ബുക് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. അവശേഷിക്കുന്ന ഒരെണ്ണത്തിന്റെ വിശദാംശങ്ങളും ഉടൻ ലഭിക്കും.

‌ മുഹമ്മദ്‌ ഷാഫി രണ്ട്‌ ഫോണുകൾ ഉപയോഗിച്ചതായി സംശയം. ഇവ ഉപയോഗിച്ച്‌ ഷാഫി കൂടുതൽ വ്യാജ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടുകൾ ഉണ്ടാക്കി പലരുമായി ചാറ്റ്‌ ചെയ്‌തതായും പൊലീസ്‌ കരുതുന്നു. ഫോണ്‍ ലഭിച്ചാല്‍ ആഭിചാരം നടത്തുവാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന വീഡിയോകളോ ഫോട്ടോകളോ ഈ ഫോണുകളിൽ നിന്നും ലഭിക്കും . ഫോണ്‍ ഇതുവരെ കണ്ടെത്തിയില്ല . ഇലന്തൂരിലെ തോട്ടില്‍ പരിശോധന നടത്തി എങ്കിലും ഇവിടെ നിന്നും ഫോണ്‍ ലഭിച്ചില്ല .

‘ശ്രീദേവി’ എന്നപേരിൽ ഭഗവൽസിങ്ങുമായി ചാറ്റ്‌ ചെയ്‌ത ഫോൺ ഷാഫിയുടെ ഭാര്യയുടേതാണെന്ന്‌ സ്ഥിരീകരിച്ചു. ഷാഫിയുമായി വഴക്കുണ്ടായെന്നും അതിനിടെ ഫോൺ നശിപ്പിച്ചെന്നുമാണ്‌ ഭാര്യ നഫീസ നൽകിയ മൊഴി. ഫോൺ ഗാന്ധിനഗറിലെ കോർപറേഷൻ ചവറുകൂനയിൽ ഉപേക്ഷിച്ചെന്നും ഇവർ പറഞ്ഞു. ഷാഫിയുടെ ഫോണുകളും ഭാര്യയുടെ ഫോണും നശിപ്പിച്ചെന്ന്‌ സംശയമുള്ളതിനാൽ വിവരങ്ങൾ ശേഖരിക്കാൻ സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്‌.

മൊബൈൽഫോണുകളുടെ ഐഎംഇഐ, ഫെയ്‌സ്‌ബുക്, ജി–-മെയിൽ അക്കൗണ്ടുകളുടെ പാസ്‌വേഡ്‌, ഐപി ഡംപ്‌ അടക്കമുള്ള വിവരങ്ങൾ കണ്ടെത്താനാണ്‌ ശ്രമം. ഫോൺ ലഭിച്ചില്ലെങ്കിലും ഫെയ്സ്‌ബുക് അക്കൗണ്ട്‌ നിയന്ത്രിച്ചിരുന്നത്‌ ഷാഫിയാണെന്ന്‌ തെളിയിക്കാൻ ഈ വിവരങ്ങൾ നിർണായകമാകും.

ഫോട്ടോയോ വീഡിയോകളോ ഗൂഗിൾ ഡ്രൈവ്‌ അടക്കമുള്ള സ്‌റ്റോറേജ്‌ സംവിധാനങ്ങളിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ കണ്ടെത്താനാകും.

മുഹമ്മദ്‌ ഷാഫിനിര്‍മ്മിച്ച ‘ശ്രീദേവി’ എന്ന വ്യാജ ഫെയ്‌സ്‌ബുക് അക്കൗണ്ട്‌ മറ്റാരോ നിയന്ത്രിച്ചിരുന്നതായി ആണ് പോലീസ് സംശയിക്കുന്നത് . ഷാഫി ജയിലിലായിരുന്ന അവസരത്തില്‍ ഫേസ് ബുക്ക് അക്കൗണ്ട്‌ സജീവമായിരുന്നുവെന്നാണ്‌ പൊലീസിന്‌ ലഭിച്ച പ്രാഥമിക വിവരം. 2020 ആഗസ്‌തിൽ പുത്തൻകുരിശിൽ എഴുപത്തഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ഷാഫി ഒരുവർഷത്തോളം ജയിലിലായിരുന്നു. ഈ സമയം ശ്രീദേവി എന്ന അക്കൗണ്ട്‌ ഉപയോഗിച്ചതായാണ്‌ സംശയിക്കുന്നത്‌. 2019 മുതൽ ഈ അക്കൗണ്ടിൽനിന്ന്‌ ഭഗവൽസിങ്ങുമായി ഷാഫി ചാറ്റ്‌ ചെയ്‌തിരുന്നു.അങ്ങനെ ആണ് ഇലന്തൂരിലെ ദമ്പതികളെ ഷാഫി അതി സമര്‍ഥമായി ആഭിചാര ക്രിയകളിലേക്ക് ആകര്‍ഷിച്ചതും ഇരട്ട ബലി നടത്തി പണം വാങ്ങിയതും .