Trending Now

സോളാര്‍ വിഷയം വെളിച്ചത്ത്കൊണ്ടുവന്നത് കോന്നി നിവാസി

സോളാര്‍ അഴിമതി കേസില്‍ മുന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസും ക്രിമിനല്‍ കേസും എടുക്കാന്‍ മന്ത്രിസഭാ തീരുമാനം. മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്യാടന്‍ മുഹമ്മദിനും എതിരെയും സമാനമായ കേസെടുക്കും. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ പ്രധാനികള്‍ക്കും കേസ് ഒതുക്കാന്‍ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെയും കേസെടുക്കാനും വകുപ്പുതല അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

സോളാര്‍ അഴിമതി അന്വേഷിക്കാന്‍ യുഡിഎഫ് സര്‍ക്കാന്‍ നിയമിച്ച ജസ്റ്റീസ് ജി ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് കേസെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സരിതയുടെ കത്തില്‍ പേരു പരാമര്‍ശിക്കപ്പെട്ട വര്‍ക്കെതിരെ ബലാല്‍സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കും.

കേസില്‍ ഉമ്മന്‍ചാണ്ടിക്കും ഓഫീസിനുമുള്ള പങ്ക് വ്യക്തമായി . ടീം സോളാറിനും സരിത നായര്‍ക്കും വേണ്ടി ഇവര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയതായും ഉമ്മന്‍ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനയും കൈക്കൂലി വാങ്ങിയതായും പറയുന്നുണ്ട്. ഉമ്മന്‍ചാണ്ടിക്ക് പുറമെ സഹായികളായ ജോപ്പന്‍, ജിക്കുമോന്‍, സലിം രാജ് . കുരുവിള എന്നിവക്കെതിരെയും കേസെടുക്കും.

കേസ് ഒതുക്കി തീര്‍ക്കുന്നതിനും ഉമ്മന്‍ചാണ്ടിയെ രക്ഷിക്കുന്നതിനും വഴിവിട്ട നീക്കങ്ങള്‍ നടത്തിയതിനാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതിയാക്കുന്നത്. ടീം സോളാറിന് ഉപഭോക്താക്കളെ പറ്റിക്കാന്‍ സഹായമാകുന്ന നിലപാടെടുത്തതിനാണ് ഊര്‍ജമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദിനെതിരെ കേസെടുക്കുന്നത്.

ഉമ്മന്‍ചാണ്ടിയെ കേസില്‍ നിന്നും രക്ഷിക്കാനായി സരിതയെ സ്വധീനിക്കാന്‍ ശ്രമിച്ച മുന്‍ എഎല്‍എമാരായ തമ്പാന്നൂര്‍ രവി, ബെന്നി ബെഹ്നാന്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കും. ഉമ്മന്‍‌ചാണ്ടിയെ കേസില്‍ നിന്നും രക്ഷപെടുത്താന്‍ ഇടപെട്ട പോലിസ് ഓഫീസര്‍മാരായ കെ പത്മകുമാര്‍ ഐ പി എസ് , ഡി വൈ എസ് പി ഹേമചന്ദ്രന്‍ എന്നിവര്‍ക്കെതിരെ പ്രതേക സംഘം അന്വേഷിക്കും .

സരിതാനായരെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ അന്നത്തെ അന്വേഷണ സംഘം അന്വേഷണം നടത്തിയിട്ടില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി.

പോലീസ് അസോ സെക്രട്ടറി ജി ആര്‍ അജിത്തിനെതിരെ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വകുപ്പുതല നടപടിയെടുക്കാനും ക്രിമനല്‍ കേസെടുത്ത് വിജിലന്‍സ് അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

ഈ കേസ് ജനകീയ ശ്രദ്ധ നേടിയത് കോന്നി അട്ടച്ചാക്കല്‍ മല്ലേലി ശ്രീധരന്‍ നായരുടെ ഇടപെടീല്‍

………………………………………………………………………………………………………….

സോളാർ പ്രതി സരിതാ നായരുമായി നടത്തിയ പണ ഇടപാടുകൾ തന്‍റെ അറിവോടെയെന്ന കേസിലെ പരാതിക്കാരൻ കോന്നി മല്ലേലിൽ ശ്രീധരൻ നായരുടെ ആരോപണം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിഷേധിച്ചു എങ്കിലും അന്വേഷണ കമ്മിഷന്‍റെ കണ്ടെത്തലുകള്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെയാണ് .ഈ കേസ് ജനകീയ ശ്രദ്ധ നേടിയത് കോന്നി അട്ടച്ചാക്കല്‍ മല്ലേലി ശ്രീധരന്‍ നായരുടെ ഇടപെടീല്‍ ആണ് .സോളാര്‍ പ്ലാന്റ് നിര്‍മ്മിച്ച്‌ നല്‍കാം എന്ന് പറഞ്ഞു ലക്ഷ കണക്കിന് രൂപ സരിത വാങ്ങി .അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയും താല്പര്യവും കൊണ്ടാണ് പണം മുടക്കിയത് എന്നുള്ള മല്ലേലി ശ്രീധരന്‍ നായരുടെ മൊഴിയാണ് ഉമ്മന്‍ ചാണ്ടിക്ക് എതിരെ യുള്ള അന്വേഷണത്തിലെ മുഖ്യ തെളിവുകള്‍ .കോന്നിയില്‍ പെട്രോള്‍ പമ്പും അട്ട ച്ചാക്കലില്‍ പാറമട യും മറ്റു ബിസി നസ്സും നടത്തുന്ന മല്ലേലി ശ്രീധരന്‍ നായര്‍ ആണ് സോളാര്‍ വിഷയം ജന ശ്രദ്ധയില്‍ കൊണ്ട് വന്നത് .

നാള്‍ വഴികള്‍
…………
ജൂണ്‍ 03, 2013
സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ നായര്‍ അറസ്റ്റിലായി.
ജൂണ്‍ 04, 2013
ടീം സോളാറിന്‍റെ തട്ടിപ്പ് അന്വേഷിക്കാന്‍ കോടതി ഉത്തരവ്.
ജൂണ്‍ 12, 2013
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസുമായി സരിതാനായര്‍ക്ക് ബന്ധമെന്ന് നിയമസഭയില്‍ പ്രതിപക്ഷാരോപണം. സോളാര്‍ തട്ടിപ്പു കേസില്‍ മല്ലേലില്‍ ശ്രീധരന്‍ നായര്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
ജൂണ്‍ 14, 2013
മുഖ്യമന്ത്രി ദില്ലിയിലെ വിജ്ഞാനഭവനില്‍വെച്ച്‌ സരിതയെ കണ്ടു എന്ന് തോമസ് കുരുവിള.
ജൂണ്‍ 14, 2013
സോളാര്‍ തട്ടിപ്പില്‍ ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ പി.എ ടെനി ജോപ്പനെയും, ഗണ്‍മാന്‍ സലിംരാജിനെയും തല്‍സ്ഥാനങ്ങളില്‍നിന്നും നീക്കി.
ജൂണ്‍ 15 2013
സോളാര്‍ തട്ടിപ്പുകേസ് അന്വേഷിക്കാന്‍ എഡിജിപി ഹേമചന്ദ്രന്‍റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ജൂണ്‍ 15, 2013
കൊച്ചിയിലെ ഗസ്റ്റ്ഹൗസില്‍വെച്ച്‌ ഉമ്മന്‍ചാണ്ടി ബിജു രാധാകൃഷ്ണനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിന്‍റെ വിവരങ്ങള്‍ പുറത്തുവന്നു.
ജൂണ്‍ 16, 2013
സരിതയുടെയും ബിജുവിന്‍റെയും വീടുകളിലും ഓഫീസുകളിലും റെയ്ഡ്. ശാലു മേനോന്‍റെ വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങില്‍ ആഭ്യന്തരമന്ത്രി പങ്കെടുത്തതിന്‍റെ തെളിവുകള്‍ പുറത്തുവന്നു.
ജൂണ്‍ 17, 2013
ബിജു രാധാകൃഷ്ണന്‍ കോയമ്ബത്തൂരില്‍ അറസ്റ്റിലായി. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രക്ഷോഭം. പൊതുചടങ്ങുകളില്‍ മുഖ്യമന്ത്രിയെ ബഹിഷ്ക്കരിക്കാന്‍ തീരുമാനം.
ജൂണ്‍ 26, 2013
ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍സ്റ്റാഫംഗം ജിക്കുമോന്‍ ജേക്കബ് രാജിവച്ചു.
ജൂണ്‍ 28, 2013
മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പനെ അറസ്റ്റു ചെയ്തു
ജൂലൈ 01, 2013
വ്യവസായി മല്ലേലില്‍ ശ്രീധരന്‍ നായരുടെ പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരും പരാമര്‍ശിച്ചിരിക്കുന്നതിനെച്ചൊല്ലി വിവാദം.
ജൂലൈ 03, 2013
സരിതാനായരുടെ ഫോണ്‍വിളി രേഖകള്‍ മാധ്യമങ്ങള്‍ക്ക്. വിളിച്ചവരില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുള്‍പ്പെടെ 4 മന്ത്രിമാര്‍.
ജൂലൈ 04, 2013
സരിതയുടെ ഫോണ്‍വിളിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ടു കേന്ദ്ര മന്ത്രിമാര്‍, 7 സംസ്ഥാന മന്ത്രിമാര്‍, 6 എം.എല്‍.എമാര്‍, ഒരു എം.പി എന്നിവര്‍ കോള്‍ ലിസ്റ്റില്‍.
ജൂലൈ 05, 2013
സോളാര്‍ കേസില്‍ നടി ശാലു മേനോനെ അറസ്റ്റുചെയ്തു.
ജൂലൈ 06, 2013
മല്ലേലില്‍ ശ്രീധരന്‍ നായരുടെ രഹസ്യമൊഴി റാന്നി ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തി.
ജൂലൈ 8, 2013
ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ചയ്ക്ക് സരിത സഹായിച്ചെന്ന് ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍.
ജൂലൈ 20, 2013
സെക്രട്ടറിയേറ്റില്‍വെച്ച്‌ ടെനി ജോപ്പന് 2 ലക്ഷം രൂപ കൊടുത്തെന്ന് സരിതാ നായര്‍.
ജൂലൈ 30, 2013
സരിതയ്ക്കും ബിജുവിനുമെതിരെ ആദ്യ കുറ്റപത്രം പ്രത്യേക അന്വേഷണസംഘം തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.
ആഗസ്ത് 12, 2013
ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് വളയല്‍ സമരം.
ആഗസ്ത് 13, 2013
മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു, എല്‍ഡിഎഫ് അനിശ്ചിതകാല ഉപരോധസമരം പിന്‍വലിച്ചു.
ആഗസ്ത് 28, 2013
സരിതയേയും ബിജു രാധാകൃഷ്ണനേയും എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി സരിത കോടതിയില്‍ പറഞ്ഞെങ്കിലും മജിസ്ട്രേറ്റ് അത് രേഖപ്പെടുത്താതിരുന്നത് പിന്നീട് വിവാദമായി.
സെപ്റ്റംബര്‍ 10, 2013
സലിംരാജിനെ അറസ്റ്റ് ചെയ്തു.
സെപ്റ്റംബര്‍ 11, 2013
മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യം പിടിച്ചെടുക്കണമെന്ന ഹര്‍ജി ഹൈക്കോടതി തളളി.
ഒക്ടോബര്‍ 09, 2013
മല്ലേലില്‍ ശ്രീധരന്‍ നായരുടെ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തതായി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.
ഒക്ടോബര്‍ 11, 2013
സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ ക്ളീന്‍ചിറ്റ്. മല്ലേലില്‍ ശ്രീധരന്‍ നായരുടെ ആരോപണം ശരിയാണെന്ന് കരുതിയാലും അതിന്‍റെ പേരില്‍ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി.
ഒക്ടോബര്‍ 23, 2013
പിന്നോക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ശിവരാജന്‍ അധ്യക്ഷനായി സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു.
ഒക്ടോബര്‍ 25, 2013
മല്ലേലില്‍ ശ്രീധരന്‍ നായരുടെ പരാതിയില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ടെനി ജോപ്പന്‍ തട്ടിപ്പിനു കൂട്ടുനിന്നതായി കുറ്റപത്രത്തില്‍. മുഖ്യമന്ത്രിയെക്കുറിച്ചു പരാമര്‍ശമില്ല.
ഒക്ടോബര്‍ 27, 2013
കണ്ണൂരില്‍ എല്‍ഡിഎഫ് പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിക്കുനേരെ കല്ലേറ്.
ഒക്ടോബര്‍ 30, 2013
സരിതാനായരുടേയും ബിജു രാധാകൃഷ്ണന്‍റേയും ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച്‌ മുഖ്യമന്ത്രിയുടെ പി.എ. ടെനി ജോപ്പന് അറിയാമായിരുന്നുവെന്ന് അന്വേഷണസംഘത്തിന്‍റെ കുറ്റപത്രം.
ഒക്ടോബര്‍ 30, 2013
മല്ലേലില്‍ ശ്രീധരന്‍ നായരുടെ രഹസ്യമൊഴി പുറത്ത്. മുഖ്യമന്ത്രിയെ കണ്ടത് സരിതയ്ക്കൊപ്പമെന്നും മുഖ്യമന്ത്രി സഹായിക്കാമെന്നു പറഞ്ഞെന്നും ശ്രീധരന്‍ നായര്‍.
നവംബര്‍ 13, 2013
ലൈംഗികചൂഷണത്തിന്‍റെ പരാതി ഉന്നയിച്ച സരിത ചില പേരുകള്‍ പറഞ്ഞുവെന്ന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍.വി.രാജു വിജിലന്‍സ് രജിസ്ട്രാര്‍ക്കു മൊഴി നല്‍കി.
നവംബര്‍ 21, 2013
മന്ത്രിമാരുമൊത്ത് സരിതയുടെ വീഡിയോ രംഗങ്ങള്‍ ഉണ്ടെന്ന് സരിതയുടെ അഭിഭാഷകന്‍.
നവംബര്‍ 26, 2013
മാധ്യമങ്ങള്‍ക്ക് ബിജുവിന്‍റെ തുറന്ന കത്ത്. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം സരിതയും മന്ത്രി ഗണേഷ് കുമാറും തമ്മിലെ ബന്ധമെന്ന് കത്തില്‍ പരാമര്‍ശം.
ഡിസംബര്‍ 10, 2013
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് ക്ലിഫ് ഹൗസ് വളയല്‍ ആരംഭിച്ചു.
ഡിസംബര്‍ 26, 2013
എല്‍ഡിഎഫ് സമരം പിന്‍വലിച്ചു.
ജനുവരി 20, 2014
സരിതാനായരുടെ സാന്നിധ്യത്തില്‍ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടതായി ആരോപിക്കപ്പെട്ട തീയതിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം തളളിയ ഹൈക്കോടതി നടപടിക്കെതിരെ ജോയ് കൈതാരം നല്‍കി ഹര്‍ജി സുപ്രീംകോടതി തളളി.
ഫെബ്രുവരി 21, 2014
സരിതാനായര്‍ ജയില്‍ മോചിതയായി.
മാര്‍ച്ച്‌ 03, 2014
ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. എ.പി. അബ്ദുള്ളകുട്ടി ബലാല്‍സംഗം ചെയ്തെന്ന് സരിതയുടെ ആരോപണം.
ഏപ്രില്‍ 28, 2014
ശിവരാജന്‍ കമ്മീഷന്‍റെ കാലാവധി 6 മാസത്തേക്കുകൂടി നീട്ടി.
ജൂണ്‍ 05, 2014
സരിതകേസ് കൈകാര്യം ചെയ്തതില്‍ മുന്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍.വി.രാജുവിന് ഗുരുതരമായ വീഴ്ചപറ്റിയതായി ഹൈക്കോടതി.
ജൂണ്‍ 11, 2014
സരിതാ നായര്‍ ലൈംഗിക ചൂഷണത്തെക്കുറിച്ചു പരാതി പറഞ്ഞിട്ടും പരാതി എഴുതി വാങ്ങാതെ വീഴ്ച വരുത്തിയ മജിസ്ട്രേറ്റിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി തുടരാന്‍ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം.
ജൂലൈ 01, 2014
അന്വേഷണ കമ്മീഷന്‍ നിയമനം രാഷ്ട്രീയപ്രേരിതമാണെന്നാരോപിച്ച്‌ ജൂഡീഷ്യല്‍ കമ്മീഷനെതിരെ സരിതാനായര്‍ ഹൈക്കോടതിയെ സമീപിച്ചു.
ജൂലൈ 04, 2014
മന്ത്രിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച്‌ സരിത സോളാര്‍ കമ്മീഷനു മൊഴി നല്‍കി.
നവംബര്‍, 07, 2014
മുഖ്യമന്ത്രിയുടെ ഓഫീസ്, പേഴ്സണല്‍ സ്റ്റാഫ്, ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ഉയര്‍ന്നിട്ടുളള ആരോപണങ്ങള്‍ കൂടി അന്വേഷണ പരിധിയില്‍ സോളാര്‍ കമ്മീഷന്‍ ഉള്‍പ്പെടുത്തി.
ഏപ്രില്‍ 07, 2015
കോടതി മുന്‍പാകെ സമര്‍പ്പിക്കാന്‍ പത്തനംതിട്ട ജയിലില്‍നിന്നും സരിത എഴുതിയ കത്ത് പുറത്തായി.
ഒക്ടോബര്‍ 13, 2015
സോളാര്‍ കമ്മീഷന്‍റെ കാലാവധി 2016 ഏപ്രില്‍ വരെ നീട്ടി.
ഡിസംബര്‍ 01, 2015
കെ.സി.വേണുഗോപാലും, ആര്യാടന്‍ മുഹമ്മദും ഗണേഷ്കുമാറും പണം ആവശ്യപ്പെട്ടിരുന്നെന്ന് ബിജു രാധാകൃഷ്ണന്‍റെ വെളിപ്പെടുത്തല്‍.
ഡിസംബര്‍ 04, 2015
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സരിതയുമൊത്തുള്ള രംഗങ്ങളുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ അവകാശപ്പെടുന്ന സിഡി ഹാജരാക്കാന്‍ ശിവരാജന്‍ കമ്മീഷന്‍ ഉത്തരവ്.
ഡിസംബര്‍ 10, 2015
സിഡി കണ്ടെടുക്കാന്‍ പൊലീസ് സംഘം കോയമ്ബത്തൂരിലേക്ക്. പക്ഷെ സിഡി കണ്ടെത്താനായില്ല.
ജനുവരി 14, 2016
വിവാദ കത്ത് കമ്മീഷനു മുന്‍പാകെ ഹാജരാക്കാന്‍ കഴിയില്ലെന്ന് സരിത.
ജനുവരി 25, 2016
മുഖ്യമന്ത്രി ശിവരാജന്‍ കമ്മീഷനു മുമ്ബാകെ ഹാജരായി 13 മണിക്കൂര്‍ വിചാരണ നേരിട്ടു. സരിതയെ 3 പ്രാവശ്യം കണ്ടിട്ടുണ്ടായിരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി മൊഴി നല്‍കി.
ജനുവരി 27, 2016
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു കൈക്കൂലി നല്‍കിയെന്ന് സോളാര്‍ കമ്മീഷനു മുമ്ബാകെ സരിതയുടെ മൊഴി. തമ്ബാനൂര്‍ രവിയും സരിതയും തമ്മിലെ ഫോണ്‍ സംഭാഷണം പുറത്തായി. ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം രൂപ നല്‍കിയെന്ന് സരിത.
ജൂണ്‍ 14, 2016
മുന്‍ മന്ത്രി ഷിബു ബേബിജോണ്‍ സരിതയെ 8 തവണ ഫോണില്‍ വിളിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ സോളാര്‍ കമ്മീഷനു ലഭിച്ചു.
ജൂണ്‍ 16, 2016
സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും നേരില്‍ കണ്ടിട്ടില്ലെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ. കമ്മീഷനില്‍ മൊഴി നല്‍കി.
ജൂണ്‍ 16, 2016
സരിതാനായരുമായി എം.എല്‍.എ പി.സി.വിഷ്ണുനാഥ് 183 തവണ ഫോണില്‍ സംസാരിച്ചതായി സോളാര്‍ കമ്മീഷനില്‍ ഫോണ്‍കോള്‍ രേഖകള്‍ കിട്ടി.
ജൂണ്‍ 24, 2016
സരിതാനായരെ നേരിട്ടു കണ്ടിട്ടുണ്ടെന്നു മുന്‍മന്ത്രി കെ.പി.മോഹനന്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.
ജൂണ്‍ 24, 2016
സോളാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ജൂണ്‍ 27, 2016
സരിതാനായരെ സോളാര്‍ കമ്മീഷന്‍ 9 മണിക്കൂര്‍ ക്രോസ് വിസ്താരം നടത്തി.
ജൂലൈ 01, 2016
സരിതയെ കണ്ടിട്ടുണ്ട്, ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് ജോസ് കെ.മാണി എം.പി. സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.
ജൂലൈ 13, 2016
മുന്‍മന്ത്രി എ.പി.അനി‍ല്‍കുമാറിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി നസറുളള 185 തവണ സരിതാനായരുമായി ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ രേഖകള്‍ സോളാര്‍ കമ്മീഷനു ലഭിച്ചു.
ജൂലൈ 15, 2016
ഉമ്മന്‍ചാണ്ടിക്ക് ദില്ലിയില്‍ വച്ചു പണം നല്‍കിയെന്ന സരിതയുടെ മൊഴി ശരിയെന്ന് ബിജു രാധാകൃഷ്ണന്‍.
ജൂലൈ 28, 2016
സരിതാനായരെ പരിചയമില്ലെന്നും നേരില്‍ കണ്ടിട്ടില്ലെന്നും മുന്‍ മന്ത്രി ജയലക്ഷ്മി സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.
ഒക്ടോബര്‍ 04, 2016

സോളാര്‍ കമ്മീഷന്‍റെ കാലാവധി 6 മാസം നീട്ടി.
ഒക്ടോബര്‍ 25, 2016
വിജിലന്‍സ് ഡയറക്ടറായിരിക്കെ എന്‍.ശങ്കര്‍ റെഡ്ഡി സോളാര്‍ കേസുമായി ബന്ധപ്പെട്ട പരാതികള്‍ പൂഴ്ത്തിയെന്ന ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു വിജിലന്‍സ് കോടതി നിര്‍ദ്ദേശം.
നവംബര്‍ 08, 2016
ശങ്കര്‍ റെഡ്ഡിക്ക് എതിരായ ഹര്‍ജി കോടതി തളളി.
ഡിസംബര്‍ 16, 2016
സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ സരിതാനായര്‍ക്കും ബിജു രാധാകൃഷ്ണനും മൂന്നുവര്‍ഷം തടവും പിഴയും.
ഡിസംബര്‍ 23, 2016
സോളാര്‍ കമ്മീഷനു മുമ്ബാകെ വീണ്ടും ഉമ്മന്‍ചാണ്ടി ഹാജരായി. സരിത നായരുമായി ഉമ്മന്‍ചാണ്ടി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന സലിംരാജിന്‍റെ മൊഴി അദ്ദേഹം തളളി.
ജനുവരി 30, 2017
പേഴ്സണല്‍ സ്റ്റാഫ് തന്‍റെ ഓഫീസ് ദുരുപയോഗം ചെയ്തിട്ടില്ലെന്ന് വീണ്ടും സോളാര്‍ കമ്മീഷനു മുന്‍പാകെ ഉമ്മന്‍ചാണ്ടി മൊഴി നല്‍കി.
കമ്മിഷന്‍ അന്വേഷണ റിപ്പോര്‍ട്ട്‌ സര്‍ക്കാരിനു സമര്‍പ്പിച്ചു .മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെ ഗുരുതര ആരോപണം .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു