Trending Now

മഞ്ഞൾ കൃഷിക്ക് സുവർണകാലം; പച്ച ഉണക്കിയ മഞ്ഞൾ ₹130

 

konnivartha.com : മലയോര മേഖലയില്‍ എവിടെയും നൂറു മേനി വിളവ്‌ കിട്ടുന്ന മഞ്ഞളിന് വില കുതിച്ചുയര്‍ന്നു . പച്ച ഉണക്കിയ മഞ്ഞൾ ഇന്നത്തെ വില 130 രൂപയാണ് . യാതൊരു വിധ വളവും ആവശ്യമില്ലാതെ തനിയെ നിറയെ വിത്ത് തരുന്ന മഞ്ഞളിനെ നാം വേണ്ടത്ര നിലയില്‍ കൃഷി ചെയ്യുന്നില്ല . കാലി വളം കൂടി നല്‍കിയാല്‍ വിളവ്‌ കൂടുതല്‍ ലഭിക്കും . പരിചരണ മാര്‍ഗങ്ങള്‍ ഒന്നും വേണ്ട .

 

ഉണക്ക മഞ്ഞളിന്റെ ഉപയോഗം വർദ്ധിച്ചതോടെ വിലയും കുതിച്ചുയർന്നു.മുൻപ് കിലോക്ക് 40 മുതൽ 50 രൂപ വരെ ഉണ്ടായിരുന്ന ഉണക്ക മഞ്ഞളിന് ഇന്ന് 130 എത്തി. പാചകത്തിനും സൗന്ദര്യ വർധന വസ്തുക്കളുടെ നിർമാണത്തിനുമാണ് മഞ്ഞൾ ഉപയോഗിച്ചിരുന്നതെങ്കിൽ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ശുദ്ധമായ മഞ്ഞളിന് കഴിയുമെന്നുള്ള വ്യാപക നിലയിലുള്ള പ്രചരണം ആണ് വില ഉയരാന്‍ കാരണം .

 

കൊവിഡ് വ്യാപനത്തോടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് മഞ്ഞൽ ഉത്തമ ഔഷധമാണെന്നതു കൊണ്ട് ആളുകൾ കൂടുതലായി മഞ്ഞൾ ഉപയോഗിച്ചു തുടങ്ങി.മരുന്നു നിർമാണത്തിനും മഞ്ഞൾ ഉപയോഗിക്കുന്നത് വർദ്ധിച്ചു.

 

ഡിസംബര്‍ മാസത്തില്‍ മുതല്‍ ആണ് മഞ്ഞള്‍ പൂര്‍ണ്ണ തോതില്‍ വിളവ്‌ എടുക്കാന്‍ പാകമാകുന്നത് എങ്കിലും വില വര്‍ദ്ധിച്ചതോടെ പകുതി വിളവ്‌ എത്തിയ മഞ്ഞള്‍ പോലും വിപണിയില്‍ എത്തി തുടങ്ങി . കോന്നി മേഖലയില്‍ മാത്രം മലഞ്ചരക്ക് വ്യാപാരികള്‍ ഇരുപതിന് അടുത്തുണ്ട് . ബുധന്‍ ശനി ദിവസങ്ങളില്‍ ആണ് മലയോരത്ത് നിന്നും കോന്നിയില്‍ മലഞ്ചരക്ക് എത്തുന്നത്‌ . അപ്പോള്‍ ആണ് മലഞ്ചരക്ക് വ്യാപാരികള്‍ കൂടുതലായി എത്തുന്നത്‌ . കൊക്കാത്തോട്‌ , തണ്ണിതോട് ,തേക്ക് തോട് മേഖലയില്‍ നിന്നുമാണ് മഞ്ഞള്‍ കൂടുതലായി കോന്നിയില്‍ എത്തിക്കുന്നത് . മഞ്ഞളിന് ഒപ്പം കോലിഞ്ചി കൃഷിയും ഇവിടെ വ്യാപകമാണ് .

കാട്ടു പന്നിയടക്കം മറ്റു വിളകള്‍ തിന്നു നശിപ്പിക്കുന്നു എങ്കിലും മഞ്ഞള്‍ കൃഷിയെ ബാധിച്ചില്ല . വലിയ ചെലവില്ലാതെ കൃഷി ചെയ്യാവുന്ന കൃഷിയും പ്രതിരോധത്തിനും ആയുർവേദ മരുന്നുകൾക്കും മഞ്ഞളിന്‍റെ ആവശ്യകതയും ഏറെയാണ്. മഞ്ഞളിന് ലഭിച്ചതിൽ വച്ച് ഏറ്റവും നല്ല വിലയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത് .ഉണങ്ങിയെടുക്കുന്ന മഞ്ഞൾ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നതിനുള്ള സർക്കാർ സംരംഭങ്ങൾ പത്തനംതിട്ട ജില്ലയില്‍ തുടക്കം കുറിയ്ക്കണം . ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി മഞ്ഞള്‍ കൃഷിക്കാര്‍ക്ക് ഇതിലും കൂടുതല്‍ വില ലഭിക്കും .

 

പാറയിടുക്കില്‍ വരെ കൃഷി ചെയ്യാവുള്ള ഇനമാണ് മഞ്ഞള്‍ . വീടുകളുടെ മുറ്റത്തും ടെറസിലും ചാക്കില്‍ മണ്ണ് നിറച്ച് മഞ്ഞള്‍ വ്യാകമായി കൃഷി ചെയ്യാന്‍ സാധിക്കും . നട്ട് ഏഴെട്ടു മാസമാകുമ്പോൾ മഞ്ഞൾ ചെടി പിഴുത് മഞ്ഞൾ വിളവെടുക്കുന്നു. ശേഖരിച്ച മഞ്ഞൾ പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയാണ് ഭക്ഷണത്തിലും മറ്റും ഉപയോഗിക്കുന്ന മഞ്ഞൾ തയ്യാറാക്കുന്നത്. മഞ്ഞളിന്റെ പൊടി കറിപ്പൊടികളിലും ഭക്ഷണസാധനങ്ങൾക്ക്‌ നിറം നൽകാനും സൗന്ദര്യസംവർദ്ധകവസ്തുക്കളിലും ഉപയോഗിക്കുന്നു.

 

മഞ്ഞളിന്‍റെ രോഗനാശനശക്തിയെക്കുറിച്ച്‌ ധാരാളം ഗവേഷണങ്ങൾ ലോക രാജ്യങ്ങളില്‍ നടന്നു വരുന്നു .മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൺഎന്ന പദാർഥത്തിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവ് ഉണ്ടെന്നാണ് ലോക രാജ്യങ്ങളില്‍ നടന്ന പഠനങ്ങളില്‍ കാണുന്നത് . സുഗുണ,പ്രഭ,പ്രതിഭ,കാന്തി,ശോഭ,സോണ,വർണ്ണ എന്നീ ഇനം മഞ്ഞള്‍ ഉണ്ട് . പ്രസവിച്ച സ്ത്രീകൾക്ക് പച്ചമഞ്ഞളും നാട്ടുമാവിന്‍റെ തൊലിയും ചേർത്ത് വെള്ളം തിളപ്പിച്ച് കുളിക്കാൻ നല്കുന്നത് കേരളത്തിൽ പരമ്പരാഗതമായി ഉള്ള രീതിയായിരുന്നു . വിഷഹാരിയും അണുനാശിനിയുമായ മഞ്ഞള്‍ വ്യാപകമായി കൃഷി ചെയ്യുവാന്‍ ഉള്ള നടപടികള്‍ ഉണ്ടാകണം .

 

മഞ്ഞള്‍ പച്ചയായി വിറ്റാല്‍ വലിയ വില ലഭിക്കില്ല  എന്നതിനാല്‍ പുഴുങ്ങിഉണക്കിയാണ്  കര്‍ഷകര്‍ വില്‍ക്കുന്നത് . പുഴുങ്ങുമ്പോള്‍ കുർക്കുമിൺ വലിയ തോതില്‍ നഷ്ടമാകാതെ ഇരിക്കാന്‍ ആവിയില്‍ വേവിച്ചു എടുക്കുന്നത് ആണ് നല്ലത് . തിളച്ച വെള്ളത്തില്‍ ഇട്ടു ഊറ്റി എടുത്താല്‍ വെള്ളത്തോടൊപ്പം കുർക്കുമിൺ ധാരാളം നഷ്ടമാകും . നിറം കുറയുന്ന മഞ്ഞളിന് വില കുറയും .ഏറെ കാലത്തിനു ശേഷം മഞ്ഞള്‍ വില കുതിച്ചുയര്‍ന്നത്‌ ഇപ്പോള്‍ വില്‍പ്പന ലക്ഷ്യമിട്ട കര്‍ഷകര്‍ക്ക് ഏറെ നേട്ടമായി .

മഞ്ഞൾകൃഷിക്ക് പേരുകേട്ട കണ്ണൂരിലെ മലപ്പട്ടം ഗ്രാമത്തിലെ കർഷകർക്കും മികച്ച വില കിട്ടി .
മഞ്ഞൾ കർഷകരെ പ്രോത്സാഹിപ്പിക്കാൻ മലപ്പട്ടം ഗ്രാമ പഞ്ചായത്ത് ഭരണസമിതി പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിലൂടെ 250 പേർ പദ്ധതിയുടെ ഭാഗമായി കൃഷി തുടങ്ങി. ഇവർ ഉൽപ്പാദിപ്പിക്കുന്ന മഞ്ഞൾ സംഭരിച്ച്, സംസ്‌കരിച്ച് വിപണിയിലെത്തിക്കുകയാണ് മലപ്പട്ടം സ്‌പൈസസ് കമ്പനി.

 

മഞ്ഞൾ പൊടി, വിത്ത്, ഉണക്കിയ മഞ്ഞൾ എന്നിങ്ങനെയാണ് വിൽപ്പന. ഓണത്തിന് 20 ക്വിന്റൽ മഞ്ഞൾ ആവശ്യക്കാരിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി 12 ക്വിന്റൽ ഉണക്കിയതും അഞ്ച് ക്വിന്റൽ പച്ച മഞ്ഞളും സംഭരിച്ചു കഴിഞ്ഞു. ബാക്കി സംഭരണം തുടരും. സഹകരണ ബാങ്കുകളുടെ ഓണകിറ്റുകൾ , ഓണച്ചന്ത, വിപണനമേളകൾ എന്നിവ വഴി അഞ്ച് ക്വിന്റൽ ഇതിനകം വിറ്റഴിച്ചു. പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരാണ് ഉൽപ്പന്നങ്ങളുടെ പാക്കിംഗ് നടത്തുന്നത്.

കൃഷി വകുപ്പിന് കീഴിലെ എസ്എഫ്എസിയുടെ സഹായത്താൽ സംസ്ഥാനത്ത് ആരംഭിച്ച 32 കമ്പനികളിൽ ഒന്നാണ് രണ്ട് വർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ മലപ്പട്ടം സ്പൈസസ്. അടുത്ത വർഷം കേരളത്തിന് പുറത്തേക്ക് കയറ്റുമതി ആരംഭിക്കുന്നതോടെ കൂടുതൽ വരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലപ്പട്ടത്തെ മഞ്ഞൾ കർഷകർ.

ജെ കെ /കോന്നി വാര്‍ത്ത ഡോട്ട് കോം