Trending Now

നെഹ്‌റു ട്രോഫി വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം ഓഗസ്റ്റ് 18 ന്

നെഹ്‌റു ട്രോഫി വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം ഓഗസ്റ്റ് 18 ന്

ആലപ്പുഴ: 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം ഓഗസ്റ്റ് 18 രാവിലെ 10-ന് പുന്നമട ഫിനിഷിംഗ് പോയിന്‍റില്‍ എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നിര്‍വഹിക്കും. വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

വഞ്ചിപ്പാട്ട് മത്സരം; വിധികര്‍ത്താക്കളെ ക്ഷണിച്ചു

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ചുള്ള വഞ്ചിപ്പാട്ട് മത്സരത്തില്‍ വിധികര്‍ത്താവാകാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വഞ്ചിപ്പാട്ട് മത്സരത്തില്‍ വിധികര്‍ത്താവായി പ്രവര്‍ത്തിച്ച് പരിചയമുള്ള മലയാള സാഹിത്യ ബിരുദധാരികളെയാണ് പരിഗണിക്കുന്നത്. അവസാന തിയതി ഓഗസ്റ്റ് 26. വിലാസം- എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആന്‍ഡ് കണ്‍വീനര്‍, എന്‍.ടി.ബി.ആര്‍.- 2018, ഇറിഗേഷന്‍ ഡിവിഷന്‍, മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാം നില ആലപ്പുഴ.

എവര്‍ റോളിംഗ് ട്രോഫികള്‍ തിരികെ എത്തിക്കണം

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളിയോടനുബന്ധിച്ച് കഴിഞ്ഞ തവണ നടത്തിയ വഞ്ചിപ്പാട്ട് മത്സരത്തില്‍ വിജയിച്ച ടീമുകള്‍ എവര്‍ റോളിംഗ് ട്രോഫികള്‍ ഓഗസ്റ്റ് 25-ന് മുന്‍പ് തിരികെ എത്തിക്കണമെന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനറായ ആലപ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിനു ബേബി അറിയിച്ചു.

ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിര്‍വശത്തുള്ള സിവില്‍ സ്റ്റേഷന്‍ അനക്സിന്‍റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസിലാണ് ട്രോഫികള്‍ എത്തിക്കേണ്ടത്.

നെഹ്റുട്രോഫി ജലോത്സവം; വഞ്ചിപ്പാട്ട് മത്സരത്തിന് 25 വരെ രജിസ്റ്റര്‍ ചെയ്യാം

ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി ജലോത്സവത്തിനു മുന്നോടിയായുള്ള വഞ്ചിപ്പാട്ട് മത്സരത്തിന്‍റെ രജിസ്ട്രേഷന്‍ ഈ മാസം 20ന് ആരംഭിക്കും. ടീമുകള്‍ക്ക് 25 വരെ ആലപ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാം.

വിദ്യാര്‍ഥി, വിദ്യാര്‍ഥിനി (ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍), ആറന്മുള ശൈലി പുരുഷവിഭാഗം, വെച്ചുപാട്ട് കുട്ടനാട് ശൈലി(വനിത, പുരുഷന്‍) എന്നീ വിഭാഗങ്ങളാണ് മത്സരം.

വനിത, പുരുഷ വിഭാഗങ്ങളിലും വിദ്യാര്‍ഥി വിദ്യാര്‍ഥിനി വിഭാഗത്തിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 ടീമുകളെ വീതം മാത്രമേ പങ്കെടുപ്പിക്കൂ. എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളെ ജൂനിയര്‍ വിഭാഗത്തിലും ഹയര്‍ സെക്കന്‍ഡറി, കോളജ് തലങ്ങളില്‍ പഠിക്കുന്നവരെ സീനിയര്‍ വിഭാഗത്തിലുമാണ് പരിഗണിക്കുക.

നെഹ്റു ട്രോഫി നിറച്ചാര്‍ത്ത് മത്സരങ്ങള്‍ ഓഗസ്റ്റ് 20ന്

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ‘നിറച്ചാര്‍ത്ത്’ മത്സരങ്ങള്‍ ഓഗസ്റ്റ് 20ന് രാവിലെ 10.30ന് ലിയോ തേര്‍ട്ടീന്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

നഴ്സറി-എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കളറിംഗ് മത്സരവും യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന(പെയിന്റിംഗ്) മത്സരവുമാണ് നടത്തുക. കളര്‍ പെന്‍സില്‍, ക്രയോണ്‍, എണ്ണച്ചായം, പേസ്റ്റല്‍സ്, ജലച്ചായം, പോസ്റ്റര്‍ കളര്‍ എന്നിങ്ങനെ ഏതു മാധ്യമവും ഉപയോഗിക്കാം.

എല്ലാ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കും.

കളറിംഗ് മത്സരത്തില്‍ ജില്ലയിലെ നേഴ്സറി, എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. നിറം നല്‍കാനുള്ള രേഖാചിത്രം സംഘാടകര്‍ നല്‍കും. മറ്റ് സാമഗ്രികള്‍ മത്സരാര്‍ഥികള്‍ കൊണ്ടുവരണം.ഒരു മണിക്കൂറാണ് മത്സര സമയം.

ചിത്രരചന (പെയിന്റിംഗ്) മത്സരത്തില്‍ ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. വരയ്ക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും. മറ്റ് സാമഗ്രികള്‍ മത്സരാര്‍ഥികള്‍ കൊണ്ടുവരണം. രണ്ടു മണിക്കൂറാണ് മത്സരസമയം.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്ന മൂന്നു സ്‌കൂളുകള്‍ക്ക് ട്രോഫി നല്‍കും. സമ്മാനം സ്വീകരിക്കാനെത്തുമ്പോള്‍ വിദ്യാര്‍ത്ഥിയാണെന്നുള്ള സ്‌കൂള്‍ അധികാരിയുടെ സാക്ഷ്യപത്രമോ ഐഡന്റിറ്റി കാര്‍ഡോ ഹാജരാക്കണം. ഫോണ്‍: 0477-2251349.

എന്താണ് ജവഹര്‍ലാല്‍ നെഹ്‌റുവും വള്ളംകളിയും തമ്മില്‍ ബന്ധം ?

എല്ലാവര്‍ഷവും ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമട കായലില്‍ നടത്തി വരുന്ന വള്ളം കളി മത്സരമാണ് നെഹ്‌റു ട്രോഫി വള്ളം കളി മത്സരം. 1952ല്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ കേരള സന്ദര്‍ശനത്തിനോട് അനുബന്ധിച്ചാണ് ആദ്യമായി കേരള സര്‍ക്കാര്‍ ചുണ്ടന്‍ വള്ളം കളി മത്സരം സംഘടിപ്പിച്ചത്.1952 ഡിസംബര്‍ 27 നായിരുന്നു ഇത്. അന്ന് സംഘടിപ്പിച്ച മത്സരത്തില്‍ ‘നടുഭാഗം ചുണ്ടന്‍ ‘ ആയിരുന്നു വിജയി ആയത്. വള്ളം കളിയുടെ അവസാനം ആവേശ ഭരിതനായ നെഹ്‌റു എല്ലാ സുരക്ഷാ സംവിധാനങ്ങളെയും അവഗണിച്ച് അദ്ദേഹം നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറി.തുടര്‍ന്ന് പ്രധാനമന്ത്രിയേയും കൊണ്ട് വള്ളം ബോട്ട് ജെട്ടിയിലേക്ക് നീങ്ങി. തുടര്‍ന്ന് ദല്‍ഹിയില്‍ തിരികെയെത്തിയ പ്രധാനമന്ത്രി വിജയികള്‍ക്ക് തടിയില്‍ തീര്‍ത്ത പീഠത്തില്‍ ഉറപ്പിച്ച വെള്ളികൊണ്ടുണ്ടാക്കിയ ഒരു വള്ളത്തിന്റെ രൂപം സമ്മാനമായി നല്‍കി.

‘തിരുകൊച്ചിയിലെ സാമൂഹിക ജിവിതത്തിന്റെ അടയാളമായ വള്ളംകളിയിലെ വിജയികള്‍ക്ക്.’ എന്ന് ആ ട്രോഫിയില്‍ എഴുതിയിരുന്നു. കൂടെ നെഹ്‌റുവിന്റെ കയ്യൊപ്പും ഇതില്‍ ഉണ്ടായിരുന്നു. ഇതാണ് പിന്നീട് ‘നെഹ്രുട്രോഫി ‘യായി മാറിയത്.

തുടക്കത്തില്‍ പ്രൈംമിനിസ്റ്റേഴ്‌സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. എന്നാല്‍ 1969 ജൂണ്‍ ഒന്നിനു കൂടിയ വള്ളംകളി സമിതി നെഹ്റുവിനോടുള്ള ആദരവ് സൂചകമായി കപ്പിന്റെ പേര് നെഹ്റു ട്രോഫി വള്ളംകളി എന്നാക്കിമാറ്റുകയായിരുന്നു.

error: Content is protected !!