പ്രത്യാശയുടേയും ആത്മസംതൃപ്തിയുടേയും നാളുകള്‍… ഭക്തിനിര്‍ഭരമായ 9 ദിവസങ്ങള്‍… ദുഷ്ടതയ്ക്കുമേല്‍ മഹാശക്തിയുടെ വിജയം… അനീതിക്കുമേല്‍ നീതിയുടെ വിജയം… അസുരന്മാരുടെമേല്‍ ദേവന്മാരുടെ വിജയം…തിന്മയുടെമേൽ നന്മയുടെ വിജയവുമായാണ് നവരാത്രി ആഘോഷിക്കുന്നത്. സ്ത്രീ ശക്തിയുടെ പ്രതീകമാണ്. അധർമ്മത്തെ അമർച്ച ചെയ്യാൻ രൗദ്രരൂപം പൂണ്ട ദേവിയുടെ അനുസ്മരണം കൂടിയാണ് നവരാത്രി.
നന്മയുടെയും ധനത്തിന്റെയും അറിവിന്റെയും സാന്നിധ്യമായാണ് നവരാത്രി മാഹാത്മ്യം നാം വാഴ്ത്തുന്നത്. മഹിഷാസുരവധം നടത്തി ലോകത്തിന് ശാന്തിയേകിയ ഉമാദേവിയെ സ്തുതിച്ചുകൊണ്ടാണ് നവരാത്രി ആഘോഷം ആരംഭിക്കുന്നത്. കന്നിമാസത്തിലെ കറുത്തവാവിനുശേഷം നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാകുന്നു. വടക്കേ ഇന്ത്യയിൽ ദുർഗ്ഗാപൂജയായും, രാംലീലയായും നവരാത്രി ആഘോഷം നടക്കാറുണ്ട്. നവരാത്രിദിനങ്ങളിലെ ആദ്യമൂന്നുദിവസം ദുർഗ്ഗാദേവിപൂജയ്ക്കും അടുത്ത മൂന്നുദിവസം ലക്ഷ്മീദേവിപൂജയ്ക്കും അവസാന മൂന്നുദിവസം സരസ്വതിദേവീ വന്ദനത്തിനും ഉത്തമമെന്നാണ് വിശ്വാസം. എങ്കിലും ഈ മൂന്നു ദേവികളെയും ഏകരൂപമായി ആദിശക്തിയായി പൂജിക്കണമെന്നും വിധിയുണ്ട്.നവരാത്രി വ്രതം അനുഷ്ടിച്ചാല്‍ സര്‍വ്വ വിഘ്നങ്ങളും മാറി ഐശ്വര്യം വരുമെന്നാണ് വിശ്വാസം.