Trending Now

ക്ഷീരമേഖലയില്‍ വിപ്ലവം സൃഷ്ടിക്കും : മന്ത്രി ജെ ചിഞ്ചുറാണി

ക്ഷീര വികസനമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ക്ഷീരവികസന മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ക്ഷീരമേഖലയിലും, അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്ന സമാനചിന്തയിലുള്ള കര്‍ഷകരെ ഒരുമിപ്പിച്ചു കൊണ്ട് ഗ്രൂപ്പുകളാക്കി രൂപീകരിച്ച ക്ഷീരശ്രീ സംയുക്ത ബാധ്യത ഗ്രൂപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം അടൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ജോലി ചെയ്തവരാണ് ക്ഷീരകര്‍ഷകര്‍. അത് സംസ്ഥാനത്തെ പാലുത്പാദനവര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. മലബാര്‍, എറണാകുളം മേഖലകളില്‍ പാലുത്പാദനത്തിന്റെ കാര്യത്തില്‍ ഏറെ ദൂരം മുന്നേറി. തിരുവനന്തപുരത്തേയും ആ രീതിയിലേക്ക് കൊണ്ടെത്തിക്കുകയാണ് ഇനി ലക്ഷ്യമിടുന്നത്.

 

 

തീറ്റച്ചിലവ് കര്‍ഷകരെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. അത് മുന്നില്‍ കണ്ടാണ് പച്ചപ്പുല്ല് വളര്‍ത്തുന്നതിന് 16000 രൂപ സംസ്ഥാന ഗവണ്മെന്റ് സബ്സിഡി നല്‍കുന്നത്. ഇപ്പോള്‍ നിലം ഏറ്റെടുത്ത് പച്ചപ്പുല്ല്, ചോളം എന്നിവ വളര്‍ത്താനുള്ള പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്. ക്ഷീര വികസനവകുപ്പിന്റെ നേതൃത്വത്തില്‍ പശുവിനെ കറക്കുന്നതിന് മികച്ച രീതിയില്‍ സ്ത്രീകള്‍ക്കും പരിശീലനം നല്‍കും. പാല്‍ കെട്ടി നിന്നുണ്ടാകുന്ന അകിട് വീക്കത്തില്‍ നിന്ന് രക്ഷനേടാന്‍ കന്നുകാലികള്‍ക്ക് ഇത് ഒരു പരിധി വരെ സഹായകരമാകും. മാത്രമല്ല, പാര്‍ശ്വഫലങ്ങളില്ലാതെ അകിട് വീക്കത്തിന് ആയുര്‍വേദമരുന്ന് നല്‍കാനുള്ള ആലോചനയും വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്നുണ്ട്.

 

മില്‍മ, ക്ഷീര, മൃഗസംരക്ഷണ വകുപ്പ് എന്നിവ ചേര്‍ന്ന് നിശ്ചിത തുക ക്ഷീര കര്‍ഷകര്‍ക്ക് വര്‍ഷം മുഴുവന്‍ സബ്‌സിഡി നല്‍കാന്‍ തീരുമാനിച്ചതായും ക്ഷീരദിനത്തില്‍ പതിനായിരം കര്‍ഷകര്‍ക്ക് ലോണ്‍ അനുവദിച്ചതായും മന്ത്രി അറിയിച്ചു. കന്നുകാലികളുടെ ചികിത്സയ്ക്ക് ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഒരു കോടി രൂപ മുതല്‍ മുടക്കി ടെലിവെറ്റിനറി യൂണിറ്റുകള്‍ ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. നാവം, കിരണ്‍ എന്നീ ഗ്രൂപ്പുകളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു.

പാലുല്‍പാദനത്തിന്റേയും മുട്ട ഉത്പാദനത്തിന്റേയും കാര്യത്തില്‍ സംസ്ഥാനം ഏറെ മുന്നേറിയെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. പാലുത്പാദനത്തില്‍ ഒന്നാം സ്ഥാനം പഞ്ചാബിനാണ്. കേരളം രണ്ടാം സ്ഥാനത്താണ്. കേരളത്തെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ആ ലക്ഷ്യം ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷീരശ്രീ സംയുക്ത ബാധ്യത ഗ്രൂപ്പ് -സാധ്യതകള്‍ എന്ന വിഷയത്തില്‍ ഡയറി ഡയറക്റ്ററേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ രാംഗോപാല്‍ സെമിനാര്‍ അവതരിപ്പിച്ചു. കേരളക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി പി ഉണ്ണികൃഷ്ണന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസിധരന്‍ പിള്ള, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി,  സിപിഐ ജില്ല സെക്രട്ടറി എ പി ജയന്‍, അടൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ കെ മഹേഷ് കുമാര്‍, ക്ഷീരവികസനവകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു, ക്ഷീര വികസന ബോര്‍ഡ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.