Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

ആര്‍ത്തവ ശുചിത്വ ക്യാമ്പയിനു തുടക്കമായി

അന്തര്‍ദേശീയ ആര്‍ത്തവ ശുചിത്വ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാമിഷനും നാഷണല്‍ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് ആക്ടിവിസ്റ്റുമായി സഹകരിച്ച് ആദിവാസി മേഖലയിലെ സ്ത്രീകള്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവകാല ശുചിത്വം എന്ന വിഷയത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന അവബോധ ക്യാമ്പയിനു തുടക്കം കുറിച്ചു. തുടര്‍ച്ചയായ ബോധവല്‍ക്കരണത്തിലൂടെ വനമേഖലയിലെ സ്ത്രീകളില്‍ ആര്‍ത്തവ കാലത്തെ ശുചിത്വം പാലിക്കപ്പെടുന്നതിനും ഇതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ ളാഹ മഞ്ഞത്തോട് ഊരില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ദേവന്‍ കെ. മേനോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. റാന്നി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഷാനി ഹമീദ് ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചുള്ള ക്ലാസ് നയിച്ചു.

കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.കെ. ഷാജഹാന്‍, നിഫാ സംസ്ഥാന പ്രസിഡന്റ് ഷിജിന്‍ വര്‍ഗീസ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്.ബി. ബീന, ഫോറസ്റ്റ് ഓഫീസര്‍ അനില്‍ കുമാര്‍, ശശികല വേണു, വിഘ്നേഷ് ബാലചന്ദ്രന്‍, അക്ഷജ സജി, കുഞ്ഞുമോള്‍, ചന്ദന, ശരത്, പി.എസ്. ഉത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അങ്കണവാടി പ്രവേശനോത്സവം – തേന്‍കണം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം 30ന്

വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള അങ്കണവാടികളിലെ കുട്ടികളുടെ പ്രവേശനോത്സവത്തിന്റെയും തേന്‍കണം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മേയ് 30ന് രാവിലെ 9.30ന് ഓതറ പഴയകാവ് അങ്കണവാടിയില്‍ നിര്‍വഹിക്കും. കുട്ടികളുടെ ശാരീരിക ബൗദ്ധിക വികാസത്തിനായി തേന്‍ നല്‍കുന്നതിനായി സംസ്ഥാന ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് തേന്‍കണം. സ്ത്രീകള്‍, കുട്ടികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവര്‍ക്കുള്ള അടിസ്ഥാന സേവനങ്ങള്‍ ലഭ്യമാക്കുന്ന സാമൂഹ്യ വിഭവ കേന്ദ്രങ്ങളായാണ് സംസ്ഥാനത്തെ 33115 അങ്കണവാടികള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ്. അയ്യര്‍ നിര്‍വഹിക്കും.

പ്രവേശനോത്സവ ഗാനം ഓഡിയോ പ്രകാശനം (29)
അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവത്തിന് മുന്നോടിയായി പ്രവേശനോത്സവ ഗാനം (29) ഉച്ചയ്ക്ക് 12.15ന് പത്തനംതിട്ട ഗവ ഗസ്റ്റ് ഹൗസില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്യും.

ജില്ലയിലെ നാലു വിദ്യാലയങ്ങളുടെ കെട്ടിടങ്ങളുടെ ഉദ്ഘാടനം മേയ് 30ന് മുഖ്യമന്ത്രി നിര്‍വഹിക്കും

 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ജില്ലയിലെ നാല് സ്‌കൂളുകളുടെ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ മേയ് 30ന് 3.30 ന് നിര്‍വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു റ്റി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോഴഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഗവണ്‍മെന്റ് എച്ച് എസ് എസ് തോട്ടക്കോണം, പൂഴിക്കാട് ജി.യു.പി.എസ്, മേപ്രാല്‍ ഗവണ്‍മെന്റ് സെന്റ് ജോണ്‍സ് എല്‍ പി എസ് എന്നീ വിദ്യാലയങ്ങളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് ജില്ലയില്‍ നടക്കുന്നത്.

ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന്

ജില്ലാ തല സ്‌കൂള്‍ പ്രവേശനോത്സവം ആറന്മുള ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂണ്‍ ഒന്നിന് രാവിലെ 10.15 ന് നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ബീനാ റാണി അറിയിച്ചു

സംരംഭകര്‍ക്ക് ബോധവല്‍കരണ ക്ലാസ്
2022- 23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി മൈലപ്ര പഞ്ചായത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകരെ കണ്ടെത്തുന്നതിനും ബാങ്ക് വായ്പ, സബ്‌സിഡി, ലോണ്‍, ലൈസന്‍സുകള്‍ എന്നിവയെപ്പറ്റിയുളള സംശയനിവാരണങ്ങള്‍ക്കുമായി ബോധവല്‍കരണ ക്ലാസ് മേയ് 30ന് രാവിലെ 10ന് മൈലപ്ര കൃഷിഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പഞ്ചായത്ത് പരിധിയില്‍ സംരംഭം തുടങ്ങാന്‍ താത്പര്യമുളളവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാം. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ നയിക്കുന്ന ക്ലാസിലേക്ക് പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ 9495327199 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം സൗജന്യം.

ക്വട്ടേഷന്‍
പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ലേസര്‍ പ്രിന്ററുകളുടെ ടോണര്‍ റീഫില്‍ ചെയ്യുന്നതിനും ടോണര്‍ മാറ്റി സ്ഥാപിക്കുന്നതിനും വേണ്ടി വാര്‍ഷിക അറ്റകുറ്റപ്പണി കരാറില്‍ ഏര്‍പ്പെടുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്രവച്ച കവറില്‍ തുക വെവേറെ രേഖപ്പെടുത്തി ജൂണ്‍ മൂന്നിന് വൈകിട്ട് മൂന്നിനു മുമ്പായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ നല്‍കണം.

ഞങ്ങളും കൃഷിയിലേക്ക്: പഞ്ചായത്ത്തല ഉദ്ഘാടനം
കേരള സര്‍ക്കാരിന്റെ രണ്ടാം 100ദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി. 14 -ാം വാര്‍ഡില്‍ നടന്ന പരിപാടി കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ആര്‍. മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, വാര്‍ഡ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
സംസ്ഥാനത്തെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നതിലേക്ക് നടപ്പാക്കുന്ന ലക്ഷ്യ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ പത്തിന് വൈകുന്നേരം അഞ്ചു വരെ. അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. നിലവിലെ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടിക്കാഴ്ച സമയത്ത് യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്.
പ്രായപരിധി 01-08-2022ല്‍ 20-36 വയസ്. പട്ടികജാതി വികസന വകുപ്പിന്റെ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്‌സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പിനായി വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. 30 പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നത്. ഇതില്‍ അഞ്ച് സീറ്റ് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് : 04712533272.

പ്രോത്സാഹന ധനസഹായ പദ്ധതിയുമായി വനം വകുപ്പ്
സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ഉത്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പാക്കുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, ഈട്ടി, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷ തൈകള്‍ നട്ടു വളര്‍ത്തുന്ന പദ്ധതിയാണിത്. അപേക്ഷാ ഫോമിനും വിശദാംശങ്ങള്‍ക്കുമായി എലിയറയ്ക്കലുളള സോഷ്യല്‍ ഫോറസ്ട്രി ഓഫീസില്‍ നിന്നോ www.keralaforest.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 30നകം പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0468 2243452.

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാഘോഷവും ഡ്രൈഡേയും
അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷത്തിന്റെ ഭാഗമായി ഔഷധ സസ്യത്തോട്ട നിര്‍മാണോദ്ഘാടനം പത്തനംതിട്ട നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ് നിര്‍വഹിച്ചു. നഗരസഭാ സെക്രട്ടറി ഷെര്‍ളാ ബീഗം, ജൈവവൈവിധ്യ പരിപാലന കമ്മിറ്റി അംഗങ്ങളായ ഇക്ബാല്‍ അത്തിമൂട്ടില്‍, ബിജി ജോസഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനീസ് പി മുഹമ്മദ്, ബിനു ജോര്‍ജ്, നഗരസഭ ഹരിത സഹായ സ്ഥാപനമായ ക്രിസ് ഗ്‌ളോബല്‍ ട്രേഡേഴ്‌സ് ജീവനക്കാര്‍, ശുചീകരണ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭയിലെ മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡ്രൈഡേയും ആചരിച്ചു.

ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു
ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി വടശേരിക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റ്റി.പി സൈനബ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ബാങ്ക് പ്രതിനിധികളും പങ്കെടുത്തു. ബാങ്ക് വായ്പ നടപടിക്രമങ്ങള്‍, ലൈസന്‍സ് നടപടി ക്രമങ്ങള്‍, സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍ എന്നിവയെക്കുറിച്ച് ക്ലാസുകള്‍ സംഘടിപ്പിച്ചു.

കൂടിക്കാഴ്ച ജൂണ്‍ ആറിന്
പത്തനംതിട്ട ജില്ലയിലെ റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പ്രീമെട്രിക് ഹോസ്റ്റലുകളായ ചിറ്റാര്‍ കടുമീന്‍ചിറ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ്, കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരുടെ കൂടിക്കാഴ്ച ജൂണ്‍ ആറിന് രാവിലെ 10.30ന് റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നടക്കും. വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്/മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു

error: Content is protected !!