konnivartha.com : ഭക്ഷ്യ സുരക്ഷാ വിഭാഗം ആരോഗ്യ വകുപ്പുമായി ചേര്‍ന്നു നടത്തിയ കമ്പൈന്റ് സ്ക്വാഡിലും കോന്നി നിയോജക മണ്ഡലത്തിലെ കോന്നി, കൂടല്‍,കൈപ്പട്ടൂര്‍, കലഞ്ഞൂര്‍, പ്രമാടം, വളളിക്കോട് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയ 7 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും വൃത്തിഹീനമായി കണ്ട സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഒരു സര്‍വയലന്‍സ് സാമ്പിളും 2 സ്റ്റാട്യൂട്ടറി സാമ്പിളുകളും ശേഖരിച്ചു. റാന്നി നിയോജക മണ്ഡലത്തിലെ സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാരമില്ലാത്ത 4 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസ് നല്കി. ഒരു കിലോ മുറിച്ചു വെച്ച പഴങ്ങള്‍ നശിപ്പിച്ചു.
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി കേരളത്തിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമായി തുടരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
ഇന്നലെയും ഇന്നുമായി 484 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 46 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 186 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 33 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 19 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.
കഴിഞ്ഞ 12 ദിവസങ്ങളിലായി സംസ്ഥാനവ്യാപകമായി 2857 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 263 കടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 962 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 367 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിക്കുകയും 212 സാമ്പിളുകൾ പരിശോധനയ്ക്കയക്കുകയും ചെയ്തു.
ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആകെ 419 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 6 സർവയലൻസ് സാമ്പിൾ ശേഖരിച്ചു. 55 കടകൾക്ക് നോട്ടീസ് നൽകി. ഉപയോഗ ശൂന്യമായ 378 പാൽ പാക്കറ്റുകൾ, 43 കിലോഗ്രാം പഴങ്ങൾ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 6565 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4372 പരിശോധനകളിൽ 2354 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 93 പേർക്ക് നോട്ടീസ് നൽകി. ശർക്കരയിൽ മായം കണ്ടെത്താനായി ആവിഷ്ക്കരിച്ച ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 595 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 147 സർവയലൻസ് സാമ്പിളുകൾ ശേഖരിച്ചു. 5 സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി.