പത്തനംതിട്ട : സ്റ്റേഡിയങ്ങൾ കായിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളു എന്ന സംസ്ഥാന സർക്കാർ നിയമം നിലനിൽക്കെയാണ് സംസ്ഥാന സർക്കാരിൻ്റെ വാർഷിക പരിപാടികൾക്കായി പത്തനംതിട്ടകെ.കെ. നായർ ജില്ല സ്റ്റേഡിയം ഉപയോഗിക്കുന്നതെന്ന് ജില്ല സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റ് സലിം പി. ചാക്കോ ആരോപിച്ചു.
പത്തനംതിട്ട നഗരസഭ, ജില്ല സ്പോർട്സ് കൗൺസിൽ ഭാരവാഹികൾക്ക് ഈ വിവരം അറിവുള്ളതാണ്.ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയമാണ് ഇരുകൂട്ടരുംസ്വീകരിച്ചിരിക്കുന്നത് . ഈ തീരുമാനം മറച്ച് വെച്ചാണ് അനുവാദം നൽകിയിരിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്നു.
കോറോണ വന്നതുമുലം കായികരംഗം കഴിഞ്ഞ മൂന്ന് വർഷമായി സജീവമല്ല. ഇപ്പോൾ കോറോണയുടെ ശമനം മൂലം ഈ അവധികാലം കായികരംഗം സജീവമാകേണ്ട സമയത്താണ് ജില്ല സ്റ്റേഡിയത്തിൻ്റെ ഈ ദുർഗതി. സ്റ്റേഡിയത്തിൽ വിവിധ കായിക ഇനങ്ങൾക്ക് അവധിക്കാല പരീശിലനങ്ങൾ നടക്കേണ്ട സമയത്താണ് സ്റ്റേഡിയം മുഴുവനായി സംസ്ഥാന സർക്കാരിൻ്റെ വാർഷികാഘോഷങ്ങൾക്കായി വിട്ട് കൊടുത്തിരിക്കുന്നത്.
സംസ്ഥാന ഭരണം ആരായാലും ഈക്കാര്യത്തിൽ ജില്ല സ്പോർട്സ് കൗൺസിൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതാണ്. ഇവർ അനങ്ങാപ്പാറ നയമാണ് ഈക്കാര്യത്തിൽ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
പത്തനംതിട്ട നഗരസഭയുടെ സ്റ്റേഡിയം ആണെങ്കിലും ട്രാക്ക് ഉൾപ്പടെയുള്ളതിൻ്റെ സംരക്ഷണം മുൻകാലങ്ങളിൽ ജില്ല സ്പോർട്സ് കൗൺസിലും ശ്രദ്ധിക്കുന്ന പതിവുണ്ട്. ഇപ്പോൾ ശ്രദ്ധയുമില്ല, സംരക്ഷണവുമില്ല .കഴിഞ്ഞ രണ്ട് മാസമായി പല പരിപാടികൾക്ക് സ്റ്റേഡിയം നൽകി . ട്രാക്ക് ഉൾപ്പടെ എല്ലാം നശിപ്പിച്ചു എന്ന് തന്നെ പറയാം. ആർക്കും എന്ത് ചെയ്യാം എന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്.
ജില്ല സ്പോർട്സ് കൗൺസിലിന് ഏറെ ഉത്തരവാദിത്വം ഇക്കാര്യങ്ങളിൽ ഉണ്ട്. സ്‌റ്റേഡിയം കൺമുന്നിൽ നശിക്കുന്നത് കണ്ടിട്ടും ഇതിനെല്ലാം ഒത്താശ ചെയ്ത് കൊടുക്കുകയാണ് ഇവർ ചെയ്യുന്നത്.കായികരംഗത്തെ പോരാമായ്മകൾപരിഹരിക്കാൻ ഇടപെടേണ്ടവരാണ് ജില്ല സ്പോർട്സ് കൗൺസിൽ. സ്റ്റേഡിയം നശീക്കരണത്തിന് ഒത്താശചെയ്ത്കൊടുക്കുകയാണ് ഇവരുടെ ഇപ്പോഴത്തെ ജോലി. അവധികാല പരീശീലനം നടത്തേണ്ട സമയം മുൻകൂട്ടി തീരുമാനം എടുത്തിട്ടുള്ളതാണ്. പക്ഷെ കടലാസ്സ് പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. തട്ടിക്കൂട്ട് ക്യാമ്പുകൾ നടത്തുകയാണ് ഇപ്പോഴത്തെ സ്ഥിതി.
ശബരിമല സീസൺ അല്ലാത്തതു കൊണ്ട് ശബരിമല ഇടത്താവളത്തിൽ സംസ്ഥാന സർക്കാർ വാർഷികാഘോഷം നടത്താൻകഴിയുമായിരുന്നല്ലോ ! എന്തുകൊണ്ട് ബന്ധപ്പെട്ടവർ അതിന് ശ്രമിച്ചില്ല. സ്റ്റേഡിയം നശിപ്പിച്ചു കൊണ്ട് മാത്രമേ സംസ്ഥാന സർക്കാർ വാർഷികാഘോഷം നടത്തുള്ളു എന്നാണ് ചിലരുടെ തീരുമാനം !
ഇതിന് ഒത്താശ ചെയ്ത് കൊടുക്കലാണ് മന്ത്രിയും, നഗരസഭയും, ജില്ലാ സ്പോർട്സ് കൗൺസിലും ചെയ്യുന്നത്. നഗരസഭ ചെയർപേഴ്സണൻ്റെയും ,ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റിൻ്റെയും ഇന്നത്തെ പത്രവാർത്തകൾ കണ്ടാൽ കാര്യങ്ങൾ വ്യക്തമാണ്.നിലവിലുള്ള ട്രാക്ക് സംരക്ഷിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാതെ വാചക കസർത്താണ് ഇവർ നടത്തുന്നത്.
വാൽകഷണം :
ശബരിമല ഇടത്താവളത്തിലെ ചപ്പുചവറുകൾ നീക്കം ചെയ്യൂ എന്നിട്ടാകാം വാചക കസർത്ത്.
സലിം പി. ചാക്കോ .
( സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗം , ജില്ല സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റ്, ജില്ല സ്പോർട്സ് കൗൺസിൽ മുൻ വൈസ് പ്രസിഡൻ്റ്, സംസ്ഥാന യുവജനക്ഷേമ ബോർഡ് മുൻ അംഗം)