Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെയും 15 സബ് രജിസ്ട്രാര്‍ ഓഫീസുകളിലെയും 2023 മാര്‍ച്ച് 31 വരെ പ്രിന്റര്‍ കാട്രിഡ്ജുകള്‍ റീഫില്‍ ചെയ്തു നല്‍കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 16 ന് ഉച്ചയ്ക്ക് മൂന്നു വരെ. വിലാസം: ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, കണ്ണങ്കര,പത്തനംതിട്ട, പിന്‍ -689 645, ഫോണ്‍ : 0468 2223105.

പ്രീമെട്രിക് ഹോസ്റ്റല്‍ അഡ്മിഷന്‍

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട കല്ലറകടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2022-23 അധ്യയന വര്‍ഷം അഞ്ചു മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. പട്ടികജാതി വിഭാഗം, പട്ടിക വര്‍ഗ വിഭാഗം, പിന്നോക്ക വിഭാഗം ,ജനറല്‍ വിഭാഗം എന്നിവയിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. എല്ലാ ആധുനിക, അടിസ്ഥാന സൗകര്യങ്ങളുമുള്ളതാണ് ഹോസ്റ്റല്‍. പഠന നിലവാരം ഉയര്‍ത്തുന്നതിനായി എല്ലാ വിഷയങ്ങള്‍ക്കും ഹോസ്റ്റലില്‍ പ്രത്യേക അധ്യാപകരുടെ സേവനം, എല്ലാ ദിവസവും ട്യൂഷന്‍ സംവിധാനം, ലൈബ്രറി സേവനം, രാത്രികാല പഠനത്തിനും സംരക്ഷണത്തിനുമായി റസിഡന്റ് ട്യൂട്ടറുടെ സേവനം, ശാരീരിക ആരോഗ്യ സംരക്ഷണത്തിനുള്ള കായിക ഉപകരണങ്ങള്‍, മാനസിക ആരോഗ്യ സംരക്ഷണത്തിനുള്ള കൗണ്‍സിലിങ്, മെനു അനുസൃതമായ സമീകൃത ആഹാരം, സ്‌കൂള്‍, ഹോസ്റ്റല്‍ യൂണിഫോമുകള്‍, കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധന എന്നീ സൗകര്യങ്ങളുണ്ടാകും. കൂടാതെ, പോക്കറ്റ്മണി, സ്റ്റേഷനറി സാധനങ്ങള്‍, യാത്രക്കൂലി എന്നിവക്ക് മാസം തോറും നിശ്ചിതതുകയും അനുവദിക്കും. കോവിഡ് 19 പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചാണ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍-9544788310,8547630042. ഇ-മെയില്‍ þ[email protected]

 

ഡിജിറ്റല്‍ സര്‍വേ : വില്ലേജ്തല സമിതികള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്ന് ജില്ലാ കളക്ടര്‍

വില്ലേജ്തല സമിതികള്‍ ഡിജിറ്റല്‍ സര്‍വേ ക്രമക്കേടുകളില്ലാതെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേയുടെ ആവശ്യകതയും പ്രാധാന്യവും മുന്നില്‍ കണ്ട് ജില്ലയിലെ വില്ലേജ് ഓഫീസര്‍മാര്‍ക്ക് കളക്ട്രേറ്റില്‍ ഏകദിന പരിശീലനത്തിനായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. സര്‍വേ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല വില്ലേജ്തല സമിതികള്‍ക്കാണെന്നും കളക്ടര്‍ പറഞ്ഞു.

 

സാങ്കേതികമായ പ്രശ്നങ്ങളെ നേരിടുവാനും ഇത്തരത്തിലെ സര്‍വേയുടെ പ്രാധാന്യത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗവുമായിട്ടാണ് പരിശീലനം ക്രമീകരിച്ചത്. ജില്ലയിലെ റാന്നി, കോന്നി, കോഴഞ്ചേരി താലൂക്കുകളിലായി 12 വില്ലേജിലാണ് പ്രാഥമിക ഘട്ടത്തില്‍ ഡിജിറ്റല്‍ സര്‍വേ നടക്കുന്നത്. റവന്യൂ വകുപ്പിന്റെ മുഖമുദ്രയാണ് ഡിജിറ്റല്‍ സര്‍വേ. വരുന്ന നാലു വര്‍ഷംകൊണ്ട് 1550 വില്ലേജുകളിലും ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിക്കണമെന്നുള്ളതാണ് സര്‍ക്കാര്‍ ലക്ഷ്യംവെയ്ക്കുന്നത്. ഇതിനായി 803 കോടി 27 ലക്ഷം രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ജില്ലയില്‍ സര്‍വേയ്ക്ക് സഹായകരമാകുന്ന രണ്ട് കോര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നുണ്ട്. കോഴഞ്ചേരിയിലും ഗവിയിലുമാണ് സ്റ്റേഷന്‍. ഇതില്‍ കോഴഞ്ചേരിയിലെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുവാന്‍ സാധിക്കുമെന്ന് സര്‍വേ വിഭാഗം വിലയിരുത്തി.റവന്യൂ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (റീലിസ്), പാക്കേജ് ഫോര്‍ ഇഫക്ടീവ് അഡ്മിനിസ്ട്രേഷന്‍ ഓഫ് രജിസ്ട്രേഷന്‍ ലാന്‍ഡ്, ഇഫക്ടീവ് മാപ്പിംഗ് ആപ്ലിക്കേഷന്‍ പാക്കേജ് ഫോര്‍ സര്‍വയേഴ്സ് എന്നിവയുടെ ഏകോപനം വഴി റവന്യൂ, രജിസ്ട്രേഷന്‍, സര്‍വേ സേവനങ്ങള്‍ ഒരുമിച്ചു ലഭ്യമാകുമെന്നതും ഭൂമി സംബന്ധിച്ച വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാകുന്നതിന് സര്‍വേ ഗുണകരമായതിനാല്‍ പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടരുതെന്നും സര്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

സര്‍വേ ഭൂരേഖ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഡ്രോണ്‍ ഉപയോഗിച്ച് ഓമല്ലൂര്‍ വില്ലേജില്‍ ഡ്രോണ്‍ സര്‍വേയുടെ ഉദ്ഘാടനം നടന്നിരുന്നു. ജില്ലയിലെ ഡിജിറ്റല്‍ സര്‍വേയുടെ പ്രാരംഭ ഘട്ടമായാണ് ഡ്രോണ്‍ സര്‍വേ നടത്തുന്നത്. ഡ്രോണ്‍ സര്‍വേയുടെ പ്രധാന ഗുണം ഭൂമി സംബന്ധമായ രേഖകള്‍ക്ക് കൃത്യതയും സുതാര്യതയും ഉണ്ടാകുമെന്നതാണ്. അടൂര്‍ റീസര്‍വേ സൂപ്രണ്ട് വൈ. റോയ്മോന്‍ വിഷയാവതരണം നടത്തി. സര്‍വേ അസി.ഡയറക്ടര്‍ പ്രഭാമണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.ജ്യോതി, ജില്ലാ സര്‍വേ സൂപ്രണ്ട് റ്റി.പി സുദര്‍ശനന്‍, റീസര്‍വേ നം2 സൂപ്രണ്ട് കെ.കെ.അനില്‍കുമാര്‍, സര്‍വേ നടക്കുന്ന താലൂക്കിലെ തഹസീല്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും സര്‍വേയിലെ വിവിധ ഉദ്യോഗസ്ഥരും പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

 

ലൈസന്‍സ് റദ്ദാക്കും

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കച്ചവടസ്ഥാപനങ്ങളും നിര്‍ബന്ധമായും ഗ്രാമപഞ്ചായത്ത് ലൈസന്‍സോടുകൂടി മാത്രം പ്രവര്‍ത്തനം നടത്തേണ്ടതാണെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹോട്ടലുകള്‍,ബേക്കറികള്‍,ഫാസ്റ്റ് ഫുഡ് വില്‍പ്പനകേന്ദ്രങ്ങള്‍, ആഹാരം പാകം ചെയ്തും അല്ലാതെയും വില്‍പ്പന നടത്തുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവ അടിയന്തിരമായി പഞ്ചായത്ത് ലൈസന്‍സ് നേടണം. ശുചിത്വം ഇല്ലാതെയും പഴകിയതും ഗുണനിലവാരം ഇല്ലാത്തതും,ആരോഗ്യത്തിന് ഹാനികരവുമായ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതും പ്രവര്‍ത്തനം അടിയന്തിരമായി അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2362037

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാംഘട്ട കുടിവെള്ള പദ്ധതി :
നിര്‍മാണോദ്ഘാടനം മെയ് ഏഴിന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് നിര്‍വഹിക്കും

ജലജീവന്‍ മിഷന്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാംഘട്ട കുടിവെള്ള പദ്ധതി നിര്‍മാണോദ്ഘാടനം മെയ് ഏഴിന് വൈകിട്ട് മൂന്നിന് വള്ളംകുളം നാഷണല്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് നിര്‍വഹിക്കും.

 

ജില്ലയിലെ ആറന്മുള നിയോജകമണ്ഡലത്തിലെ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനായി ജലജീവന്‍മിഷന്‍ മുഖേന 2021-22 സാമ്പത്തിക വര്‍ഷം 41.51 കോടി രൂപ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ഇതിന്റെ ഒന്നാം ഘട്ടമായി 12,13,14,15 വാര്‍ഡുകളിലെ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിന് 6.58 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ കരാര്‍ ഉറപ്പിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ ഈ വാര്‍ഡുകളിലെ എല്ലാ കുടുംബങ്ങള്‍ക്കും ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ ലഭിക്കും.
ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരന്‍പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. തിരുവിതാംകൂര്‍ പ്രസിഡന്റ് കെ.അനന്തഗോപന്‍ മുഖ്യപ്രഭാഷണം നടത്തും.

 

ടെന്‍ഡര്‍ ക്ഷണിച്ചു

മെഡിക്കല്‍ ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുള്ള പന്തളം നഗരസഭയിലെ ജനകീയാസൂത്രണം പാലിയേറ്റീവ് കെയര്‍ പ്രോജക്ടടിന്റെ ഭാഗമായി ഹോംകെയര്‍ ടീമിന് ഭവനസന്ദര്‍ശനം നടത്തുന്നതിനായി വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മെയ് 11 ന് ഉച്ചയ്ക്ക് രണ്ടിന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍ : 9895852356.

 

മെഡിസിപ്പിന് അപേക്ഷിക്കാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുളള മെഡിസിപ്പ് പദ്ധതിയില്‍ അംഗമാകുന്നതിന് അപേക്ഷിക്കാം. പെന്‍ഷന്‍ കൈപ്പറ്റുന്ന ട്രഷറിയിലാണ് പെന്‍ഷന്‍ സമര്‍പ്പിക്കേണ്ടത്. ട്രഷറിയില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ പെന്‍ഷന്‍ കൈപ്പറ്റുന്ന ട്രഷറി/ബാങ്ക് ഇവയുടെ പേര് രേഖപ്പെടുത്തി അപേക്ഷയും അനുബന്ധ രേഖകളും ട്രഷറികളുടെ മെയില്‍ ഐ.ഡിയിലേക്ക് അയക്കാവുന്നതാണെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04682222402.

 

അപേക്ഷ ക്ഷണിച്ചു

അടൂര്‍ ഗവ. പോളിടെക്നിക്ക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രം മുഖേന ആരംഭിക്കുന്ന ഡി.സി.എ, എസ്.എം.എ.ഡബ്ല്യൂ ടിഗ് ആന്റ് മിഗ് വെല്‍ഡിംഗ് കോഴ്സ്, അലുമിനിയം ഫാബ്രിക്കേഷന്‍ ആന്റ് കോമ്പസിറ്റ് പാനലിംഗ്, ഓട്ടോകാഡ്, ടോട്ടല്‍ സ്റ്റേഷന്‍ എന്നീ ഹ്രസ്വകാല ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 04734 231776, 9946599947.

 

ജില്ലയില്‍ നഴ്‌സസ് വാരാഘോഷത്തിന് തുടക്കമായി

നഴ്‌സസ് വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജില്‍ നടന്ന ചടങ്ങില്‍ ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിത കുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സി.എസ്. നന്ദിനി, മുത്തൂറ്റ് ആശുപത്രി സൂപ്രണ്ട് ഡോ. ചെറിയാന്‍ മാത്യു, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് ജോണ്‍, വാര്‍ഡ് മെമ്പര്‍ ഗീതാ മുരളി, കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിന്നി മേരി മാമ്മന്‍, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് വി. സുഷ, ഡെപ്യുട്ടി നഴ്‌സിംഗ് സൂപ്രണ്ട് എന്‍. സുമ, കെജിഎന്‍എ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പര്‍ എം.റ്റി. സുധ, കെജിഎന്‍യു ജില്ലാ പ്രസിഡന്റ് ജയാ ജെസി മാമ്മന്‍, സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ മുത്തൂറ്റ് ആശുപത്രി എലിസമ്മാ ടോമിച്ചന്‍, കെജിഎസ്എന്‍എ ജില്ലാ പ്രസിഡന്റ് നൗഫി നജീബ് എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം ജില്ലാതല ആഘോഷം: വിളംബര ഘോഷയാത്ര (7)
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിനു മുന്നോടിയായി നടത്തുന്ന വിളംബര ഘോഷയാത്ര ഇന്ന്(7) ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ ആരോഗ്യ-കുടുംബക്ഷേമ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്യും. ഡെപ്യുട്ടി സ്പീക്കര്‍, എംപി, എംഎല്‍എമാര്‍, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ കലാരൂപങ്ങള്‍ വിളംബര ഘോഷയാത്രയെ ആകര്‍ഷകമാക്കും. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നു തുടങ്ങുന്ന ഘോഷയാത്ര ജനറല്‍ ആശുപത്രിക്കു മുന്നിലൂടെ ഗാന്ധി സ്‌ക്വയര്‍ വഴി അബാന്‍ ജംഗ്ഷനിലെത്തി നഗരസഭ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. ജില്ലാതല വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേള മേയ് 11 മുതല്‍ 17 വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും.

വിളംബര ഘോഷയാത്ര: സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനം

വിളംബര ഘോഷയാത്രയില്‍ മികച്ച രീതിയില്‍ അണിനിരക്കുന്ന മൂന്നു വകുപ്പുകള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനം നല്‍കും. പത്തനംതിട്ട പ്രസ് ക്ലബ് അംഗങ്ങള്‍ അടങ്ങിയ സ്വതന്ത്ര പാനല്‍ ഘോഷയാത്രയെ വിലയിരുത്തി മികച്ച രീതിയില്‍ അണിനിരക്കുന്ന മൂന്നു വകുപ്പുകളെ കണ്ടെത്തും.

error: Content is protected !!