Trending Now

ഷെഹബാസ് ഷെരീഫ് പാകിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രി

 

പാകിസ്ഥാന്‍റെ ഇരുപത്തിമൂന്നാമത് പ്രധാനമന്ത്രിയായി ഷെഹബാസ് ഷെരീഫിനെ പാകിസ്ഥാൻ ദേശീയ അസംബ്ലി തെരഞ്ഞെടുത്തു. പാകിസ്ഥാൻ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇമ്രാൻ ഖാനെതിരെ സഭ ചേർന്ന് അവിശ്വാസപ്രമേയം ചർച്ച ചെയ്ത് വോട്ടിനിടുകയും ഇമ്രാൻ ഖാനെ പുറത്താക്കുകയും ചെയ്തതോടെയാണ് പുതിയ പ്രധാനമന്ത്രിയെ സഭ ചേർന്ന് തെരഞ്ഞെടുത്തത്.

സർദാർ അയസ് സാദിഖിന്‍റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ നിന്ന് ഇമ്രാൻ ഖാൻ അനുകൂലികൾ വിട്ടു നിന്നു. ഷെഹബാസ് ഷെരീഫ് മാത്രമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നതെന്നും ശ്രദ്ധേയമായി. പാകിസ്ഥാൻ മുസ്ലീം ലീഗ് നവാസിന്‍റെ അധ്യക്ഷനും മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ സഹോദരനുമാണ് ഷെഹബാസ് ഷെരീഫ്.

ഇമ്രാൻ സർക്കാരിനെ താഴെയിറക്കാനുള്ള ചരടുവലികൾ നടത്തിയത് ഷെഹബാസ് ഷെരീഫ് ആണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിലെ അംഗങ്ങൾ എല്ലാം രാജി സമർപ്പിച്ചു. ഇതിന് ശേഷമാണ് ഇവർ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്.