സർക്കാർ നിശ്ചയിച്ച പ്രതിമാസ വേതനം തങ്ങൾക്കു തൃപ്തികരമല്ലെന്ന് നഴ്സുമാരുടെ സംഘടന അറിയിച്ചു. വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക് 20806 രൂപ പ്രതിമാസ വേതനം നൽകുന്ന തരത്തിലാണ് ഉത്തരവിറക്കിയത്. സമരം നടത്തുന്ന നഴ്സുമാരെ കുറഞ്ഞ വേതനം നിശ്ചയിച്ചതിലൂടെ സർക്കാർ വഞ്ചിക്കുകയായിരുന്നെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ആരോപിച്ചു.
ശമ്പള വർധന ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ എന്നീ സംഘടനകൾ നടത്തിവരുന്ന പ്രതിഷേധസമരവുമായി ബന്ധപ്പെട്ട് ഇന്നലെ തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണന്റെ ചേംബറിൽ ചർച്ച നടത്തിയിരുന്നു. ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞ മാസം 28 മുതൽ ജില്ലാ കേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കലുമായി ഇരുസംഘടനകളും സമരം നടത്തിവരികയാണ്.