Trending Now

തെളിനീരൊഴുകും നവകേരളം പ്രചാരണ പരിപാടിക്ക് തുടക്കമായി

തെളിനീരൊഴുകും നവകേരളം പരിപാടിയുടെ പ്രചരണ ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി  നിര്‍വഹിച്ചു. സെക്രട്ടറിയേറ്റ് അനെക്‌സ് രണ്ടിലെ ശ്രുതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നവകേരളം കര്‍മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി എന്‍ സീമ അധ്യക്ഷത വഹിച്ചു.
ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്‌കരന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ കില ഡയറക്ടര്‍ ജോയ് ഇളമണ്‍ ലോഗോ പ്രകാശനവും ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് വിജു മോഹന്‍ ബ്രോഷര്‍ പ്രകാശനവും നിര്‍വഹിച്ചു. പട്ടം ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനി അതീത സുധീര്‍ മാസ്‌കട്ട് പ്രകാശനം നിര്‍വഹിച്ചു. പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജ്യോത്സന മോള്‍ നന്ദി അറിയിച്ചു.

 

സംസ്ഥാനത്തെ എല്ലാത്തരം ജലസ്രോതസുകളെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനും വൃത്തിയോടെയും ശുചിത്വത്തോടെയും നിലനിര്‍ത്തുന്നതിനുമായി ‘തെളിനീരൊഴുകും നവകേരളം’ എന്ന പേരില്‍ ഒരു ബൃഹത്ത് ക്യാമ്പയിന്‍ നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമായി ‘ഇനി ഞാന്‍ ഒഴുകട്ടെ’ എന്ന പരിപാടിയുടെ തുടര്‍ച്ചയായാണ്   സംഘടിപ്പിക്കുന്നത്. മാര്‍ച്ച്  22-  ലോക ജലദിനത്തില്‍ പൊതുജനപങ്കാളിത്തത്തോടെ സംസ്ഥാനത്തെ വിവിധ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍  തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മേല്‍ നോട്ടത്തില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍, ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും പങ്കാളിത്തത്തോടെ, വിവിധ വകുപ്പുകളുടെ സഹകരണത്തിലാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.

 

 

വീടുകളിലും സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും മലിന ജല സംസ്‌ക്കരണത്തിനും, കക്കൂസ് മാലിന്യ നിര്‍മാര്‍ജനത്തിനും, ഖരമാലിന്യ സംസ്‌ക്കരണത്തിനും ശാസ്ത്രീയ സംവിധാനങ്ങളൊരുക്കി

 

ജലസ്രോതസുകളിലേക്കുളള മാലിന്യ നിക്ഷേപം ഇല്ലാതാക്കി ജലശുചിത്വത്തില്‍  സുസ്ഥിരത കൈവരിക്കുക, അതിലൂടെ ഖര-ദ്രവ മാലിന്യ പരിപാലനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമ്പൂര്‍ണ ശുചിത്വ പദവിയിലെത്തിക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പരിധിയിലെ ജലസ്രോതസുകളിലെ മലിനീകരിക്കപ്പെട്ട ഇടങ്ങള്‍ കണ്ടെത്തുക, മലിനകാരികളായ ഉറവിടങ്ങള്‍ കണ്ടെത്തി പട്ടികപ്പെടുത്തുക, ഇതിന്റെ അടിസ്ഥാനത്തില്‍ ജനകീയ പങ്കാളിത്തത്തോടെ മലിനകാരകളായ ഉറവിടങ്ങളെ നീക്കം ചെയ്ത് ശാസ്ത്രീയ ദ്രവമാലിന്യ, സംസ്‌കരണ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുക, സമ്പൂര്‍ണ ജലശുചീകരണ യജ്ഞത്തിലൂടെ ജലസ്രോതസുകളുടെ വൃത്തിയും ശുചിത്വവും നിലനിര്‍ത്തുക, വാതില്‍പ്പടി പാഴ് വസ്തു ശേഖരണം കാര്യക്ഷമമാക്കിയും ശാസ്ത്രീയമായ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ എല്ലാ തലങ്ങളിലൊരുക്കിയും ജലസ്രോതസുകളിലേക്ക് മാലിന്യം എത്തുന്നത് തടയുക. ജലസ്രോതസുകളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുക, തീവ്ര വിവര വിജ്ഞാന വ്യാപന ക്യാമ്പയിനിലൂടെ ‘ജലസ്രോതസുകള്‍ നമ്മുടേതാണ് അത് മാലിന്യ മുക്തമാക്കി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്’ എന്ന സന്ദേശം പൊതുജന മധ്യത്തിലെത്തിക്കുക എന്നിവയാണ് ക്യാമ്പയിനിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍.