Trending Now

സര്‍ക്കാര്‍ വഞ്ചനയില്‍ പ്രതിക്ഷേധിച്ച് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരുടെ പ്രതിക്ഷേധ ധര്‍ണ്ണ

 

KONNIVARTHA.COM :കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പോപ്പുലര്‍ ഫിനാന്‍സില്‍ ചെറുതും വലുതുമായി നിക്ഷേപം നടത്തിയവരുടെ പണം പ്രത്യേക നിയമ പ്രകാരം ഉടന്‍ മടക്കി നല്‍കുവാന്‍ സര്‍ക്കാര്‍ തയാറാകണം എന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേകരുടെ വലിയ കൂട്ടായ്മയായ പി എഫ് ഡിഎ യുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു .

 

മാര്‍ച്ച് പതിനാലിന് പ്രതിപക്ഷ നേതാവ് ധര്‍ണ്ണയില്‍ സംസാരിക്കും . പതിനായിരക്കണക്കിനു നിക്ഷേപകരെ സംഘടിപ്പിച്ചുള്ള വലിയൊരു മാര്‍ച്ചും ധര്‍ണ്ണയും ആണ് സംഘടന ആലോചിക്കുന്നത് .

രണ്ടായിരം കോടിയിലേറെ നിക്ഷേപക തുക തട്ടിയ പോപ്പുലര്‍ ഉടമകള്‍ നിലവില്‍ നിയമത്തിന്‍റെ പിടിയില്‍ ആണെങ്കിലും സി ബി ഐ ,ഇ ടി അന്വേഷണം തുടങ്ങിയിടത്ത് തന്നെയാണ് . കേരള പോലീസ് അന്വേഷിച്ചു കണ്ടെത്തിയതില്‍ കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താന്‍ കേന്ദ്ര അന്വേഷണ സംഘത്തിനു കഴിഞ്ഞില്ല . പോപ്പുലര്‍ ഗ്രൂപ്പിന് ഉണ്ടായിരുന്ന പതിനഞ്ചു വാഹനം മാത്രം ആണ് വാഹന ഇനത്തില്‍ കണ്ടെത്തിയത് .എന്നാല്‍ അതില്‍ കൂടുതല്‍ വാഹനം ഉള്ളതായി അന്വേഷണ സംഘം മനസ്സിലാക്കിയിട്ടുണ്ട് .

വകയാറിലെ ഹെഡ് ഓഫീസ് , വകയാറിലെ വീടും സ്ഥലവും , വകയാറിലെ മറ്റൊരു കെട്ടിടം സ്ഥലം ,ചിലയിടങ്ങളിലെ ഫ്ലാറ്റ് , അന്യ സംസ്ഥാനത്ത് ഉള്ള വസ്തുക്കള്‍ എന്നിവ മാത്രം ആണ് കണ്ടെത്തിയത് .കേരളത്തിലെ 256 ബ്രാഞ്ചുകളില്‍ നടന്ന പരിശോധയില്‍ കൂടുതലായി പണമോ സ്വര്‍ണ്ണമോ കണ്ടെത്തിയില്ല .കണ്ടെത്തിയവ ട്രഷറി ലോക്കറില്‍ സൂക്ഷിച്ചു .

 

പ്രത്യേക സാമ്പത്തിക നിയമം അനുസരിച്ച് തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ മുന്‍ കയ്യെടുത്ത് മുന്‍ കൂട്ടി നിക്ഷേപക തുക മടക്കി നല്‍കണം എന്നാണ് ആവശ്യം . പോപ്പുലര്‍ ഫിനാന്‍സ് കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ മെല്ലെ പോക്ക് ചൂണ്ടി കാട്ടി നിക്ഷേപക കൂട്ടയ്മ പല പ്രാവശ്യം സമരം നടത്തി എങ്കിലും നടപടികള്‍ വേഗതിലായില്ല .ഇതിനെ തുടര്‍ന്നാണ്‌ കൂടിയാലോചനകള്‍ക്ക് ശേഷം സെക്രട്ടറിയേറ്റിലേക്ക് വമ്പിച്ച മാര്‍ച്ചും ധര്‍ണ്ണയും നടത്തുവാന്‍ പി എഫ് ഡിഎ തീരുമാനിച്ചത് . ഈ മാസം എട്ടിന് നടത്തുവാന്‍ ആയിരുന്നു ആലോചന എങ്കിലും പ്രതിപക്ഷ നേതാവിന്‍റെ കൂടി സമയം കണ്ടെത്തിയാണ് മാര്‍ച്ച് പതിനാലിന് സമരം നടത്തുവാന്‍ തീരുമാനിച്ചത്  എന്ന് സംഘടന സംസ്ഥാന അധ്യക്ഷന്‍ സി എസ് നായര്‍ ” കോന്നി വാര്‍ത്ത “ഡോട്ട് കോമിനോട് പറഞ്ഞു .

 

പോപ്പുലര്‍ ഫിനാന്‍സ് ഉടമകളായ അഞ്ചു പേരില്‍ മാത്രം അന്വേഷണം ചുരുങ്ങി . വിദേശ ബന്ധങ്ങള്‍ അന്വേഷിക്കാന്‍ ചുമതലയുള്ള സി ബി ഐ ചിലരെ നേരില്‍ കണ്ടു ചോദ്യം ചെയ്തു എങ്കിലും വിദേശത്തേക്ക് കടത്തി എന്ന് പറയുന്ന കോടികളുടെ സാമ്പത്തിക വിനിമയം സംബന്ധിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല എന്ന് അറിയുന്നു . കോന്നി വകയാറില്‍ ഉള്ള ചില ബിനാമികളുടെ പേരുകള്‍ തുടക്കം മുതല്‍ പറഞ്ഞു കേള്‍ക്കുന്നു .അവര്‍ അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിന് ഉള്ളില്‍ തന്നെ ആണ് . ഇവരെ കൃത്യമായി ചോദ്യം ചെയ്‌താല്‍ ഏറെക്കുറെ വിനിമയം സംബന്ധിച്ച് കണ്ടെത്താന്‍ കഴിയും .

 

വകയാര്‍ ഹെഡ് ഓഫീസ് അറിയാതെ ഒരു രൂപാ പോലും മറ്റു ഇടങ്ങളില്‍ പോകില്ല . വകയാര്‍ ഹെഡ് ഓഫീസില്‍ ജോലി ചെയ്തിരുന്ന ഉന്നത ജീവനകാരെ ഉടന്‍ ചോദ്യം ചെയ്യണം എന്നാണു നിക്ഷേപകരുടെ ആവശ്യം . കോടികളുടെ നിക്ഷേപക തട്ടിപ്പ് കണ്ടെത്തി എങ്കിലും നിക്ഷേപകര്‍ക്ക് നഷ്ടമായ പണം തിരികെ ലഭിക്കുവാന്‍ ഉള്ള നിയമ നടപടികള്‍ നീണ്ടു പോകുന്നു . നിക്ഷേപകരുടെ തുക എത്രയും വേഗം മടക്കി നല്‍കുവാന്‍ ഉള്ള പ്രത്യേക സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണം .