കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതി 6 മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച കൽക്കട്ട ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് കർണ്ണനെ കോയമ്പത്തൂരിൽ വച്ച് തമിഴ്നാട് ബംഗാൾ പോലീസ് സംയുക്തമായി അറസ്റ്റ് ചെയ്തു.
കൊയമ്പത്തൂരിൽ ഒരു സ്വകാര്യ കോളേജിന്റെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസിൽ നിന്നാണ് കർണ്ണനെ പിടികൂടിയത്.മുൻ ജഡ്ജി ജസ്റ്റീസ് സി.എസ്. കർണൻ ഒളിവിൽ കഴിഞ്ഞത് കേരളത്തിൽ. കൊച്ചി പനങ്ങാടുള്ള ലേക്ക് സിംഫണി റിസോർട്ടിലായിരുന്നു ജസ്റ്റീസ് കർണന്റെ ഒളിവുജീവിതം. ഈ മാസം 11 മുതൽ 13 വരെയായിരുന്നു കർണൻ റിസോർട്ടിലുണ്ടായിരുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചെന്നൈയിൽ എത്തിച്ച ശേഷം കർണ്ണനെ ഉടൻ തന്നെ കൊൽക്കത്തയ്ക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ടുകൾ. ശിക്ഷാ വിധി പുന: പരിശോധിക്കണമെന്ന കർണ്ണന്റെ ഹർജ്ജി നിലനിൽക്കുന്നതല്ലെന്നും ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജ്ജി സ്വീകരിക്കാനാകില്ലെന്നും സുപ്രീം കോടതി രജിസ്ട്രി വ്യക്തമാക്കിയിരുന്നു. കോടതിയലക്ഷ്യ കേസിൽ മെയ് മാസം 10നാണ് കർണ്ണനെ 6 മാസം തടവിന് സുപ്രീം കോടതി ശിക്ഷിച്ചത്.