ജില്ലയിലെ ക്ഷീര കര്‍ഷകരുടെ സംരക്ഷണം, പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 1.42 കോടി രൂപയുടെ പദ്ധതികളുടെ ജില്ലാതല വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് വിവിധ ഗ്രാമപഞ്ചായത്തുകള്‍ മുഖേന ക്ഷീരകര്‍ഷകര്‍ക്ക് പാലിനു സബ്സിഡി ഇനത്തില്‍ 1.10 കോടി രൂപയും, തെരഞ്ഞെടുക്കപ്പെട്ട 16 ക്ഷീര സഹകരണസംഘങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് ഇനത്തില്‍ 32 ലക്ഷം രൂപയും നല്‍കുന്ന പദ്ധതികളാണ് തുടങ്ങിയത്.
ജില്ലാപഞ്ചായത്തിന്റെ 16 ഡിവിഷനുകളിലെയും തെരഞ്ഞെടുക്കപ്പെട്ട ഒരോ ക്ഷീരസഹകരണസംഘത്തിനും രണ്ട് ലക്ഷം രൂപ വീതമാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ ക്ഷീരമേഖലയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ പല നടപടികളും സ്വീകരിച്ചു വരുകയാണെന്നും ജില്ലാ പഞ്ചായത്ത് ഇതിനൊരു കൈത്താങ്ങായി പ്രവര്‍ത്തിക്കുകയാണെന്നും പ്രസിഡന്‍് പറഞ്ഞു.
കൂടുതല്‍ ക്ഷീരസംഘങ്ങള്‍ ജില്ലയില്‍ ഉണ്ടാകണം. ക്ഷീരകര്‍ഷകര്‍ക്ക്് അവരുടെ തൊഴില്‍ ആദായകരമാകണം. വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസഹകരണ സംഘങ്ങള്‍ക്ക് സ്വന്തമായി കെട്ടിടം വേണം. ഇതിനായി കൂടുതല്‍ ക്ഷീരകര്‍ഷകര്‍ പാലളക്കാന്‍ തയാറാകണം. പരമാവധി പേര്‍ക്ക്് ക്ഷേമനിധിയും, പെന്‍ഷനും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കി ക്ഷീര കര്‍ഷകരെ സംരംക്ഷിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ജില്ലാഞ്ചായത്ത്. ഇതു വിജയിപ്പിക്കുന്നതിന് ജില്ലയിലെ ക്ഷീരോത്പാദ സഹകരണ സംഘങ്ങളും, ക്ഷീര കര്‍ഷകരും സഹകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ക്ഷീരകര്‍ഷക സംഘത്തില്‍ പാല്‍ അളക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് പാലിന്റെ തോത് അനുസരിച്ച് നല്‍കുന്ന സബ്‌സിഡി തുക കര്‍ഷകരുടെ അക്കൗണ്ടുകളില്‍ നേരിട്ട് ലഭ്യമാക്കും. ഒരു ക്ഷീരകര്‍ഷകന് പരമാവധി 40,000 രൂപയാണ് പാലിനു സബ്‌സിഡി ലഭിക്കുക. റിവോള്‍വിംഗ് ഫണ്ട് ഇനത്തില്‍ കറവ പശുവിനെ വാങ്ങുന്ന ഓരോ കര്‍ഷകനും 40,000 രൂപയാണ് ലഭിക്കുക. പശുവിനെ വാങ്ങി ഇന്‍ഷ്വര്‍ ചെയ്തതിനു ശേഷമാണ് തുക നല്‍കുന്നത്.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഐമാലി, കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോഴഞ്ചേരി ഈസ്റ്റ്, ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ കീക്കൊഴൂര്‍ എന്നീ ക്ഷീരോല്‍പാദക സഹകരണസംഘ പ്രതിനിധികള്‍ക്ക് ആനുകൂല്യം നേരിട്ടു നല്കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ജില്ലയിലെ 70 ക്ഷീരസംഘം പ്രതിനിധികള്‍ ഓണ്‍ലൈനായി നടന്ന ഉദ്ഘാടന യോഗത്തില്‍ പങ്കെടുത്തു.
ഓണ്‍ലൈനായി നടത്തിയ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന പ്രഭ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആര്‍. അജയകുമാര്‍, ജിജി മാത്യൂ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് ഏബ്രാഹാം, സി.കൃഷ്ണകുമാര്‍, സാറാ തോമസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍നായര്‍, ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.സിന്ധു, അസി.ഡയറക്ടര്‍ പി.അനിത എന്നിവര്‍ പങ്കെടുത്തു.