Trending Now

നിരാലംബയായ സ്ത്രീ തൊഴിലാളിയുടെ ആനുകൂല്യങ്ങള്‍ തോട്ടം ഉടമ നല്‍കും

 

പത്തനംതിട്ട.റാന്നി -പെരുനാട് ധന്യ എസ്റ്റേറ്റിലെ നിരാലംബയായ സ്ത്രീ തൊഴിലാളിയെ ആനുകൂല്യങ്ങള്‍ നിഷേധിച്ചു പിരിച്ചുവിട്ട സംഭവത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചു.പെരുനാട് പോലിസ്‌ സബ്ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് തീരുമാനം.അജിതയെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ ഉടമ സമ്മതിച്ചു.മാസം 22 ദിവസം ജോലി ഉറപ്പാക്കും .സര്‍ക്കാര്‍ നിശ്ചയിച്ച കൂലി മുന്‍ കാല പ്രാബല്യത്തോടെ നല്‍കും. ഈ തോട്ടത്തിലെ സമരം അവസാനിപ്പിച്ചതായും ഒരൊറ്റ പ്രക്ഷോഭത്തിലൂടെ സമീപ തോട്ടങ്ങളിലും കൂലി കൂട്ടാന്‍ ഉടമകള്‍ തയ്യാറായത് വന്‍ വിജയമായി കാണുന്നുവെന്നും ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍സെക്രട്ടറി ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ അറിയിച്ചു.
മടത്തുംമൂഴി ഇടത്തറ നെല്ലിമൂട്ടില്‍ എന്‍.എം.അജിത കഴിഞ്ഞ പന്ത്രെണ്ട് വര്‍ഷമായി തോട്ടത്തിലെ ജോലിക്കാരിയാണ്.ഭര്‍ത്താവ്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ചുപോയി.ഏക മകന്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിയാണ്.അജിത അടക്കം അഞ്ചു പെണ്‍കുട്ടികളായിരുന്നു വീട്ടില്‍.മൂത്ത മക്കളെ വിവാഹം കഴിപ്പിക്കാനായി വസ്തുകള്‍ എല്ലാം മാതാപിതാക്കള്‍ വിറ്റു.ജന്മനാ അന്ധയായ അവിവാഹിതയായ സഹോദരിയുടെ അഞ്ചു സെന്ററില്‍ ഉള്ള വിട്ടിലാണ് ഇപ്പോള്‍ അജിത മകനും അമ്മയ്ക്കും ഒപ്പം താമസം.പന്ത്രെണ്ട് വര്‍ഷം മുന്‍പ് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തൊണ്ണൂറു രൂപയായിരുന്നു ദിവസ കൂലി.തോട്ടത്തിലെ കളയെടുപ്പ്,ഷീറ്റ് ഉണക്കല്‍ മുതല്‍ വിറക് കയറ്റിറക്ക് വരെ എല്ലാ ജോലിയും ചെയ്തു വന്നു. 2011ല്‍ തോട്ടം തൊഴിലാളികളുടെ കുറഞ്ഞ കൂലി 317 രൂപയായി നിശ്ചയിച്ചപ്പോള്‍ ഉടമ അജിതക്ക്225 രൂപ നല്‍കി.2015 ജൂലൈ ഒന്ന് മുതല്‍ മുന്‍ കാല പ്രാബല്യത്തോടെ തൊഴിലാളിയുടെ കുറഞ്ഞ കൂലി 394 രൂപയായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നിട്ടും 2016 സെപ്റ്റംബര്‍ മുതല്‍ മുന്നൂറു രൂപയാണ് നല്‍കി വരുന്നത്.മിനിമം വേതന നിയമ പ്രകാരം കുറഞ്ഞ കൂലി പോലും നല്‍കാത്ത നടപടി ചോദ്യം ചെയ്തു അജിത ആറു മാസം മുന്‍പ് പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍ക്ക്‌ പരാതി നല്‍കി.ലേബര്‍ ഓഫീസര്‍ തുടര്‍ നടപടികള്‍ക്കായി ഗ്രേഡ് ഒന്ന് ഇന്‍സ്പെക്ടര്‍ക്ക് പരാതി കൈമാറി.അദ്ധേഹം ആറു തവണ ഹാജരാവാന്‍ ആവശ്യപ്പെട്ടു നോട്ടിസ് അയച്ചെങ്കിലും ഉടമ പ്രതികരിച്ചില്ല. ജൂണ്‍ അഞ്ചിന് ഏഴാമത്തെ നോട്ടിസ് പ്രകാരം ഉടമയുടെ പ്രതിനിധി ഹാജരായി പണം നല്‍കാം എന്ന് വാക്കാല്‍ പറഞ്ഞു.ഇതിനിടെ അജിതയെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.ജൂണ്‍ പതിമൂന്നിന് ചൊവ്വഴ്ച നിശ്ചയിച്ച ചര്‍ച്ചയില്‍ ഉടമാ പ്രതിനിധിയായി ആരും എത്തിയില്ല.
സമീപ തോട്ടങ്ങളിലെ തൊഴിലാളികള്‍ ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍സെക്രട്ടറി ജ്യോതിഷ്കുമാര്‍ മലയാലപ്പുഴയുടെ നേതൃത്വത്തില്‍ സംഘടിച്ചു ധന്യ എസ്റ്റേറ്റിലെത്തി യന്ത്രം ഉപയോഗിച്ചുള്ള കളയെടുപ്പ് തടഞ്ഞു.തോട്ടം ഉടമ പാട്ടത്തിനു നല്‍കിയത് ഉള്‍പ്പെടെയുള്ള റബ്ബര്‍ പാല്‍ സംഭരിക്കുന്നത് തടഞ്ഞു.തുടര്‍ന്ന് മാനേജരെ മുറിയില്‍, പൂട്ടി അജിത പുറത്തു സത്യാഗ്രഹം ആരംഭിക്കുകയായിരുന്നു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു