Trending Now

കാലിചന്തകളിലെ നിയന്ത്രണം : കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ – മന്ത്രി കെ.രാജു

കാലിചന്തകളില്‍ കശാപ്പിനായി മൃഗങ്ങളെ വില്‍ക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്ന് വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. തണ്ണിത്തോട് മൂഴിയില്‍ നിര്‍മിച്ച കൃഷിഭവന്റെയും മൃഗാശുപത്രിയുടെയും കെട്ടിട ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ 80 ശതമാനം വരുന്ന കര്‍ഷകരില്‍ പകുതിയിലേറെയും ക്ഷീര കര്‍ഷകരാണ്. കറവ വറ്റിയ പശുക്കള്‍ കര്‍ഷകര്‍ക്ക് ബാധ്യതയാകുന്നതോടെ വിപണിയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് പിടിമുറുക്കാനേ കേന്ദ്രം കൊണ്ടുവന്ന നിയമംമൂലം സാധിക്കുകയുള്ളൂ.
സംസ്ഥാനത്ത് പാലുത്പാദനത്തില്‍ 17 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി ക്ഷീരകര്‍ഷക കടാശ്വാസ പദ്ധതി നടപ്പാക്കാന്‍ സാധിച്ചു എന്നത് നേട്ടമാണ്. വനമേഖലയിലെ പട്ടയ വിതരണത്തിന് വനം വകുപ്പ് എതിരല്ല. 1977 മുതല്‍ കൈവശം വച്ചിരിക്കുന്ന ഭൂമി കേന്ദ്ര സംസ്ഥാന മാനദണ്ഡങ്ങള്‍ പാലിച്ച് നല്‍കുന്നതില്‍ സര്‍ക്കാരിന് വിയോജിപ്പില്ല. യൂക്കാലിപ്റ്റസ്, മാഞ്ചിയം, അക്കേഷ്യ തുടങ്ങിയ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് പരമാവധി കുറയ്ക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം വേഗത്തില്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അടൂര്‍ പ്രകാശ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി കെ, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി, തദ്ദേശഭരണ ജനപ്രതിനിധികളായ കെ.ജി അനിത, ജോണ്‍ മാത്യൂ, പി.ആര്‍ രാമചന്ദ്രന്‍പിള്ള, പ്രിയ എസ്.തമ്പി, അജിത സോമന്‍, സജീവ് മണ്ണീറ, സുജ മാത്യു, സുമതി നരേന്ദ്രന്‍, എം.എസ് ഇന്ദിര, എം.കെ മാത്യു, പി കെ ഗോപി, ജി.എം മഞ്ജു , ജോയി ചിറ്റരുവിക്കല്‍, ഷീജാ സുരേഷ്, കെ.വി സുഭാഷ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പ്രഫ. കെ.വി തോമസ്, പ്രവീണ്‍ പ്രസാദ്, കെ.സന്തോഷ്, മിനി സുരേഷ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എലിസബത്ത് ദാനിയേല്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ചുമതല വഹിക്കുന്ന റോയ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു