Trending Now

സ്‌പോട്ട് ബുക്കിംഗ് ലളിതമാക്കിയതോടെ അവസരം ഉപയോഗപ്പെടുത്തി അയ്യപ്പ ഭക്തർ

സ്‌പോട്ട് ബുക്കിംഗ് ലളിതമാക്കിയതോടെ അവസരം ഉപയോഗപ്പെടുത്തി അയ്യപ്പ ഭക്തർ

konnivartha.com : ശബരിമലയിൽ ഭക്തർക്ക് സ്‌പോട്ട് ബുക്കിംഗ് സൗകര്യം വർധിപ്പിച്ചതോടെ ഇതുപയോഗപ്പെടുത്തുന്ന അയ്യപ്പ ഭക്തരുടെ എണ്ണം കൂടി. തുടക്കത്തിൽ ഒരു ദിവസം സ്‌പോട്ട് ബുക്കിംഗിന് 5000 പേർ എന്ന് നിശ്ചയിച്ചിരുന്നത് പിന്നീട് ഏഴായിരം ആക്കി വർധിപ്പിച്ചിരുന്നു. കൂടാതെ വെർച്വൽ ക്യൂ ബുക്കിംഗ് വരും ദിവസത്തെക്ക് നേരത്തെ തന്നെ പൂർണമാകുന്ന സ്ഥിതിയുണ്ട്. ഇതോടെയാണ് ദേവസ്വം ബോർഡും പോലീസും സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഒരുക്കിയത്. നേരിട്ട് ശബരിമല ദർശനത്തിന് എത്തുന്ന എല്ലാ ഭക്തർക്കും ദർശനത്തിന് സൗകര്യം ലഭിക്കുന്നുമുണ്ട്.   എരുമേലിയിലും  നിലയ്ക്കലും ഉള്ള സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നല്ല തിരക്ക് ഉണ്ടായി. ഈ അയ്യപ്പ ഭക്തർക്കെല്ലാം ബുദ്ധിമുട്ടില്ലാതെ തന്നെ ദർശന സൗകര്യം ഒരുക്കാനും കഴിഞ്ഞു. ദേവസ്വം ബോർഡ് പത്തിടങ്ങളിൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്

 

ബേസ് സ്റ്റേഷനായ നിലയ്ക്കലിൽ നാല് കൗണ്ടറുകളാണ് സ്‌പോട്ട് ബുക്കിംഗിനായി ഒരുക്കിയത്. തീർഥാടന വഴിയിലെ ഇടത്താവളങ്ങളായ എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രം, കുമളി ചെക്ക് പോസ്റ്റ്, തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കീഴില്ലം മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും സ്‌പോട്ട് ബുക്കിംഗ് നടത്താം. വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ട് തീർഥാടകർ എത്താതിരുന്നാൽ തുടർന്നുള്ള ഒഴിവുകൾ സ്‌പോട്ട് ബുക്കിംഗിലേക്ക് മാറ്റുന്നതിനാൽ കൂടുതൽ പേർക്ക് അവസരം ലഭിക്കുന്നുണ്ട്.

 

 

രണ്ട് വാക്‌സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് അതല്ലെങ്കിൽ 72 മണിക്കൂർ മുൻപ് എടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയാണ് ഭക്തർ കരുതേണ്ടത്. പത്ത് വയസിന് താഴെയുള്ള കുട്ടികൾക്ക് ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. അർഹമായ രേഖകളോടെ എത്തുന്ന ഏതൊരു തീർഥാടകനും അയ്യപ്പദർശനം ഉറപ്പാക്കിട്ടുണ്ട്.

പുണ്യം പൂങ്കാവനം, അയ്യപ്പ സന്നിധി വൃത്തിയാക്കുന്ന ദൗത്യം ഏറ്റെടുത്ത നിർവൃതിയിൽ ഹൈദരാബാദ് സംഘം

ഹൈദരാബാദിൽ നിന്ന് അയ്യപ്പ ദർശനത്തിനെത്തിയ ആറംഗ സംഘം ശബരിമല സന്നിധാനത്തെ പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി വലിയനടപ്പന്തലിലെ ശുചീകരണ പ്രവർത്തനങ്ങളിൽ മുഴുകി. തെലുങ്കാനയിലെ സിവിൽ കോൺട്രാക്ടറായ എ. ഗോപിയും ഡോ. ആർ.കെ. ചൗധരിയും അടങ്ങുന്ന സംഘത്തിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നു. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി അയ്യപ്പ ഭക്തർക്ക് അയ്യപ്പന്റെ തിരുസന്നിധി ശുചീകരിക്കാനുള്ള അവസരം ലഭ്യമാക്കിയിട്ടുണ്ട്്. ഇതിനായി സന്നിധാനത്ത് രജിസ്‌ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്്. ഇവിടെ മലയാളികളും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരും സന്നിധാനത്തെ ശുചിയാക്കുന്ന പ്രവർത്തനങ്ങളിൽ ഭാഗഭാക്കാവുന്നു. ഇങ്ങനെയെത്തുന്ന സംഘത്തിന് ആവശ്യമായ ഗ്ലൗസും യൂണിഫോമും മറ്റ് അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

 

 

ഡോ.ആർ.കെ. ചൗധരി 22 വർഷമായി ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നയാളാണ്. ശബരിമലയിൽ ദേവസ്വം ബോർഡിനും പോലീസിനും അവരുടെ സേവനങ്ങൾക്ക് നന്ദിയറിയിക്കാനും ഇവർ മറന്നില്ല. സന്നിധാനത്തെ ഭക്തർക്കുള്ള സേവനങ്ങളിൽ ഇവർ സന്തുഷ്ടിയും പ്രകടിപ്പിച്ചു. ദിവസം സന്നിധാനത്ത് മാത്രം നൂറോളം പേർ പുണ്യം പൂങ്കാവനത്തിന്റെ പ്രവർത്തനങ്ങൾക്കായി രജിസ്റ്റർ ചെയ്യുന്നുണ്ട്്. മകരവിളക്ക് ദിവസം പുണ്യം പൂങ്കാവനം ദിവസമായി കൊണ്ടാടാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ സംഘാടകർ.

 

അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചു

ശരണം വിളികളാല്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചു. കിഴക്കേ ഗോപുര നടയില്‍ കണ്ണമംഗലം കേശവന്‍ നമ്പൂതിരി എരുമേലി പേട്ടതുള്ളലിന് എഴുന്നള്ളിക്കുവാനുള്ള തിടമ്പ് പൂജിച്ച് സമൂഹപ്പെരിയോന്‍ എന്‍ ഗോപാലകൃഷ്ണ പിള്ളക്ക് കൈമാറി.

 

 

തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച രഥത്തിലേക്ക് തിടമ്പ് എഴുന്നള്ളിച്ച് രഥഘോഷയാത്രയുടെ അകമ്പടിയോടെ സംഘം യാത്ര ആരംഭിച്ചു. രഥത്തിനു പിന്നാലെ സ്വാമി ഭക്തര്‍ കാല്‍നടയായി യാത്ര തുടര്‍ന്നു. മുന്‍ സമൂഹപ്പെരിയോനും സംഘം രക്ഷാധികാരിയുമായ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ , എച്ച്. സലാം എം.എല്‍.എ , ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംഘത്തെ യാത്രയാക്കി. മുന്നൂറോളം സ്വാമിമാരും മാളികപ്പുറങ്ങളുമാണ് സംഘത്തിലുള്ളത്.

 

ആദ്യ ദിനം അമ്പലപ്പുഴയിലെ ഏഴ് കരകളിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി മടങ്ങി എത്തി അമ്പലപ്പുഴ ക്ഷേത്രത്തില്‍ വിശ്രമിച്ച് വെള്ളിയാഴ്ച രാവിലെ എരുമേലിയിലേക്ക് യാത്ര ആരംഭിക്കും. നൂറുകണക്കിന് ക്ഷേത്രങ്ങളിലെയും സംഘടനകളുടെയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് യാത്ര. വെള്ളിയാഴ്ച കവിയൂര്‍ ക്ഷേത്രത്തില്‍ വിശ്രമിക്കുന്ന സംഘം ശനിയാഴ്ച മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ എത്തും. ഞായറാഴ്ച മണിമലക്കാവ് ക്ഷേത്രത്തിലെ ആഴി പൂജക്ക് ശേഷം തിങ്കളാഴ്ച എരുമേലിയില്‍ എത്തും. ചൊവ്വാഴ്ചയാണ് ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍. സംഘത്തിന് പതിനെട്ടാം പടി കയറുന്നതിനും ദര്‍ശനത്തിനും പ്രത്യേക സംവിധാനം ഒരുക്കും. മകര വിളക് ദിവസമായ വെള്ളിയാഴ്ച രാവിലെ അമ്പലപ്പുഴക്കാരുടെ നെയ്യഭിഷേകം നടക്കും. സംഘം ഭാരവാഹികളായ ആര്‍ ഗോപകുമാര്‍, എന്‍. മാധവന്‍ കുട്ടി നായര്‍, കെ. ചന്ദ്രകുമാര്‍, ജി.ശ്രീകുമാര്‍, സി. വിജയ് മോഹന്‍, രഥയാത്രാ കണ്‍വീനര്‍ ആര്‍. മധു എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കുന്നു.

error: Content is protected !!