വിദ്യാഭ്യാസ വായ്പ: പത്തനംതിട്ട ജില്ലയില്‍ പരാതി പരിഹാര അദാലത്ത് ഫെബ്രുവരി ഒന്നിന്
konnivartha.com : വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നതില്‍ ബാങ്കുകള്‍ പൊതുമാനദണ്ഡം പാലിക്കണമെന്നും അന്യായമായ കാരണങ്ങള്‍ കാണിച്ച് വായ്പ നിരസിക്കരുതെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. വിദ്യാഭ്യാസ വായ്പകള്‍ ജില്ലയില്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും നല്‍കുന്നു എന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കൂടിയ പ്രത്യേക യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. വിദ്യാഭ്യാസ വായ്പാ അപേക്ഷകളില്‍ അര്‍ഹരായവര്‍ക്ക് ആവശ്യമായ തുക അനുവദിക്കുന്നതിനുള്ള പ്രക്രിയ ലഘൂകരിക്കണമെന്നും വായ്പാ നടപടികള്‍ വിദ്യാര്‍ഥികള്‍ക്ക് ലളിതമാക്കി നല്‍കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
വിദ്യാഭ്യാസ വായ്പകള്‍ സംബന്ധിച്ച പരാതി പരിഹാരത്തിനായി ജില്ലയില്‍ ആദാലത്ത് നടത്തണമെന്ന് ആന്റോ ആന്റണി എംപി നിര്‍ദേശിച്ചത് അനുസരിച്ച് ഫെബ്രുവരി ഒന്നിന് അദാലത്ത് നടത്തും. ബാങ്കുകളില്‍ നിക്ഷേപം കൂടുതലുള്ള ജില്ലകളിലൊന്നാണ് പത്തനംതിട്ടയെന്നും ലോണുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തണമെന്നും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഗ്രാമീണ പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ വായ്പ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പണമില്ലാത്തിന്റെ പേരില്‍ ആര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വൈജ്ഞാനിക സമൂഹം രൂപപ്പെടുത്തുന്നതില്‍ ബാങ്കുകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ ഓരോ ബാങ്കും അനുവദിച്ച വിദ്യാഭ്യാസ വായ്പയുടെ കണക്കുകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള വിദ്യാലക്ഷ്മി പോര്‍ട്ടലിനെ കുറിച്ചുള്ള അവബോധം വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കുന്നതിനായി വേണ്ടനടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, ജില്ലയിലെ ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.