പോപ്പുലര്‍ സാമ്പത്തിക തട്ടിപ്പ്: ഉടമകളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുന്നു

 

konnivartha.com : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പ് ഉടമകളുടെ പോലീസും സി ബി ഐയും , ഇ ഡിയും കണ്ടെത്തിയ സ്വത്തുക്കള്‍ കണ്ടു കെട്ടുന്ന നടപടികള്‍ തുടങ്ങി . കേരളത്തിലെ മുഴുവന്‍ ബ്രാഞ്ചുകളും റവന്യൂ അധികാരികള്‍ തുറന്ന് അതില്‍ ഉള്ള പണം സ്വര്‍ണ്ണം നിക്ഷേപം തുടങ്ങിയവയുടെ കണക്കുകള്‍ ശേഖരിച്ചു . സ്വര്‍ണ്ണവും പണവും ബന്ധപെട്ട ട്രഷറികളില്‍ സൂക്ഷിച്ചു .

ഉടമകളുടെ പേരില്‍ ഉള്ള മുഴുവന്‍ കെട്ടിടങ്ങള്‍ , വസ്തുക്കള്‍ വാഹനങ്ങള്‍ മറ്റു ബാങ്കുകളിലെ നിക്ഷേപം എന്നിവ കണ്ടു കെട്ടുന്നു . കോന്നി വകയാര്‍ ഹെഡ് ഓഫീസും കോന്നി വകയാറിലെ ഉടമകളുടെ വീടും വകയാറിലെ തന്നെ മറ്റൊരു കെട്ടിടവും സീല്‍ ചെയ്തു . ഉടമകളുടെ പേരില്‍ കണ്ടെത്തിയ മുഴുവന്‍ ഭൂമിയുടെയും കൈമാറ്റം മരവിപ്പിച്ചു .

സ്വത്തുക്കള്‍ കണ്ടു കെട്ടുന്നതിനു മുന്നോടിയായി നിക്ഷേപക തട്ടിപ്പിന് ഇരയായ നിക്ഷേപര്‍ തങ്ങള്‍ നിക്ഷേപിച്ച തുകയുടെ കണക്കുകള്‍ ബന്ധപെട്ട തഹസില്‍ദാരുടെ ഓഫീസില്‍ ലഭ്യമാക്കണം എന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു .

സാമ്പത്തിക തട്ടിപ്പ് കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് മാനേജിംഗ് പാര്‍ട്‌ണേഴ്‌സിന്റെ സ്വത്തുക്കള്‍ ബാന്നിംഗ് ഓഫ് അണ്‍ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ആക്ട് 2019 (ബഡ്സ് ആക്ട് 2019) പ്രകാരം കണ്ടുകെട്ടുന്നതിലേക്ക് നിയുക്ത കോടതി മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കുന്നതിന് തട്ടിപ്പിനിരയായ നിക്ഷേപകരില്‍ നിന്നും പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം വിവരങ്ങള്‍ ശേഖരിക്കുന്നു.

നിക്ഷേപകര്‍ക്ക് തങ്ങളുടെ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട തഹസില്‍ദാരുടെ ഓഫീസില്‍ ലഭ്യമാക്കണം . തഹസില്‍ദാര്‍മാരുടെ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മാതൃകയില്‍ ഡിസംബര്‍ 22, 23, 24 തീയതികളില്‍ വിവരങ്ങള്‍ നല്‍കാവുന്നതാണെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.

നിക്ഷേപ തുക എത്രയാണെന്ന് ഉള്ള കണക്കുകള്‍ തഹസില്‍ദാരുടെ ഓഫീസില്‍ നിന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് ലഭ്യമാകും .ഇത് അനുസരിച്ചാണ് കോടതിയില്‍ അപേക്ഷ നല്‍കുന്നത് .
സ്ഥാവര ജംഗമ വസ്തുക്കള്‍ ലേലം വിളിച്ചു വില്‍ക്കുവാനും ഇതുവഴി ലഭിക്കുന്ന പണം നിക്ഷേപകര്‍ക്ക് ലഭ്യമാകുന്നതിനും ഉള്ള അവസരമാണ് ഉള്ളത് . നിക്ഷേപകരുടെ പണം തിരികെ ലഭിക്കുവാന്‍ ഉള്ള നടപടികള്‍ക്ക് ആണ് തുടക്കം കുറിച്ചത് .ഇത് നിക്ഷേപകരില്‍ ആശ്വാസം പകരുന്ന നടപടി ആണ് .