ആഭ്യന്തര വിമാന യാത്രയ്ക്ക് ആധാർ നിർബന്ധിതമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ടിക്കറ്റ് ബുക്കിംഗിന് ആധാർ, പാസ്പോർട്ട്, പാൻ എന്നിവയിലൊന്ന് നിർബന്ധമാക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജയന്ത് സിൻഹ പറഞ്ഞു. മൂന്നു മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ആധാർ നിർബന്ധമാക്കുന്നതിലൂടെ പ്രശ്നക്കാരെ കണ്ടെത്താനും നിയന്ത്രിക്കാനും കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
യാത്ര നിരോധിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളെ നാല് തട്ടുകളായി തിരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിന് യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ നിർബന്ധിതമാണന്നും ആണ് വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച് നൽകുന്ന വിശദീകരണം. കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ചാവും ഓരോ തട്ടുകളിലും ആളുകളെ ഉൾപ്പെടുത്തുക. ഓരോ തട്ടിലുള്ള യാത്രക്കാർക്കും വിമാനത്തിൽനിന്നു പുറത്തിറങ്ങുന്നതിന് വ്യത്യസ്ത സമയങ്ങളും നിശ്ചയിക്കും.
അന്താരാഷ്ട്ര യാത്രകൾക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ പാസ്പോർട്ടിന്റെ വിശദാംശങ്ങൾ നൽകണമെന്നതിനാൽ വിദേശ യാത്രക്കാരുടെ തിരിച്ചറിയൽ രൂപരേഖകൾ ഇതിനകം തന്നെ ലഭ്യമാണ്. ഇത് ആഭ്യന്തര വിമാന സഞ്ചാരികളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.