
ജനറൽ ബിപിൻ റാവത്തിനും, സൈനികർക്കും വിട ചൊല്ലി രാജ്യം ; ആദരമർപ്പിച്ച് പ്രധാനമന്ത്രിയും രാജ്‌നാഥ് സിംഗും
കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച 13 പേരുടേയും മൃതദേഹങ്ങൾ ഡൽഹിയിൽ എത്തിച്ചു. സുലൂരിൽനിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സേനാമേധാവിമാർ, ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവൽ ഉൾപ്പെടെയുള്ളവർ അന്തിമോപചാരമർപ്പിച്ചു.8.30 മുതലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഒമ്പത് മണിയോടെ പാലം വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ത്യാഞ്ജലി അർപ്പിച്ചു.
ബിപിന്‍ റാവത്ത്, റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍ എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും. മറ്റുള്ളവരുടെ മൃതദേഹങ്ങൾ പരിശോധനയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റും. തിരിച്ചറിയൽ പരിശോധന കഴിഞ്ഞതിന് ശേഷമായിരിക്കും മൃതദേഹങ്ങൾ വിട്ടു നൽകുക. ജനറൽ ബിപിന്‍ റാവത്ത്, റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍ എന്നിവരുടെ സംസ്കാര ചടങ്ങുകൾ ഡൽഹി കന്റോണ്‍മെന്റിലാണ് നടക്കുക..