konnivartha.com : സായാഹ്ന സമയം ആനന്ദകരമാക്കാൻ വിശ്രമം സ്ഥലം ഒരുക്കുകയാണ് ചെങ്ങറയിലെ ഒരു കൂട്ടം ചെറുപ്പക്കാർ. അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ റേഷൻകട പടിക്കും അമ്പലം ജംഗ്ഷനും ഇടയിലുള്ള വ്യൂ പോയിന്റിലെ റോഡരികിലാണ് യുവാക്കൾ വിശ്രമ സ്ഥലമൊരുക്കിയത്.
ചെമ്മാനി എസ്റ്റേറ്റിലെ കൈതചക്ക തോട്ടത്തിലെ മലനിരകളുടെ ഭംഗി ആസ്വദിക്കത്തക്കവിധത്തിൽ മിനി പാർക്കിന്റെ രൂപത്തിലാണ് വിശ്രമസ്ഥലത്തെ മാറ്റിയിരിക്കുന്നത്. ചുണ്ടൻ വള്ളത്തിന്റെ ആകൃതിയിലുള്ള കുടിലും, കണയുടെ ഇലകൾ കൊണ്ട് നിർമിച്ച മറ്റൊരു കുടിലും മുളകൊണ്ട് നിർമിച്ച ഓപ്പൺ എയർ ഇരിപ്പടവും നാട്ടുകാർക്കും സഞ്ചാരികൾക്കും കൗതുകമായി മാറുകയാണ്. കാടു പിടിച്ചു മാലിന്യങ്ങൾ തള്ളിയിരുന്നു സ്ഥലമാണ് യുവാക്കൾ ഇത്തരത്തിൽ മാറ്റിയെടുത്തത്.
പുനലൂർ മുവാറ്റുപുഴ സംസ്ഥാനപാതയിൽ പണികൾ നടക്കുന്നതിനാൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നും, തമിഴ്‌നാട്ടിൽ നിന്നുമുള്ള ശബരിമല തീർഥാടകർ ഇതുവഴിയാണ് കടന്ന് പോകുന്നത്. ഇവർ ഇവിടെ വാഹങ്ങൾ നിർത്തിയിട്ട് വിശ്രമിക്കുന്നതും പതിവായി മാറിയിട്ടുണ്ട്.
വ്യൂ പോയിന്റിലെ കുടിലുകളിൽ നിന്നും നോക്കിയാൽ ചെമ്മാനി എസ്റ്റേറ്റിലെ കൈതച്ചക്ക തോട്ടങ്ങൾക്കപ്പുറം കോന്നി വനം ഡിവിഷനിലെ വനമേഖലകളും വിദൂരതയിൽ കാണാം. ഊട്ടിയേയും മുന്നാറിനേയും അനുസ്മരിപ്പിക്കുന്നതാണിവിടുത്തെ കോടമഞ്ഞു പെയ്യുന്ന മലനിരകളുടെ കാഴ്ച്ചകൾ.
ഇവിടെ വിളയുന്ന കൈതച്ചക്കകൾ ഗൾഫ്, യുറോപ്പിയൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇവിടെ എപ്പോഴും മയിലുകളെയും കാണാം. മലമടക്കുകളിലെ ചെറുതോടുകൾ അച്ചൻകോവിലാറിന്റെ കൈവഴികളാണ് മലമുകളിലെ ഈർപ്പം കിനിയുന്ന പാറകളിൽ വിവിധതരം ചെടികളും ഔഷധ സസ്യങ്ങളും വളരുന്നു. യുട്യൂബ് ചാനലുകൾ ചിത്രികരിക്കുന്നവർക്കും, വിവാഹ ആൽബങ്ങൾ ചിത്രികരിക്കുന്നവരുടെയും ഇഷ്ട്ട ലൊക്കേഷനായി മാറുകയാണീ പ്രദേശം.
പ്രകൃതി ദത്ത വസ്തുക്കളായ മുള, ഓല, കണയുടെ ഇല, പുല്ല് എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം കുടിലുനുള്ളിൻ റാന്തൽ വിളക്കുമുണ്ട്. ക്രിസ്തുമസിന് ഇവിടെ വലിയ സ്റ്റാറും ക്രിസ്തുമസ് ട്രീയും ഒരുക്കാനുള്ള തയാറെടുപ്പിലാണ് യുവാക്കൾ. സമീപത്തു തന്നെ ട്രാഫിക് മിററുകളും, പൂച്ചെടികളും ചങ്ക് ബ്രദേഴ്‌സ് എന്ന യുവജന കൂട്ടായ്മ ഒരുക്കിയിട്ടുണ്ട്.