Trending Now

നവീകരിച്ച ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്തു

 

konnivartha.com : പത്തനംതിട്ട നഗരഹൃദയത്തിലെ നവീകരിച്ച ശബരിമല ഇടത്താവളം നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്തു. മുൻ വർഷങ്ങളെക്കാൾ മികച്ച സൗകര്യങ്ങളാണ് തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വാർഡ് കൗൺസിലർ ഷൈലജ അദ്ധ്യക്ഷയായിരുന്നു. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജറി അലക്സ്, ഇന്ദിരാമണിയമ്മ, എസ് ഷമീർ, നഗരസഭാ പ്രതിപക്ഷ നേതാവ് ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ് , മുൻ നഗരസഭാദ്ധ്യക്ഷന്മാരായ എ സുരേഷ് കുമാർ, റോസ്ലിൻ സന്തോഷ്, വാർഡ് കൗൺസിലർമാരായ ശോഭ കെ മാത്യു, പി കെ അർജുനൻ, അയ്യപ്പസേവാ സമാജം പ്രതിനിധി അഡ്വ.ജയൻ, നഗരസഭാ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സ്ഥിരം അന്നദാനപ്പന്തൽ, പാചകപ്പുര, വിറകുപുര എന്നിവ നഗരസഭ പുതുതായി നിർമ്മിച്ചു. അയ്യപ്പന്മാർക്ക് വിരിവക്കാനുള്ള ഡോർമിറ്ററികളിലെ വൈദ്യുതീകരണം, വെള്ളമെത്തിക്കാനുള്ള സൗകര്യം, ശുചി മുറികൾ തുടങ്ങിയവ നവീകരിച്ചു. ആവശ്യമായ ഫാനുകളും ലൈറ്റുകളും സ്ഥാപിച്ചു. പൊക്കവിളക്കും തെരുവ് വിളക്കുകളും അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കി. ഹരിതം ചട്ടം പാലിച്ചുകൊണ്ട് മാലിന്യ സംസ്കരണത്തിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി എൽഇഡി ബൾബുകൾ തൂക്കി, ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്.

ഈ തീർത്ഥാടന കാലത്ത് ഇടത്താവളത്തിൻ്റെ മേൽനോട്ടത്തിനായി ഒരു ഹെൽത്ത് ഇൻസ്പെക്ടറെയും രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെയും നഗരസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൂർണ്ണ പ്രവർത്തനസജ്ജമായ ഇടത്താവളം നഗരസഭ അയ്യപ്പസേവാ സംഘത്തിന് കൈമാറി.

error: Content is protected !!