ജില്ലാ ലീഡ് ബാങ്ക് സമൃദ്ധി വായ്പാ മഹോത്സവം
ബാങ്കിംങ് മേഖലയില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ബാങ്കിംങ് മേഖലയില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുകവഴി രാജ്യത്തിന്റെ വികസനം കൂടുതല്‍ ജനകീയമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിന്റെ നിര്‍ദേശപ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജില്ലാ ലീഡ് ബാങ്ക് സംഘടിപ്പിച്ച വായ്പാ മേളയായ സമൃദ്ധി വായ്പാ മഹോത്സവം പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പുരോഗതിക്ക് സുഭദ്രമായ സമ്പത്ത് വ്യവസ്ഥിതി അനിവാര്യമാണ്. അര്‍ഹരായ എല്ലാ ജനവിഭാഗത്തിനും വായ്പ ലഭ്യമാക്കുകയും വായ്പയില്‍ മേലുള്ള തിരിച്ചടവ് ഉറപ്പാക്കേണ്ടതുമുണ്ട്. പൊതു മേഖല ബാങ്കുകളുടെ സുശക്തമായ നിലനില്‍പ്പ് ഉറപ്പാക്കേണ്ടതുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിച്ചു. സാമ്പത്തിക ശാസ്ത്രത്തിന് കുടുംബങ്ങളും സമൂഹമായും വലിയ ബന്ധമാണുള്ളതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും നിലനില്‍പ്പിന് സാമ്പത്തിക ശാസ്ത്രം ഒഴിവാക്കി മുന്നോട്ടുപോകാന്‍ കഴിയില്ല. ബാങ്കുകള്‍ വഴി വായ്പയെടുത്ത് സ്വയം തൊഴില്‍ പോലെയുള്ള സംരംഭങ്ങള്‍ നടത്തി യഥാസമയം തിരിച്ചടക്കുന്നതിലൂടെ ഉപഭോതാവിന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് ഉതകുന്ന സ്വപ്നം വരും കാലത്തെ ഉള്‍പ്പെടെ പൂവണിയുന്ന നിലയുണ്ടാകണം. സമൂഹത്തിന്റെ പുരോഗതിക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കേണ്ടതുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നെറ്റ് വര്‍ക്ക് ജനറല്‍ മാനേജര്‍ വി. സീതാരാമന്‍ മുഖ്യാതിഥിയായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ സുരക്ഷിത സ്ഥിതിയില്‍ നിലനിര്‍ത്താന്‍ വായ്പാ തിരിച്ചടവ് ഉറപ്പാക്കേണ്ടതുണ്ടെന്ന് വി.സീതാരാമന്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ 24 ബാങ്കുകളുടെ വായ്പ സൗകര്യം ഒരുക്കുന്നതിന് മേളയില്‍ കൗണ്ടറുകള്‍ സജീകരിച്ചിരുന്നു. തിരഞ്ഞെടുത്തവരുടെ വായ്പകള്‍ക്കുള്ള അനുമതിപത്രങ്ങള്‍ മേളയില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വിതരണം നടത്തി. വായ്പകളെക്കുറിച്ച് അറിയാനും പുതുതായി വായ്പയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും സൗകര്യമുണ്ടായിരുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെയാണ് മേള നടന്നത്.
ഡി.ഐ.സി പത്തനംതിട്ട ജനറല്‍ മനേജര്‍ പി.എന്‍ അനില്‍കുമാര്‍, എസ്ബിഐ ഡി.ജി.എം എം.എഫ് ആന്റ് എഫ്‌ഐ: എസ് സന്തോഷ്, എസ്‌ഐബി ഡിജിഎം: എസ്.ഈശ്വരന്‍, ഫെഡറല്‍ ബാങ്ക് റീജണല്‍ മാനേജര്‍ പി.എ ജോയി, ലീഡ് ഡിസ്ട്രിക്ക്റ്റ് മാനേജര്‍ സിറിയക്ക് തോമസ് എന്നിവര്‍ സംസാരിച്ചു.