Trending Now

കരട് വോട്ടര്‍പട്ടിക പട്ടിക നവംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കും

സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍:
കരട് വോട്ടര്‍പട്ടിക പട്ടിക നവംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കും
konnivartha.com : 2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയാകുന്ന എല്ലാ പൗരന്‍മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായുള്ള പുതിയ അപേക്ഷകള്‍ സ്വീകരിക്കല്‍, നിലവിലുള്ള സമ്മതിദായകര്‍ക്ക് പട്ടികയിലെ വിവരങ്ങള്‍ നിയമാനുസൃതമായി മാറ്റങ്ങള്‍ വരുത്തുന്നതിനും  പോളിംഗ് സ്റ്റേഷന്‍ മാറ്റുന്നതിനും സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയ്ക്ക് മുന്നോടിയായി കരട് വോട്ടര്‍പട്ടിക പട്ടിക നവംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കും.
പത്തനംതിട്ട ജില്ലയിലെ സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിനോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും സഹകരണം ആവശ്യമാണെന്ന് കളക്ടര്‍ പറഞ്ഞു. നവംബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെ ഒരു മാസക്കാലയിളവിലാണ് ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുക. അന്തിമ വോട്ടര്‍ പട്ടിക 2022 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.
ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ(ബിഎല്‍ഒ) നിരീക്ഷിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്നും ചില ബൂത്തുകളെപറ്റി ആക്ഷേപം നിലവിലുണ്ടെന്നും അതു പരിഹരിക്കപ്പെടണമെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അറിയിച്ചു.
ഒരു സമ്മതിദായകരും ഒഴിവാക്കപ്പെടരുത് എന്ന ആപ്തവാക്യം മുന്‍നിര്‍ത്തി ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍, ട്രൈബല്‍ വിഭാഗങ്ങള്‍, പ്രവാസികള്‍, സര്‍വീസ് വോട്ടേഴ്സ്, യുവജനങ്ങള്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്തമേഖലയിലും ഉള്‍പ്പെട്ട അര്‍ഹരായ ഒരാള്‍പോലും ഒഴിവാക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ നടക്കുക.
വോട്ടേഴ്സ് ഹെല്‍പ് ലൈന്‍ എന്ന ആപ്പ് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് സ്വന്തമായും സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2022ല്‍ വിവരങ്ങള്‍ ചേര്‍ക്കാനാകും അറിയാനും കഴിയും.
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പ്രൊഫ. ടി.കെ.ജി നായര്‍, അഡ്വ. സുരേഷ്‌കുമാര്‍,  വി.കെ പുരുഷോത്തമന്‍ പിള്ള, ആര്‍. ജയകൃഷ്ണന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജി. ജയബാബു, എ.സാദത്ത്, വി.എം ഹബീബ്, സഖറിയാസ്, മറ്റ് തെരഞ്ഞെടുപ്പ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
error: Content is protected !!