Trending Now

കോവിഡ് പ്രതിരോധം : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ : 20/05/2021

കോവിഡ് പ്രതിരോധം : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ : 20/05/2021

കുടുംബശ്രീ ചെയിന്‍ കോളിലൂടെ സേവനം നല്‍കിയ് 11,763 പേര്‍ക്ക്

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കോവിഡ് പ്രതിരോധ, അവബോധ പദ്ധതിയായ ചെയിന്‍ കോളിലൂടെ വ്യാഴാഴ്ച്ച(മേയ് 20) ഉച്ചവരെ നല്‍കിയത് 11,763 പിന്തുണ സഹായങ്ങള്‍. ടെലിഫോണിലൂടെ ഓരോ കുടുംബത്തേയും ബന്ധപ്പെട്ട് ക്ഷേമം അന്വേഷിക്കുക, കോവിഡ് പ്രതിരോധ അവബോധം നല്‍കുന്നതോടൊപ്പം അവശ്യ സഹായങ്ങളും നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍ പറഞ്ഞു.
കുടുംബശ്രീ സിഡിഎസുകള്‍ അവയ്ക്ക് കീഴിലുള്ള എഡിഎസ് അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് ഫോണില്‍ ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ കൈമാറും. എഡിഎസ് അംഗങ്ങള്‍ അവര്‍ക്ക് കീഴിലുള്ള കുടുംബശ്രീ യൂണിറ്റുകളെ ഗ്രൂപ്പുകളായി തിരിച്ച് ഫോണിലൂടെ ബോധവല്‍ക്കരണം നടത്തും. അയല്‍ക്കൂട്ട പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ വീടുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്തും.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയില്‍ 25,748 പേര്‍ ചെയിന്‍ കോളില്‍ പങ്കാളികളായി. ഇവരില്‍ 11,763 പേര്‍ക്ക് വിവിധ തരത്തിലുള്ള പിന്തുണ സഹായങ്ങള്‍ നല്‍കി. കോവിഡ് കാലത്തെ ഒറ്റപ്പെടലില്‍ മാനസിക പിന്തുണയാണ് 4842 പേരും ആവശ്യപ്പെട്ടത്. 4386 പേര്‍ക്ക് ഭക്ഷ്യസഹായങ്ങളും, 1507 പേര്‍ക്ക് ആരോഗ്യ പിന്തുണ സഹായങ്ങളും, 1027 പേര്‍ക്ക് മറ്റു സഹായങ്ങളും നല്‍കി.

24 മണിക്കൂറും ഐസിയു ആംബുലന്‍സുമായി കുന്നന്താനം പഞ്ചായത്ത്

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിയന്തരഘട്ടങ്ങളില്‍ 24 മണിക്കൂറും ലഭ്യമാകുന്നതിന് മൊബൈല്‍ ഐ.സി.യു ആംബുലന്‍സും ഓസ്ട്രലേഷ്യന്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്മാരുടെ സേവനം ഉള്‍പ്പെടെയുള്ള ആംബുലന്‍സുകളും സഹിതം മൂന്ന് ആംബുലന്‍സുകള്‍ കുന്നന്താനം ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തന സജ്ജമായി.
ഓക്‌സിജന്‍ സിലണ്ടര്‍ ഉള്‍പ്പെടെ അത്യാധുനിക ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ആംബുലന്‍സുകളുടെ ഫ്‌ളാഗ് ഓഫ് തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ ആര്‍.സനല്‍കുമാര്‍ നിര്‍വഹിച്ചു. അമേരിക്കന്‍ സാങ്കേതിക വിദ്യയിലുള്ള വെന്റിലേറ്റര്‍, ബൈപാപ്പ്, കാര്‍ഡിയാക് മോണിറ്റര്‍, ഡിജിറ്റലൈസ്ഡ് ബി.പി അപ്പാറ്റസ് തുടങ്ങിയ സംവിധാനങ്ങളുള്ള ആംബുലന്‍സ് സേവനം ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസാണ് ഒരുക്കിയിരിക്കുന്നത്.
കുന്നന്താനം ഗ്രാമപഞ്ചാത്തിന് സമീപ പ്രദേശങ്ങള്‍ക്കും സേവനം ലഭ്യമാവും. അടിയന്തര ഘട്ടത്തില്‍ 9496000477, 9961330430, 9446000335 എന്നീ നമ്പരുകളില്‍ ആവശ്യക്കാര്‍ക്ക് ബന്ധപ്പെടാം.
കുന്നന്താനംഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ്ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.എന്‍ മോഹനന്‍, ബാബു കൂടത്തില്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ മധുസൂദനന്‍ നായര്‍ അംഗങ്ങളായ കെ.കെ രാധാകൃഷ്ണക്കുറുപ്പ്, വി.എസ് ഈശ്വരി, വി.സി മാത്യു, മിനി ജനാര്‍ദ്ദനന്‍, ഗ്രേസി മാത്യു, ഗിരീഷ് കുമാര്‍, ബാബു വറുഗീസ്, ഗീതാകുമാരി, ധന്യാ സജീവ്, വി.ജെ റജി, സ്മിത വിജയരാജ്, ഐ.ഇ.എം.എസ് കേരള ചാപ്റ്റര്‍ മാനേജര്‍ മിഥുന്‍ രാജ് പണിക്കര്‍ തലയാര്‍, ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം ഷിനി കെ.പിള്ള, തിരുവല്ല ഗവ: പ്ലീഡര്‍ അഡ്വ: എം.ജെ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോവിഡ് ബോധവല്‍ക്കരണം:മെഗാ വെബിനാര്‍ സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ കോവിഡ് ബോധവല്‍ക്കരണ പരിപാടിയായ ഒപ്പം കാമ്പയിനിന്റെ ഭാഗമായി ജൂനിയര്‍ ചേംബര്‍ പത്തനംതിട്ട ചാപ്റ്ററിന്റെയും എസ്പിസി പ്രോജക്ടിന്റെയും സഹകരണത്തോടെ മെഗാ വെബിനാര്‍ സംഘടിപ്പിച്ചു. ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കു വേണ്ടിയാണ് വെബിനാര്‍ നടത്തിയത്. ഇത് എസ്പിസി പ്രോജക്ടിന്റെ ഫെയ്സ്ബുക്ക് പേജില്‍ തത്സമയം സംപ്രേക്ഷണം ചെയ്തു.
ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സി.എസ് നന്ദിനി വെബിനാര്‍ നയിച്ചു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജെസിഐ സെന്‍ നിധീഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ജൂനിയര്‍ ചേംബര്‍ പത്തനംതിട്ട ചാപ്റ്റര്‍ പ്രസിഡന്റ് ഗിരീഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ മാസ് എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍ എ. സുനില്‍കുമാര്‍, ജൂനിയര്‍ ചേംബര്‍ നാഷണല്‍ ട്രെയ്നര്‍ ഗോപകുമാര്‍ മല്ലേലില്‍, ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍മാരായ ആര്‍. ദീപ, വി.ആര്‍. ഷൈലാ ഭായി എന്നിവര്‍ പങ്കെടുത്തു.

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി അടൂര്‍ നഗരസഭ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് അടൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടന്നുവരുന്നതെന്നും ഇതിന്റെ ഭാഗമായി 200 കിടക്കകളുള്ള സി.എഫ്.എല്‍.ടി.സി ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്നും നഗരസഭാ അധ്യക്ഷന്‍ ഡി.സജി പറഞ്ഞു. അടൂര്‍ ഓള്‍ സയന്‍സ് സ്‌കൂളിലാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തന സജ്ജമാകുന്നത്.
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 30 ഓക്‌സിജന്‍ ബെഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അടൂര്‍ ജനറല്‍ ആശുപത്രിയിലെ പേവാര്‍ഡിനോട് അനുബന്ധിച്ച കോവിഡ് പരിശോധനയ്ക്കായുള്ള സ്രവ ശേഖരണ കേന്ദ്രം അടൂര്‍ ഐഎച്ച്ആര്‍ടിയിലേക്ക് മാറ്റി പേവാര്‍ഡില്‍ കോവിഡ് ചികില്‍സയ്ക്കായി 40 ബെഡുകള്‍ കൂടി സജ്ജീകരിച്ചു.
നഗരസഭ ഒരു ആംബുലന്‍സ് 24 മണിക്കൂറും കോവിഡ് പ്രതിരോധ അനുബന്ധ ആവശ്യങ്ങള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആംബുലന്‍സ് സേവനം നടത്തുന്ന എട്ട് അംബുലന്‍സ് ഉടമകളുമായി നഗരസഭ ധാരണയില്‍ എത്തിയിട്ടുണ്ട്. കോവിഡ് രോഗികള്‍ക്കും, അത്യാവിശ പരിശോധനയ്ക്ക് പോകേണ്ടവര്‍ക്കുള്‍പ്പെടെ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 20 പാര്‍ട്ടീഷന്‍ ചെയ്ത ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് കൊടുത്തിട്ടുണ്ട്. ഹോമിയോ പ്രതിരോധ മരുന്ന് എല്ലാ വാര്‍ഡുകളിലും നഗരസഭയുടെ നേതൃത്വത്തില്‍ ആദ്യഘട്ട വിതരണം നടത്തി. രണ്ടാം ഘട്ടം ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ഉടന്‍ ആരംഭിക്കും. ആയൂര്‍വേദ പ്രതിരോധ മരുന്ന് നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും വരും ദിവസങ്ങളില്‍ വിതരണം നടത്തും.
നഗരസഭയുടെ പറക്കോട്ടെ ജനകീയ ഹോട്ടലില്‍ നിന്ന് സൗജന്യ ഭക്ഷണ വിതരണം നടത്തിവരുന്നു. നഗരസഭ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ദിവസവും 250 മുതല്‍ 300 ഭക്ഷണപൊതികള്‍ വരെ ഉച്ചക്ക് വിതരണം ചെയ്യുന്നുണ്ട്.
അടൂര്‍ നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കോവിഡ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നഗരസഭ വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് നടത്തിവരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധക്കേണ്ടതും പാലിക്കേണ്ടതുമായ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ നഗരസഭ ലഘുലേഖയായി തയാറാക്കി എല്ലാ വീടുകളിലും വിതരണം നടത്തി.
അടൂര്‍ നഗരസഭാ ചെയര്‍മാന്റെ ഓക്‌സീ മീറ്റര്‍ ചലഞ്ചിന്റെ ഭാഗമായി 100 ഓക്‌സീ മീറ്ററുകളാണ് ലഭിച്ചത്. ഇവ എല്ലാ വാര്‍ഡുകളിലെയും ജാഗ്രതാ സമിതികള്‍ക്ക് മൂന്ന് എണ്ണം എന്ന കണക്കില്‍ വിതരണം നടന്നുവരുന്നു. സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്‌കൂള്‍ ബസുകള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ യാത്രാ സൗകര്യങ്ങള്‍ക്കായി നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി.സജി പറഞ്ഞു.