Trending Now

കോവിഡ് പ്രതിരോധം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭക്ഷണം ഒരുക്കിനല്‍കി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പത്തനംതിട്ട നഗരസഭയുടെ സഹായത്തോടെ ആരംഭിച്ച സാമൂഹിക അടുക്കളയിലൂടെ ദിനവും 160 പേര്‍ക്കുള്ള ഭക്ഷണപൊതികളാണ് ഒരുക്കി നല്‍കുന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് നഗരസഭാ പരിധിയിലെ കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ക്കും ആശ്രയമില്ലാത്തവര്‍ക്കും വെട്ടിപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക അടുക്കള ഏറെ ആശ്വാസം പകരുന്നതില്‍ സന്തോഷമുണ്ടെന്ന് പത്തനംതിട്ട സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍ കുമാര്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് സംഘടനകള്‍, സന്നദ്ധസംഘടനകള്‍, ചില വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവരുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമൂഹ അടുക്കളയ്ക്കായി സഹായം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇരവിപേരൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലെ പാചകക്കാരാണ് വിഭവങ്ങള്‍ ഒരുക്കിനല്‍കുന്നത്. വാര്‍ഡ്തല സമിതികള്‍ മുഖാന്തരം ഭക്ഷണം ആവശ്യമായവരുടെ ലിസ്റ്റ് അനുസരിച്ചും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും നിരാലംബരായവര്‍ക്കുമാണ് സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഭക്ഷണം എത്തിച്ചു നല്‍കിവരുന്നത്. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആയിരങ്ങള്‍ക്കാണ് ഭക്ഷണപൊതികള്‍ നല്‍കിയത്.