Trending Now

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദേശം

 

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടത്തുന്ന എല്ലാ പരിപാടികളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും നിര്‍ദേശം നല്‍കി.

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് വ്യാപന സാധ്യതകള്‍ പരമാവധി കുറയ്ക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സര്‍ക്കാരിന്റെയും നിര്‍ദേശമനുസരിച്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഇ. മുഹമ്മദ് സഫീര്‍ അധ്യക്ഷനായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ കണ്‍വീനറുമായി ചേര്‍ന്ന അഞ്ചംഗ സമിതിയാണ് സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ അടങ്ങിയ കത്ത് കൈമാറുന്നതിന് തീരുമാനിച്ചത്.

പ്രചാരണ പരിപാടികളിലും മറ്റ് പരിപാടികളിലും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നുള്ള അനൗണ്‍സ്‌മെന്റ് നടത്തണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാ ആളുകളും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം.

കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പ് വരുത്തുന്നതിന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ് എന്നിവരുമായി സഹകരിച്ച് കോവിഡ് വ്യപനം തടയുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ഏപ്രില്‍ എട്ട് വരെ ഈ സമിതി പ്രതിദിന അവലോകനം നടത്തി നടപടികള്‍ സ്വീകരിക്കും. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന പൊതുയോഗങ്ങള്‍, റാലികള്‍, മറ്റ് പ്രചാരണ പരിപാടികള്‍ എന്നിവയില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.

error: Content is protected !!