പത്തനംതിട്ട ജില്ലയില്‍ 880 പരാതികള്‍ പരിഹരിച്ചു
നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റ ചട്ടലംഘനം ഉണ്ടായതായി വോട്ടര്‍മാര്‍ക്ക് തോന്നിയാല്‍ വോട്ടര്‍മാര്‍ക്ക് സി-വിജിലിലൂടെ പരാതിപ്പെടാം. സിവിജില്‍ ആപ്പ് വഴിയാണ് പൊതു ജനങ്ങള്‍ക്ക് ഇതിനുള്ള സൗകര്യം ലഭിക്കുന്നത്. സിവിജില്‍ മുഖേന പത്തനംതിട്ട ജില്ലയില്‍ ഇതുവരെ ലഭിച്ചത് 893 പരാതികളാണ്. ഇതില്‍ 880 പരാതികള്‍ പരിഹരിച്ചു. 13 പരാതികളില്‍ കഴമ്പില്ല എന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഒഴിവാക്കി. സിവിജില്‍ ആപ്പ് വഴി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 314 പരാതികളാണ്. ബാക്കിയുള്ള പരാതികള്‍ മാതൃകാ പെരുമാറ്റചട്ട ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌ക്വാഡുകള്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്തവയാണ്.
പൊതുജനങ്ങള്‍ നല്‍കുന്ന പരാതിക്ക് 100 മിനിട്ടിനുള്ളില്‍ സിവിജില്‍ സംവിധാനത്തിലൂടെ പരിഹാരം ഉണ്ടാകും. പണം, മദ്യം, ലഹരി, പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍, വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കല്‍, അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കുക തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും പൊതുജനങ്ങള്‍ക്ക് സിവിജില്‍ സംവിധാനത്തിലൂടെ പരാതി നല്‍കാം.
പൊതുജനങ്ങള്‍ക്ക് സിവിജില്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണു പരാതികള്‍ അയക്കാന്‍ കഴിയുക. സിവിജില്‍ ആപ്പ് ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. മൊബൈല്‍ഫോണില്‍ ജി.പി.എസ് ഓപ്ഷന്‍ ഓണ്‍ചെയ്തിട്ടാല്‍ മാത്രമേ പരാതികള്‍ കണ്‍ട്രോള്‍ സെല്ലില്‍ ലഭിക്കുകയുള്ളൂ.
മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പരാതികള്‍ അപ്‌ലോഡ് ചെയ്യാം. ഫോട്ടോ, വീഡിയോ, ശബ്ദരേഖ എന്നിങ്ങനെ മൂന്ന് രീതിയിലാണ് പരാതികള്‍ അപ്‌ലോഡ് ചെയ്യേണ്ടത്. പരാതിക്ക് കാരണമായ സ്ഥലത്ത് നിന്നാകണം ഫോട്ടോ, വീഡിയോ, ശബ്ദരേഖ എന്നിവ അപ്‌ലോഡ് ചെയ്യേണ്ടത്. പരാതിക്കാരന്റെ പേര് വെളിപ്പെടുത്താതെയോ അല്ലാതെയോ പരാതികള്‍ അയക്കാം. ഒരാള്‍ക്ക് എത്ര പരാതികള്‍ വേണമെങ്കിലും ഇപ്രകാരം അയക്കാം.
പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലാണ് പരാതികള്‍ ആദ്യം ലഭിക്കുക. ഉടന്‍ അതത് നിയോജക മണ്ഡലങ്ങളിലെ സ്‌ക്വാഡുകള്‍ക്ക് കൈമാറും. ഇവരാണ് പരാതികളെക്കുറിച്ച് അന്വേഷിക്കുന്നത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി 45 സ്‌ക്വാഡുകളാണ് നിരീക്ഷണം നടത്തുന്നത്. അന്വേഷണം നടത്തുന്ന സ്‌ക്വാഡ് വരണാധികാരിക്ക് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ തന്നെ റിപ്പോര്‍ട്ട് നല്‍കും. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വരണാധികാരി നടപടി സ്വീകരിക്കും. എം.സി.സി വഴി 28 പരാതികളും ജില്ലയില്‍ ലഭിച്ചു.