Trending Now

അംബേദ്ക്കര്‍ ഗ്രാമവികസന പദ്ധതി: എഴിക്കാട് കോളനിയുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു

 

ആറന്മുള എഴിക്കാട് കോളനിയിലെ ഓരോരുത്തര്‍ക്കും സാമൂഹ്യ നീതിയോടൊപ്പം സാമ്പത്തിക നീതിയും ഉറപ്പാക്കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. അംബേദ്ക്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം നിര്‍മിച്ച എഴിക്കാട് കോളനിയിലെ സിന്തറ്റിക് വോളിബോള്‍ ആന്‍ഡ് ബാഡ്മിന്റണ്‍ കോര്‍ട്ട്, ഗാലറി, ഓപ്പണ്‍എയര്‍ ഓഡിറ്റോറിയം, ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം എന്നിവയുടെ പൂര്‍ത്തീകരണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.

ഓരോ വീട്ടിലും കൃത്യമായ വരുമാനമുള്ള ഒരാള്‍ ഉണ്ടാകണം. ചെയ്യുന്ന ജോലിക്ക് കൂലി ഉണ്ടാകണം. കോളനിയിലെ പൊതുപരിപാടികള്‍ നടത്തുന്നതിനായി വേദി നിര്‍മിച്ചിരിക്കുകയാണ്. അംബേദ്ക്കര്‍ ഗ്രാമപദ്ധതിയില്‍ ആദ്യം തിരഞ്ഞെടുത്ത കോളനിയാണിത്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോളനിയാണ് എഴിക്കാട്. എഴിക്കാട് കോളനിയിലെ കമ്മ്യൂണിറ്റി ഹാള്‍ നവീകരിക്കുന്നതിനായി 38 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയാണ് ഇത്തരത്തിലുള്ള വികസനപ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന വികസന പദ്ധതിയായ അംബേദ്കര്‍ ഗ്രാമവികസന പദ്ധതി 2016-17 പ്രകാരം തെരഞ്ഞെടുത്ത ആറന്മുള നിയോജകമണ്ഡലത്തിലെ എഴിക്കാട് കോളനിയുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു.

ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ജോജി, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ആറന്മുള ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ രാജേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍മാരായ വി.കെ. ബാബുരാജ്, ശ്രീനി ചാണ്ടിശേരി, ബിജു വര്‍ണശാല, വില്‍സി ബാബു, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ആര്‍.രഘു, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ജി.എസ്. ബിജി, പിവി. സതീഷ് കുമാര്‍, സത്യവ്രതന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!