Trending Now

അരുവാപ്പുലം- ഐരവണ്‍ പാലം നിര്‍മാണം ആരംഭിക്കുന്നതിനുള്ള നടപടി തുടങ്ങി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം – ഐരവണ്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐരവണ്‍ പാലത്തിന്‍റെ നിര്‍മാണത്തിന് മുന്നോടിയായി അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണം ആരംഭിക്കുന്നതിനുള്ള നടപടി തുടങ്ങി.

എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതിക അനുമതി ലഭ്യമായാല്‍ ഉടന്‍ തന്നെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്ന് എംഎല്‍എ പറഞ്ഞു. എത്രയും വേഗം പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

12.25 കോടി രൂപയുടെ ഭരണാനുമതിയാണ് പാലത്തിന് ലഭിച്ചത്. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിനാണ് നിര്‍മാണ ചുമതല. പഞ്ചായത്ത് ആസ്ഥിയായ വസ്തുവിലാണ് പാലം നിര്‍മിക്കുക. അതിനാല്‍ എല്‍.എസ്.ജി.ഡി. എന്‍ജിനീയറിംഗ് വിഭാഗം മേല്‍നോട്ടം നിര്‍വഹിക്കും.
അരുവാപ്പുലം പഞ്ചായത്തിലെ നാലു വാര്‍ഡുകള്‍ സ്ഥിതി ചെയ്യുന്ന ഐരവണ്‍ പ്രദേശത്തെ ആളുകള്‍ക്ക് പഞ്ചായത്ത് ഓഫീസിലോ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ, ആയുര്‍വേദ – ഹോമിയോ ആശുപത്രികളിലോ പോകണമെങ്കില്‍ കോന്നി പഞ്ചായത്ത് ചുറ്റി കിലോമീറ്ററുകള്‍ താണ്ടേണ്ട സ്ഥിതിയിലാണ് നിലവില്‍. എന്നാല്‍, പാലം വരുന്നതോടെ ഈ ദുരവസ്ഥ മാറും. അരുവാപ്പുലം പഞ്ചായത്തിനെ അച്ചന്‍കോവില്‍ ആറ് രണ്ട് കരകളായി വേര്‍തിരിക്കുകയാണ്. ഇരുകരകളിലുമുള്ളവര്‍ പരസ്പരം കാണണമെങ്കില്‍ കോന്നി പഞ്ചായത്ത് ചുറ്റി എത്തിച്ചേരേണ്ട സ്ഥിതിയാണ്.

ജനങ്ങളുടെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ട എംഎല്‍എ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് പാലത്തിന് അനുമതി ലഭിച്ചത്. അരുവാപ്പുലം, ഐരവണ്‍ വില്ലേജുകളെ പാലം വഴി ബന്ധിപ്പിക്കുമ്പോള്‍ രണ്ടായി നിന്ന പഞ്ചായത്ത് പ്രദേശം ഒന്നായി മാറും. ഐരവണ്‍ ഭാഗത്തുനിന്ന് ജനങ്ങള്‍ക്ക് കോന്നി ചുറ്റാതെ പഞ്ചായത്ത് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, കൃഷിഭവന്‍ തുടങ്ങിയ സ്ഥാപനങ്ങളിലെത്താം. അരുവാപ്പുലം നിവാസികള്‍ക്ക് എളുപ്പം മെഡിക്കല്‍ കോളജിലുമെത്തിച്ചേരാനും പാലം ഉപകരിക്കും.

അച്ചന്‍കോവില്‍- പ്ലാപ്പള്ളി റോഡില്‍ നിന്നുമാണ് പാലം ഐരവണ്‍ കരയുമായി ബന്ധിപ്പിക്കുന്നത്. അതിനാല്‍ പാലം വരുന്നതോടെ കൊല്ലം ജില്ലയില്‍ നിന്നുള്ളവര്‍ക്ക് കോന്നിയില്‍ എത്താതെ അച്ചന്‍കോവില്‍ റോഡുവഴി മെഡിക്കല്‍ കോളജില്‍ എത്തിച്ചേരാന്‍ കഴിയും. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലുള്ളവര്‍ മധുര മെഡിക്കല്‍ കോളജിനെയാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. ഇതിന് 150 കിലോമീറ്റര്‍ ദൂരം വരും. തെങ്കാശി ജില്ലക്കാര്‍ക്ക് പകുതി ദൂരം യാത്ര ചെയ്താല്‍ കോന്നി മെഡിക്കല്‍ കോളജിലെത്താം.

കൊല്ലം ജില്ലക്കാരും, തമിഴ്‌നാട്ടുകാരും കോന്നി മെഡിക്കല്‍ കോളജിലേക്ക് എത്തുമ്പോള്‍ കോന്നി ടൗണില്‍ വരാതെ ഐരവണ്‍പാലം വഴി അവര്‍ക്ക് എത്തിച്ചേരാന്‍ കഴിയും. കോന്നിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വന്‍ ഗതാഗത കുരുക്കിനും ഇതോടെ പരിഹാരമാകും. കൂടുതല്‍ ആളുകള്‍ അരുവാപ്പുലം പഞ്ചായത്തിലേക്ക് എത്തിച്ചേരുന്നതോടെ അരുവാപ്പുലത്തിന് വന്‍ വികസന സാധ്യതയാണ് കൈവരുന്നത്.

എംഎല്‍എയ്ക്ക് ഒപ്പം ബ്ലോക്ക് പഞ്ചായത്തംഗം വര്‍ഗീസ് ബേബി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം എക്‌സി. എന്‍ജിനിയര്‍ സി.ബി. സുഭാഷ് കുമാര്‍, അസി. എന്‍ജിനിയര്‍ ജോയ് രാജ് എന്നിവരും ഉണ്ടായിരുന്നു.

error: Content is protected !!