Trending Now

നിയമസഭാ തെരഞ്ഞെടുപ്പ്: ഇലക്ഷന്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു

നിയമസഭാ തെരഞ്ഞെടുപ്പ്: ഇലക്ഷന്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ റിട്ടേണിംഗ് ഓഫീസര്‍മാരുടെയും അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരുടെയും ഇലക്ടറല്‍ രജിട്രേഷന്‍ ഓഫീസര്‍മാരുടെയും ഇലക്ഷന്‍ ഡെപ്യൂട്ടി തഹസിദാര്‍മാരുടെയും അവലോകന യോഗം ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു.

പോളിംഗ് ബൂത്തുകളില്‍ കുടിവെള്ളം, വൈദ്യുതി, ടോയ്‌ലറ്റ്, നെറ്റ് കണക്ഷന്‍ തുടങ്ങിയ അടിസ്ഥാന സൗകര്യം ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. റാമ്പില്ലാത്ത പോളിംഗ് ബൂത്തില്‍ അതത് സ്ഥാപന മേധാവികള്‍ അടിയന്തരമായി ചെയ്യണം. ഇതിലേക്ക് ബന്ധപ്പെട്ട ഇലക്ടറല്‍ രജിട്രേഷന്‍ ഓഫീസര്‍മാര്‍(ഇ.ആര്‍.ഒ) സത്വര ശ്രദ്ധ പതിപ്പിക്കണം.

കോവിഡ് പശ്ചാത്തലത്തില്‍ ആയിരത്തിലധികം വോട്ടര്‍മാരുള്ള പോളിംഗ് ബൂത്തുകളില്‍ ഓക്‌സിലറി പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കും. പത്തനംതിട്ട ജില്ലയില്‍ ആകെയുള്ള 1530 പോളിംഗ് ബൂത്തുകളില്‍ 453 ഓക്‌സിലറി പോളിംഗ് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 80 വയസിനു മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിച്ചവര്‍, ക്വാറന്‍ന്റൈനില്‍ കഴിയുന്നവര്‍, എസന്‍ഷ്യല്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ് പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നത്.

ഇത്തവണ കോവിഡ് പശ്ചാത്തലത്തില്‍ പോളിംഗ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചതോടെ ഇലക്ഷനുമായി ബന്ധപ്പെട്ട് കൂടുതല്‍ വാഹനങ്ങള്‍ ആവശ്യമുള്ളതിനാല്‍ വെഹിക്കിള്‍ പ്ലാന്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ മുന്‍കൂട്ടി നല്‍കണം. കൗണ്ടിംഗ് ഹാള്‍ പരമാവധി സൗകര്യവും സ്ഥലവും ഉള്ളതായിരിക്കണം. പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണത്തില്‍ കോവിഡ് പശ്ചാത്തലത്തില്‍ വര്‍ധനയുള്ളതിനാല്‍ കൂടുതല്‍ കൗണ്ടിംഗ് ടേബിളുകള്‍ സജ്ജീകരിക്കേണ്ടിവരുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍, അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍, ഇലക്ട്രല്‍ രജിട്രേഷന്‍ ഓഫീസര്‍മാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസിദാര്‍ എന്നിവര്‍ തങ്ങളുടെ പരിധിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ ജില്ലാ കളക്ടറെ ബോധിപ്പിച്ചു.

ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ചന്ദ്രശേഖരന്‍ നായര്‍, റിട്ടേണിംഗ് ഓഫീസര്‍മാരായ അടൂര്‍ ആര്‍.ഡി.ഒ: എസ്. ഹരികുമാര്‍, തിരുവല്ല ആര്‍.ഡി.ഒ: പി.സുരേഷ്, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്.സന്തോഷ്, ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജെസിക്കുട്ടി മാത്യു, എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ബീനാ റാണി, അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍, ഇലക്ടറല്‍ രജിട്രേഷന്‍ ഓഫീസര്‍മാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസിദാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.