Trending Now

സൗജന്യ നിരക്കില്‍ എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യും: രാജു എബ്രഹാം എംഎല്‍എ

 

കോന്നി വാര്‍ത്ത : റാന്നി നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും സൗജന്യ നിരക്കില്‍ എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുമെന്ന് രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഫിലമെന്റ് ഫ്രീ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 200 രൂപ വിലവരുന്ന എല്‍ഇഡി ബള്‍ബുകള്‍ 65 രൂപ നിരക്കില്‍ നല്‍കുന്നത്. ഒരു കുടുംബത്തിന് പരമാവധി 20 ബള്‍ബുകളാണ് നല്‍കുന്നത്. 65 രൂപ കഴിച്ചുള്ള ബാക്കി തുക സര്‍ക്കാര്‍ തന്നെ കമ്പനികള്‍ക്ക് നല്‍കും. വൈദ്യുതി സെക്ഷന്‍ ഓഫീസുകളിലേക്ക് ഫോണ്‍ വിളിച്ചാണ് ബള്‍ബുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇത്തരത്തില്‍ വാങ്ങുന്ന ബള്‍ബുകള്‍ക്ക് ഇപ്പോള്‍ പണം അടയ്‌ക്കേണ്ടതില്ല. അതത് വീടുകളുടെ വൈദ്യുതി ബില്ലുകളില്‍ തവണകളായി ഉള്‍പ്പെടുത്തി ഒരു വര്‍ഷം കൊണ്ട് കെ എസ് ഇ ബി തന്നെ ബള്‍ബിന്റെ വില ഈടാക്കും.
കെഎസ്ഇബിയുടെ ബള്‍ബിനെന്ന് തെറ്റിദ്ധരിപ്പിച്ച് വീടുകള്‍ കയറി പണം വാങ്ങുന്നവര്‍ ഇറങ്ങിയതായി അറിയാന്‍ കഴിഞ്ഞു. ഇത്തരത്തില്‍ ആരെങ്കിലും പണം ആവശ്യപ്പെടുകയാണെങ്കില്‍ ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിക്കണമെന്നും എംഎല്‍എ പറഞ്ഞു. ബള്‍ബ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച റാന്നി, അങ്ങാടി, വെച്ചൂച്ചിറ പഞ്ചായത്തുകളില്‍ ബള്‍ബ് വിതരണം ചെയ്തു.
റാന്നി സൗത്ത് സെക്ഷന്‍ പരിധിയില്‍ തന്നെ 15000 ബള്‍ബുകളാണ് വിതരണം ചെയ്തത്. തുടര്‍ന്നും ആവശ്യക്കാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടന്നു കൊണ്ടിരിക്കുന്നു. വരും ദിനങ്ങളില്‍ മറ്റ് പഞ്ചായത്തുകളിലും ബള്‍ബ് വിതരണം നടക്കും. ഉദ്ഘാടന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭ ചാര്‍ലി, ബിന്ദു റെജി, ടി.കെ. ജെയിംസ്, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ബിനോയി കുര്യാക്കോസ്, സാം മാത്യു, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. സന്തോഷ്, അസി എക്‌സി. എന്‍ജിനീയര്‍ ഷെറി ഫിലിപ്പ്, അസി. എന്‍ജിനീയര്‍മാരായ ബി. ജയകൃഷ്ണന്‍, ടി.വി. മനോജ്, ടി.ജെ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു

error: Content is protected !!