Trending Now

ജെസ്‌നയുടെ തിരോധാനം: സര്‍ക്കാര്‍ ദുരൂഹത അകറ്റണം- പോപുലര്‍ ഫ്രണ്ട്

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കാഞ്ഞിരപ്പള്ളി മുക്കൂട്ടുതറ സ്വദേശിനി ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെടുത്തി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കത്തിന് തടയിടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റഊഫ് ആവശ്യപ്പെട്ടു.

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ഇപ്പോഴും സജീവമായി തുടരുകയാണ്. സുപ്രധാനമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണസംഘങ്ങള്‍ പലഘട്ടങ്ങളിലായി പറഞ്ഞിട്ടുമുണ്ട്.
എന്നാല്‍, കേസില്‍ തുറന്നുപറയാന്‍ കഴിയാത്ത ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി അടുത്തിടെ വിരമിച്ച അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ ജി സൈമണ്‍ വ്യക്തമായിരുന്നു. ഈ വാദത്തെ ഉയര്‍ത്തിക്കാട്ടിയാണ് ഇപ്പോള്‍ സംഘപരിവാരവും ചില ക്രൈസ്തവ പ്രസ്ഥാനങ്ങളും മാധ്യമങ്ങളുടെ സഹായത്തോടെ അഭ്യൂഹങ്ങളും കെട്ടുകഥകളും നിരത്തി ഇസ്്‌ലാം വിരുദ്ധത പ്രചരിപ്പിക്കുന്നത്.

പെണ്‍കുട്ടി മതപഠന കേന്ദ്രത്തിലാണെന്നും ഗര്‍ഭിണിയാണെന്നുമുള്ള നുണപ്രചാരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നടക്കുന്നത്. ഈ സാഹചര്യത്തില്‍ ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിലവിലെ അന്വേഷണ പുരോഗതി സമൂഹത്തിന് മുന്നില്‍ തുറന്നുപറയാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
2018 മാര്‍ച്ച് 22ന് രാവിലെ 9.30ന് വീട്ടില്‍ നിന്ന് മുണ്ടക്കയത്തേക്കുപോയ മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളായ ജെസ്നയെയാണ് പിന്നീട് കാണാതായത്.

ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. വസ്തുത ഇതായിരിക്കെ, കോടതികള്‍ പോലും തള്ളിക്കളഞ്ഞ സംഘപരിവാര്‍ സൃഷ്ടിയായ ലൗജിഹാദ് പ്രയോഗം വീണ്ടും ഉയര്‍ത്തിക്കാട്ടിയാണ് ഈ കേസില്‍ സംഘപരിവാര്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത്. മാത്രമല്ല, കേരളത്തിന്റെ ആഭ്യന്തര വകുപ്പിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയുള്ള സംഘപരിവാര്‍ നീക്കവും അത്യന്തം അപകടകരമാണ്.

ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ എറണാകുളം പാറക്കടവ് കുറുമശ്ശേരിയിലെ മോഡി ബേക്കറിക്കെതിരേ ഹിന്ദു ഐക്യവേദി രംഗത്തുവന്നതും തുടര്‍ന്നുള്ള പ്രസ്താവനകളും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന മൃദുഹിന്ദുത്വ സമീപനമാണ് സംഘപരിപാരത്തിന് വളക്കുറൂള്ള മണ്ണായി കേരളത്തെ മാറ്റിയത്. നുണബോംബുകള്‍ പൊട്ടിച്ച് ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയത കേരളത്തിലും പയറ്റാനുള്ള ആര്‍എസ്എസ് നീക്കത്തിനെതിരേ ഇനിയെങ്കിലും സര്‍ക്കാര്‍ മൗനം വെടിയണമെന്നും സി എ റഊഫ് ആവശ്യപ്പെട്ടു.