Trending Now

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍; സംസ്ഥാന വ്യാപകമായി 41 പേരെ അറസ്റ്റ് ചെയ്തു

 

ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് 41 പേരെ പോലീസ് അറസ്റ്റ് ചെയ്തു.കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി അവർ ഉൾപ്പെടുന്ന ലൈംഗിക ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ പി- ഹണ്ട് എന്ന പദ്ധതി പോലീസ് നടപ്പിലാക്കുന്നത്. പി- ഹണ്ടിന്റെ ഭാഗമായി 596 കേന്ദ്രങ്ങളെ തിരിച്ചറിയുകയും അവ ജില്ലാ പോലീസ് മേധാവികൾക്ക് തരംതിരിച്ച് കൈമാറുകയും ചെയ്തു.392 ഡിവൈസുകൾ പിടിച്ചെടുത്തു. മൊബൈൽ ഫോണുകൾ,ടാബുകൾ, ഹാർഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ എന്നിവയാണ് പിടിച്ചെടുത്തത്. യുവ ഡോക്ടര്‍, ഐ ടി വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിയാണ് ഡോക്ടര്‍. ഇവര്‍ക്കെതിരെ ഐടി നിയമം, പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി. ആകെ 339 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആറു മുതൽ 15 വയസ് വരെയുള്ള കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ഇവയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.ഇത്തരം ദൃശ്യങ്ങൾ അധികവും അതാത് പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളുടേതാണെന്ന് വ്യക്തമായിട്ടുണ്ട്.അറസ്റ്റിലായവരിൽ അധികവും യുവാക്കളാണ്. ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെ ഉന്നത ജോലികൾ ചെയ്യുന്നവരാണ് അധികവും.

കുട്ടികളുടെ നഗ്ന ചിത്രങ്ങൾ എടുക്കുകയോ അവ പ്രചരിപ്പിക്കുകയോ ശേഖരിച്ച് സൂക്ഷിക്കുകയോ ചെയ്യുന്നത് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാനും 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാനും ഇടയാക്കുന്ന കുറ്റകൃത്യമാണ്.