Trending Now

കോവിഡ് 19 പ്രതിരോധം;ശബരിമലയില്‍ പരിശോധനാ ക്യാമ്പ്

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും, ഹോട്ടലുകളിലും സന്നിധാനം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് സി.പി. സത്യപാലന്‍ നായരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. ഡിസംബര്‍ എട്ടിന് നടത്തിയ നടപടികളുടെ ഭാഗമായിരുന്നു പരിശോധന.

സന്നിധാനത്ത് ജോലി ചെയ്യുന്ന മുഴുവന്‍ ആളുകളും കോവിഡ് 19 ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് രണ്ട് ദിവസത്തിനകം തന്നെ ഹാജരാക്കണമെന്നുള്ള നിര്‍ദ്ദേശം അതാത് സ്ഥാപന ഉടമകള്‍ക്ക് നല്‍കിയിരുന്നു. ഇക്കാര്യം ഉറപ്പ് വരുത്തുന്നതിനായിരുന്നു വെള്ളിയാഴ്ച്ചത്തെ പരിശോധന. പരിശോധനയില്‍ ഭൂരിഭാഗം ആളുകളുടേയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരോട് സന്നിധാനം വിട്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കി.

സന്നിധാനത്ത് വിവിധ ജോലികള്‍ക്കും മറ്റുമായി താമസിക്കുന്നവര്‍ക്കായി ശനിയാഴ്ച്ച കോവിഡ് 19 പരിശോധന ക്യാമ്പ് നടത്തുന്നതിനും തീരുമാനിച്ചു. ഉച്ചക്ക് 12 മുതല്‍ വൈകിട്ട് 4 വരെയാണ് സന്നിധാനത്ത് വച്ച് പരിശോധന നടത്തുക. പരിശോധനയുമായി സഹകരിക്കാത്ത സ്ഥാപന ഉടമകളെയും ജീവനക്കാരെയും തുടര്‍ന്ന് സന്നിധാനത്ത് തുടരാന്‍ അനുവദിക്കില്ലെന്നും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് അറിയിച്ചു.