Trending Now

പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍

 

പോളിംഗ് സാമഗ്രികളുടെ വിതരണം
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ (7) രാവിലെ ഒന്‍പതു മുതല്‍ മല്ലപ്പള്ളി സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിതരണം ചെയ്യും. രാവിലെ ഒന്‍പതിന് ആനിക്കാട് ഗ്രാമപഞ്ചായത്ത് (26 പോളിംഗ് സ്റ്റേഷന്‍),10 ന് കവിയൂര്‍ ഗ്രാമപഞ്ചായത്ത് (14 പോളിംഗ് സ്റ്റേഷന്‍),10.30 ന് കൊറ്റനാട് ഗ്രാമപഞ്ചായത്ത് (26 പോളിംഗ് സ്റ്റേഷന്‍), 11.30 ന് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് (23 പോളിംഗ് സ്റ്റേഷന്‍), 12ന് കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് (25 പോളിംഗ് സ്റ്റേഷന്‍), ഉച്ചയ്ക്ക് ഒന്നിന് കുന്നന്താനം ഗ്രാമപഞ്ചായത്ത് (30 പോളിംഗ് സ്റ്റേഷന്‍), ഉച്ചകഴിഞ്ഞ് രണ്ടിന് മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് (19 പോളിംഗ് സ്റ്റേഷന്‍) എന്ന ക്രമത്തില്‍ ആയിരിക്കും വിതരണം. പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ നിശ്ചയിക്കപ്പെട്ട സമയത്ത് ഹാജരാകണം.

സത്യപ്രസ്താവന സാക്ഷ്യപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോവിഡ് -19 പോസിറ്റീവ് ആയവര്‍ക്കും, ക്വാറന്റൈനില്‍ ഉള്ളവര്‍ക്കും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിനൊപ്പം ഉള്‍ക്കൊള്ളിക്കേണ്ടതായ സത്യപ്രസ്താവന (ഫാറം 16) സാക്ഷ്യപ്പെടുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരായി നിയമിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്: ശക്തമായ പോലീസ്
സന്നാഹം ഏര്‍പ്പെടുത്തി- ജില്ലാപോലീസ് മേധാവി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സുഗമമായി നടക്കുന്നത് ഉറപ്പാക്കാന്‍ ശക്തമായ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയതായി ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ കഴിയുംവരെ ജില്ലയിലെ പോലീസിനെ സര്‍വസജ്ജമാക്കി നിര്‍ത്തിയതായും, നിലവിലെ പോലീസ് സബ് ഡിവിഷനുകളെ ആറ് എണ്ണമാക്കി പുനക്രമീകരിച്ചുവെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. ഓരോ ഇലക്ഷന്‍ സബ് ഡിവിഷനും ഓരോ ഡിവൈഎസ്പിയുടെ നിയന്ത്രണത്തിന്‍ കീഴിലാക്കിയിട്ടുണ്ട്. നിലവിലെ സബ് ഡിവിഷനുകള്‍ നിലവിലെ ഡിവൈഎസ്പി മാരുടെ ചുമതലയില്‍ തുടരും. പുറമെയുള്ള പന്തളം ഇലക്ഷന്‍ സബ് ഡിവിഷന്റെ ചുമതല നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍. പ്രദീപ് കുമാറിനും, കോന്നിയുടേത് സി ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. സുധാകരന്‍ പിള്ളയ്ക്കും, റാന്നിയുടേത് സിബിസിഐഡി ഡിവൈഎസ്പി കെ.എച്ച്. മുഹമ്മദ് കബീര്‍ റാവുത്തര്‍ക്കും നല്‍കി.
ഓരോ ഇലക്ഷന്‍ സബ് ഡിവിഷനിലും 11 പോലീസ് ഉദ്യോഗസ്ഥര്‍ വീതമുള്ള സ്ട്രൈക്കിംഗ് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ട്. അതതു സബ് ഡിവിഷന് കീഴില്‍ വരുന്ന പ്രദേശങ്ങളിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സ്ട്രൈക്കിംഗ് ഫോഴ്സിന്റെ സേവനം പ്രയോജനപ്പെടുത്തും. ജില്ലയിലെ 23 പോലീസ് സ്റ്റേഷനുകളിലും ഓരോ സ്ട്രൈക്കിംഗ് ഫോഴ്‌സിനെ ഏര്‍പ്പെടുത്തി. കൂടാതെ ജില്ലാപോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഒരു സ്ട്രൈക്കിങ് ഫോഴ്സും പ്രവര്‍ത്തിക്കും.
ഒരു പോലീസ് സ്റ്റേഷന് രണ്ടുവീതം ക്രമസമാധാന ചുമതലയുള്ള പട്രോളിംഗ് സംഘങ്ങളെ നിയോഗിച്ചതായും ജില്ലാപോലീസ് മേധാവി പറഞ്ഞു. അതതു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാതെ നോക്കുകയും തെരഞ്ഞെടുപ്പ് നടപടിക്രമം പൂര്‍ണമാകും വരെ ഇവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. 102 ഗ്രൂപ്പ് പട്രോള്‍ സംഘങ്ങള്‍ ഉണ്ടാവും. ഇവയുടെ നിയന്ത്രണം ഒരു എസ്‌ഐക്കോ എഎസ്‌ഐക്കോ ആയിരിക്കും. രണ്ട് പോലീസ് ഉദ്യോസ്ഥര്‍ ഒപ്പമുണ്ടാവും.

1024 ക്ലസ്റ്ററുകളിലായി 1459 ബൂത്തുകളാണ് ജില്ലയിലുള്ളത്. 625 ഒറ്റ ബൂത്തുകളും, 377 ഇരട്ട ബൂത്തുകളും, മൂന്ന് ബൂത്തുകളുള്ള 12 കേന്ദ്രങ്ങളും നാല് എണ്ണമുള്ള എട്ട് കേന്ദ്രങ്ങളും ആറ് ബൂത്തുള്ള രണ്ട് കേന്ദ്രങ്ങളുമാണുള്ളത്. എത്തിപ്പെടാനാവാത്ത രണ്ടു ബൂത്തുകളാണുള്ളത്, ഇവ ഗവിയിലാണുള്ളത്. ഇവിടേയ്ക്ക് നിലവിലേതു കൂടാതെ ഒരു പോലീസ് ഉദ്യോഗസ്ഥനെക്കൂടി നിയോഗിച്ചിട്ടുണ്ട്. സെന്‍സിറ്റീവ് ബൂത്തുകളിലും അഡിഷണലായി പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ജില്ലയിലാകെ 179 സെന്‍സിറ്റീവ് ബൂത്തുകളാണുള്ളതെന്ന് ജില്ലാപോലീസ് മേധാവി അറിയിച്ചു. അതീവ പ്രശ്‌നബാധിത ബൂത്തുകളില്ല. അഞ്ച് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊല്ലം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളുമായും, തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയും അതിര്‍ത്തി പങ്കിടുന്ന പത്തനംതിട്ട ജില്ലയില്‍ സുഗമമായ തെരഞ്ഞെടുപ്പിനു വേണ്ട എല്ലാ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള നിരീക്ഷകര്‍ക്കും വേണ്ട പോലീസ് സേവനം ഉറപ്പാക്കിയിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളില്‍ വളരെ കുറച്ചു പോലീസിനെ മാത്രം അത്യാവശ്യം ഡ്യൂട്ടിക്ക് നിയോഗിക്കുകയും സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ശക്തമായ പോലീസ് സുരക്ഷ ഉറപ്പാക്കിയതായും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.
ജില്ലാ പോലീസ് ആസ്ഥാനത്ത് ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഇലക്ഷന്‍ സെല്ലുമായി ബന്ധപ്പെടുത്തി ഇത് പ്രവര്‍ത്തിച്ചുവരുന്നു. വയര്‍ലെസ് സംവിധാനവും ഹോട് ലൈന്‍ ബന്ധവും ഏര്‍പ്പെടുത്തി. സെന്‍സിറ്റീവ് ബൂത്തുകളുമായി ബന്ധപ്പെട്ട് മൂന്ന് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തി. കോവിഡ് 19 റിസര്‍വ് ആയി ഒരു സംഘത്തെയും, സംസ്ഥാന പോലീസ് മേധാവി, സോണല്‍, റേഞ്ച് എന്നിങ്ങനെ ഓരോ സ്ട്രൈക്കിംഗ് ഫോഴ്സിനെ വീതവും ചുമതലപ്പെടുത്തിയിട്ടുണ്ട്. വോട്ടിംഗ് സാമഗ്രികകളുടെ വിതരണം, സംഭരണം എന്നിവക്കുള്ള കേന്ദ്രങ്ങളില്‍ ശക്തമായ സായുധ പോലീസ് സംരക്ഷണം ഒരുക്കി.

എസ്‌ഐ അല്ലെങ്കില്‍ എഎസ്‌ഐയുടെ നിയന്ത്രത്തിലുള്ള 102 ഗ്രൂപ്പ് പട്രോള്‍ സംഘങ്ങള്‍ക്ക് പുറമെ എല്ലാ ബൂത്തുകളും ഉള്‍പ്പെടുത്തി ഓരോ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലും രണ്ടുവീതം പട്രോളിംഗ് ടീം ഉണ്ടാവും. വോട്ടെടുപ്പ് എല്ലാവിധ കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകളും പാലിച്ചു തന്നെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഗ്രൂപ്പ് പട്രോളിംഗ് ഓഫീസര്‍മാരുടെ ചുമതലയാണ്. അതതു പ്രദേശങ്ങളെക്കുറിച്ച് അറിയാവുന്ന പോലീസ് ഉദ്യോഗസ്ഥരെ ഗൈഡുകളായി ഓരോ സംഘത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് വോട്ടര്‍മാര്‍ ബൂത്തുകളില്‍ വരിയായി നിന്നു വോട്ട് ചെയ്യുന്നതും, ലംഘനങ്ങള്‍ ഉണ്ടാവാതെ സുഗമമായി വോട്ടെടുപ്പ് നടക്കുന്നതും ഇവര്‍ ഉറപ്പാക്കണം.
വോട്ടിംഗ് മെഷീനുകള്‍ക്ക് സായുധ പോലീസ് അകമ്പടി ഉറപ്പാക്കിയിട്ടുണ്ട്. ബൂത്തുകളില്‍ വീഡിയോഗ്രാഫി സംവിധാനം ഏര്‍പ്പെടുത്തിയതായും ജില്ലാപോലീസ് മേധാവി പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്തവും ഗ്രൂപ്പ് ഓഫീസര്‍മാര്‍ക്കാണ്. ഇന്നുമുതല്‍ (06.12.2020) വോട്ടെണ്ണല്‍ നടക്കുന്ന 16 വരെ ജില്ലയില്‍ പോലീസ് വിന്യാസം ശക്തമായി തുടരും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന കുറ്റ കൃത്യങ്ങളുടെ അന്വേഷണത്തിന് 12 സബ് ഡിവിഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചതായും ജില്ലാപോലീസ് മേധാവി അറിയിച്ചു. ഒരു ഗ്രേഡ് എസ്‌ഐ അല്ലെങ്കില്‍ ഗ്രേഡ് എഎസ്‌ഐ യുടെ നേതൃത്വത്തിലാവും സംഘം പ്രവര്‍ത്തിക്കുക. വാഹനസൗകര്യവും നല്‍കിയിട്ടുണ്ട്. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ എസ്എച്ച്ഒമാരുടെ അധികാരം ഇവര്‍ക്ക് നല്‍കിയിട്ടുള്ളതായും ജില്ലാപോലീസ് മേധാവി പറഞ്ഞു. ബൂത്തുകളിലും മറ്റും പ്രശ്‌നങ്ങളുണ്ടാക്കുന്നവരുടെ വിശദാംശം ശേഖരിക്കുകയും തുടര്‍ നടപടികള്‍ കൈക്കൊള്ളുകയും വേണം.

ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധികളിലെ മൂന്നിടങ്ങള്‍ രാഷ്ട്രീയമായി കൂടുതല്‍ സെന്‍സിറ്റീവ് ആയി കണ്ടെത്തിയിട്ടുണ്ട്. അവിടെ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തി.
ഇലക്ഷന്‍ സെല്ലും ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമും ചേര്‍ന്നു പ്രവര്‍ത്തിക്കും. ഹോട് ലൈന്‍ ബന്ധവും സ്ഥാപിച്ചിട്ടുണ്ട്. ഡിസിആര്‍ബി ഡിവൈഎസ്പി എ. സന്തോഷ് കുമാറിനാണ് കണ്‍ട്രോള്‍ റൂമിന്റെയും സെല്ലിന്റെയും ചുമതല. ഡിസംബര്‍ ഏഴിന് 7 മണി മുതല്‍ ഒന്‍പതിന് 10 മണി വരെ പ്രവര്‍ത്തിക്കും. രഹസ്യവിവരങ്ങള്‍ സംബന്ധിച്ച ഏകോപനവും തുടര്‍നടപടികളും ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസിന്റെ നിയന്ത്രത്തിലാവും. വിതരണ കേന്ദ്രങ്ങളിലും, വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പഴുതടച്ച സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാപോലീസ് മേധാവി വ്യക്തമാക്കി. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ക്ഷേമകാര്യങ്ങള്‍ക്കായി അഡിഷണല്‍ എസ്പി എ.യു. സുനില്‍കുമാറിനെ നോഡല്‍ ഓഫീസറായി നിയോഗിച്ചതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.
സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി 425 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. വോട്ടെടുപ്പിന് ശേഷവും സുരക്ഷ ശക്തമായി തുടരും. വോട്ടെണ്ണല്‍ സുഗമമായി നടക്കുന്നതിനുള്ള അന്തരീക്ഷം ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് ശക്തമായ പട്രോളിംഗ് ഏര്‍പ്പെടുത്തും.

വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി: ജില്ലാപോലീസ് മേധാവി

വോട്ടെടുപ്പ് സമയം സംബന്ധിച്ചും മറ്റും വ്യാജ പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, ഇതിനെതിരെ കര്‍ശനവും ശക്തവുമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. കൂടാതെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കും വിധമുള്ള വാര്‍ത്തകളും പ്രചാരണങ്ങളും തടഞ്ഞു ശക്തമായ നടപടി സ്വീകരിക്കുന്നതിന് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവരെ കര്‍ശന നിയമ നടപടികള്‍ക്ക് വിധേയരാക്കുമെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.

സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം വേഗത്തിലാക്കാന്‍ അധിക ടീമുകളെ നിയോഗിച്ചു

പത്തനംതിട്ട ജില്ലയിലെ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം വേഗത്തിലാക്കാന്‍ നഗരസഭ തലത്തില്‍ ഒരു ടീമിനേയും പറക്കോട് ബ്ലോക്കില്‍ മൂന്നു ടീമുകളേയും മറ്റു ബ്ലോക്കുകളില്‍ രണ്ടു ടീമുകളേയും അധികമായി നിയോഗിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി.നൂഹ് പറഞ്ഞു. ബ്ലോക്ക്, നഗരസഭ റിട്ടേണിംഗ് ഓഫീസര്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തിയായി കഴിഞ്ഞു. നിലവില്‍ 8858 പേരാണ് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ലിസ്റ്റിലുള്ളത്. ഇന്ന്(ഡിസംബര്‍ 7) ഉച്ചകഴിഞ്ഞ് മൂന്നിനാണ് അവസാന ലിസ്റ്റ് ലഭിക്കുക. സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ജോലികള്‍ക്കായി പോകുന്നവരുടെ പിപിഇ കിറ്റ് അതത് താലൂക്ക് ആശുപത്രികളിലോ, പ്രവര്‍ത്തനം നടക്കുന്ന സിഎഫ്എല്‍ടിസികളിലോ സംസ്‌കരിക്കാം.
തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് എത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ഒരു പഞ്ചായത്തിലെ റിസര്‍വ് ഓഫീസര്‍മാര്‍ തീര്‍ന്നു പോയാല്‍ ബ്ലോക്ക് റിട്ടേണിംഗ് ഓഫീസറുടെ നിര്‍ദേശപ്രകാരം അടുത്ത പഞ്ചായത്തില്‍ നിന്നും ഓഫീസര്‍മാരെ എടുക്കാവുന്നതാണ്. വെബ് കാസ്റ്റിംഗ് ഉള്ള അഞ്ചു ബൂത്തുകളിലും വെബ്കാസ്റ്റിംഗ് നടക്കുന്നെന്ന് റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഉറപ്പു വരുത്തണം. ബ്ലോക്ക്, നഗരസഭ തലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു പ്രവര്‍ത്തിക്കണം. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന മാസ്‌ക്, ഗ്ലൗസ്, പിപിഇ കിറ്റ് എന്നിവ ബ്ലോക്കുതലത്തില്‍ ശേഖരിക്കുന്നതിനുള്ള സംവിധാനമൊരുക്കണം.
വിതരണ കേന്ദ്രത്തില്‍ വോട്ടിംഗ് മെഷീന്‍ പരിചയപ്പെടാനുള്ള കൗണ്ടര്‍, പോള്‍ മാനേജര്‍ ആപ്പ് പഠിക്കുന്നതിനുള്ള കൗണ്ടര്‍ തുടങ്ങിയവ സജ്ജീകരിക്കണം. തെരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ചെ ആറിന് മോക്ക് പോള്‍ ആരംഭിച്ച് ഏഴു മുതല്‍ പൊതുജനങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമൊരുക്കണം. ക്യൂ നില്‍ക്കുന്നതിന് സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ക്കിംഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാര്‍ ഉണ്ടായാല്‍ ഉടന്‍ പരിഹരിച്ച് വോട്ടെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനും അതതു ബ്ലോക്കുകളിലും നഗരസഭകളിലും ഇലക്ഷനുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും അടിയന്തരമായി പരിഹരിക്കുന്നതിനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കുന്നതിനും അതത് ബ്ലോക്ക് വരണാധികാരികളുടെ കീഴില്‍ നിയമിച്ച ട്രബിള്‍ ഷൂട്ട് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു. എഡിഎം അലക്‌സ് പി. തോമസ്, അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.ഹരികുമാര്‍, ഡിഡിപി എസ്. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

ഭിന്നശേഷിക്കാര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും ക്യൂ നില്‍ക്കേണ്ട

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍, രോഗ ബാധിതര്‍, 70 വയസിന് മുകളിലുളള മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. ഇതിനായി പോളിംഗ് ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ സൗകര്യം ഒരുക്കണം. ഇത്തരത്തിലുള്ള വോട്ടര്‍മാര്‍ക്ക് വിശ്രമം ആവശ്യമെങ്കില്‍ കസേരയോ, ബെഞ്ചോ പോളിംഗ് സ്റ്റേഷനില്‍ സജ്ജമാക്കിയിരിക്കണം. ഇവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഉറപ്പാക്കണം.

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പാതയോരങ്ങള്‍ കുഴിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതുമായി ബന്ധപ്പെട്ട് ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് ഫോണ്‍ സേവനങ്ങള്‍ തടസമില്ലാതെ ലഭിക്കുന്നതിനായി ഡിസംബര്‍ അഞ്ചു മുതല്‍ 16 വരെ ബിഎസ്എന്‍എല്‍ ഭൂഗര്‍ഭ കേബിളുകള്‍ കടന്ന് പോകുന്ന പാതയോരങ്ങളില്‍ കുഴിയെടുത്ത് നടത്തി വരുന്ന പ്രവര്‍ത്തികള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കേണ്ടതാണെന്ന്
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവിറക്കി. ഇക്കാര്യത്തില്‍ ഒരു വീഴ്ചയും ഉണ്ടാകാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍….

കോവിഡ് പശ്ചാത്തലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുമ്പോള്‍ പോളിംഗ് ബൂത്തിന് പുറത്തായി അടയാളപ്പെടുത്തിയ സ്ഥലത്ത് സാമൂഹിക അകലം പാലിച്ച് വേണം വോട്ടര്‍മാര്‍ നില്‍ക്കാന്‍. വോട്ട് രേഖപ്പെടുത്താന്‍ ബൂത്തില്‍ കയറുമ്പോഴും വോട്ട് രേഖപ്പെടുത്തി ബൂത്തില്‍ നിന്ന് തിരികെ ഇറങ്ങുമ്പോഴും പോളിംഗ് അസിസ്റ്റന്റ് സാനിറ്റെസര്‍ നല്‍കും.

വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലേക്ക് ചെല്ലുന്ന സമ്മതിദായകന്‍ ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്ത് ആദ്യം എത്തണം. മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രമാണ് ഒരു സമയം ബൂത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. സമ്മതിദായകന്‍ തിരിച്ചറിയല്‍ രേഖ പോളിംഗ് ഓഫീസര്‍ക്ക് നല്‍കണം. പോളിംഗ് ഓഫീസര്‍ ആവശ്യപ്പെടുകയാണെങ്കില്‍ വോട്ടര്‍ മാസ്‌ക് നീക്കി മുഖം കാണിക്കണം.
രേഖകളിലെ വിവരങ്ങള്‍ നോ

ക്കിയശേഷം സമ്മതിദായകന്റെ ക്രമനമ്പരും മറ്റ് വിവരങ്ങളും ഒന്നാം പോളിംഗ് ഓഫീസര്‍ ഉറക്കെ വിളിച്ചുപറയും. രേഖ സംബന്ധിച്ച തര്‍ക്കമില്ലെങ്കില്‍ വോട്ടര്‍പട്ടികയില്‍ സമ്മതിദായകന്റെ വിവരം രേഖപ്പെടുത്തിയ സ്ഥാനത്ത് പോളിംഗ് ഓഫീസര്‍ അടയാളമിടും. ഇതിനുശേഷം സമ്മതിദായകന്‍ രണ്ടാം പോളിംഗ് ഓഫീസറുടെ അടുത്ത് എത്തണം. വോട്ട് രജിസ്റ്ററില്‍ ക്രമനമ്പര്‍ രേഖപ്പെടുത്തി പോളിംഗ് ഓഫീസര്‍ സമ്മതിദായകന്റെ ഒപ്പോ, വിരലടയാളമോ വാങ്ങും. തുടര്‍ന്ന് സമ്മതിദായകന്റെ ഇടത് ചൂണ്ട് വിരല്‍ പരിശോധിച്ച് അതില്‍ നഖം മുതല്‍ മുകളിലോട്ട് വിരലിന്റെ ആദ്യ മടക്കുവരെ മായ്ക്കാനാവാത്ത മഷികൊണ്ട് അടയാളപ്പെടുത്തും.
മഷി അടയാളം പുരട്ടിയശേഷം സമ്മതിദായകന്‍ അത് തുടച്ചുകളയുവാന്‍ പാടില്ല. ഇടത് ചൂണ്ടുവിരല്‍ ഇല്ലാത്തപക്ഷം സമ്മതിദായകന്റെ ഇടത് കൈയ്യിലെ ഏതെങ്കിലും വിരലില്‍ പോളിംഗ് ഓഫീസര്‍ മഷി അടയാളം പതിക്കും. ഇടത് കൈയ്യില്ലാത്തവരാണെങ്കില്‍ വലതുകൈയ്യിലെ ചൂണ്ട് വിരലില്‍ മഷി പതിക്കും. തുടര്‍ന്ന് സമ്മതിദായകന് പോളിംഗ് ഓഫീസര്‍ വോട്ട് ചെയ്യുന്നതിനുള്ള സ്ലിപ്പ് നല്‍കും.

വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കിയശേഷം മൂന്നാം പോളിംഗ് ഓഫീസര്‍ വോട്ടിംഗ് സ്ലിപ്പും മഷി അടയാളവും പരിശോധിച്ച് വോട്ട് ചെയ്യാനായി സമ്മതിദായകനെ അനുവദിക്കും. വോട്ട് ചെയ്യാന്‍ പാകത്തില്‍ വോട്ടിംഗ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റിന്റെ സ്വിച്ച് പോളിംഗ് ഓഫീസര്‍ അമര്‍ത്തുമ്പോള്‍ ബാലറ്റ് യൂണിറ്റുകള്‍ വോട്ട് ചെയ്യാന്‍ സജ്ജമാവും. ത്രിതല പഞ്ചായത്തുകളില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് ബാലറ്റ് യൂണിറ്റുകളുണ്ടാവും. വെള്ള, പിങ്ക്, ആകാശ നീല എന്നിങ്ങനെയാവും നിറങ്ങള്‍.

ഇടത്തു നിന്ന് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് ബാലറ്റ് യൂണിറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം. ഒരു ബാലറ്റ് യൂണിറ്റില്‍ വോട്ട് രേഖപ്പെടുത്തി കഴിയുമ്പോള്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ നേരെയുള്ളിടത്ത് ലൈറ്റ് തെളിയും. മൂന്ന് വോട്ടും മൂന്ന് ബാലറ്റ് യൂണിറ്റിലായി രേഖപ്പെടുത്തി കഴിയുമ്പോള്‍ ബീപ്പ് ശബ്ദം കേള്‍ക്കും. അപ്പോള്‍ രേഖപ്പെടുത്തിയതായി കണക്കാക്കാം.
നഗരസഭകളില്‍ ഒരു ബാലറ്റ് യൂണിറ്റ് മാത്ര

മാണുള്ളത്. ഇവിടെ വോട്ടര്‍മാര്‍ ഒരു വോട്ട് മാത്രം രേഖപ്പെടുത്തിയാല്‍ മതി. വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ്. ആറു മണിക്ക് ക്യൂവില്‍ ഉള്ളവര്‍ക്ക്് സ്ലിപ്പ് നല്‍കിയശേഷം അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും.  (7) വൈകുന്നേരം മൂന്നിനു ശേഷം പോസിറ്റീവ് ആകുന്നവരും ക്വാറന്റീനില്‍ പ്രവേശിക്കുന്നവരും വോട്ടെടുപ്പ് ദിവസം (ഡിസംബര്‍ 8) വൈകിട്ട് ആറിന് മുന്‍പ് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാന്‍ എത്തണം. എന്നാല്‍, ആറു മണിക്ക് ക്യുവില്‍ ഉള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ടു ചെയ്ത ശേഷം മാത്രമേ ഇവരെ വോട്ട് ചെയ്യാന്‍ അനുവദിക്കു.

വോട്ടിംഗ് മെഷീനില്‍ ആദ്യമായി എന്‍ഡ് ബട്ടണ്‍
മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനില്‍ ഇത്തവണ എന്‍ഡ് ബട്ടണും ഇടം നേടിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പായതിനാല്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് തലങ്ങളിലേക്കാണ് ഒരാള്‍ വോട്ടു രേഖപ്പെടുത്തേണ്ടത്. എന്നാല്‍,
ഏതെങ്കിലും ഒന്നോ രണ്ടോ തലങ്ങളിലേക്ക് മാത്രം വോട്ട് രേഖപ്പെടുത്താന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ബാക്കിയുള്ളവ ചെയ്ത ശേഷം ബാലറ്റ് യൂണിറ്റിന്റെ ഒടുവില്‍ കാണുന്ന എന്‍ഡ് ബട്ടണ്‍ അമര്‍ത്തി വോട്ടിങ് പൂര്‍ത്തിയാക്കാം. എന്നാല്‍, മൂന്നു തലത്തിലും വോട്ട് രേഖപ്പെടുത്തുന്നവര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തേണ്ടതില്ല. വോട്ട് ചെയ്തുകഴിഞ്ഞാല്‍ ബീപ് ശബ്ദം കേള്‍ക്കുകയും സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനുനേരെ ചുവന്ന ലൈറ്റ് തെളിയുകയും ചെയ്യും. മൂന്നു ബാലറ്റ് യൂണിറ്റിലും വോട്ട് രേഖപ്പെടുത്തി കഴിയുമ്പോള്‍ നീണ്ട ബീപ് ശബ്ദം കേള്‍ക്കുകയും വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാകുകയും ചെയ്യും. മുനിസിപ്പാലിറ്റിയില്‍ ഒരു ബാലറ്റ് മാത്രമുള്ളതിനാല്‍ എന്‍ഡ് ബട്ടന്‍ ഉണ്ടാകില്ല.

 

വോട്ടിംഗ് സാമഗ്രികള്‍ (ഡിസംബര്‍ 7) വിതരണം
ചെയ്യും, ജീവനക്കാര്‍ രാവിലെ എട്ടിന് എത്തണം
ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് സാമഗ്രികളുടെ വിതരണം നാലു നഗരസഭകളിലെയും എട്ടു ബ്ലോക്കുകളിലെയും കേന്ദ്രങ്ങളില്‍ (ഡിസംബര്‍ 7) നടക്കും. വിതരണ കേന്ദ്രങ്ങള്‍ രാവിലെ ഏഴിനു തുറക്കും. തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ രാവിലെ എട്ടിന് കേന്ദ്രങ്ങളിലെത്തണം. ജില്ലയിലെ 1459 പോളിംഗ് ബൂത്തുകളിലേക്ക് 8844 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 1459 പ്രിസൈഡിംഗ് ഓഫീസര്‍മാരും 313 റിസര്‍വ് പ്രിസൈഡിംഗ് ഓഫീസര്‍മാരും 4377 പോളിംഗ് ഓഫീസര്‍മാരും 923 റിസര്‍വ് പോളിംഗ് ഓഫീസര്‍മാരും 1459 പോളിംഗ് അസിസ്റ്റന്റുമാരും 313 റിസര്‍വ് പോളിംഗ് അസിസ്റ്റന്റുമാരുമാണുള്ളത്.
കേന്ദ്രങ്ങളില്‍ നിന്ന് പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങേണ്ടുന്ന കൗണ്ടറുകളുടെ വിവരം എഴുതി ഒട്ടിച്ചിട്ടുണ്ടാവും. ഇതില്‍ ഓരോ ടീമിന്റെയും പേരുണ്ടാവും. വോട്ടിംഗ് മെഷീന്‍ ഉള്‍പ്പടെയുള്ള സാമഗ്രികള്‍ പരിശോധിച്ച് പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. ജീവനക്കാരെ പോളിംഗ് കേന്ദ്രങ്ങളിലെത്തിക്കാന്‍ ആര്‍ടിഒ നല്‍കിയ ലിസ്റ്റ് അനുസരിച്ച് വാഹനങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ബിഡിഒമാര്‍ക്കാണ് ഇതിന്റെ ചുമതല. ഓരോ പോളിംഗ് ബൂത്തുകളിലേക്കുമുള്ള വാഹനങ്ങളുടെ വിവരം അനൗണ്‍സ് ചെയ്യും. ഇതനുസരിച്ച് ജീവനക്കാര്‍ വാഹനങ്ങളില്‍ കയറണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് അറിയിച്ചു.

പോളിംഗ് ബൂത്തുകളിലെത്തിയ ശേഷം സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ഭിത്തിയില്‍ യഥാസ്ഥാനത്ത് പതിക്കണം. പഞ്ചായത്തുകളില്‍ 200 മീറ്റര്‍ ചുറ്റളവിലും നഗരസഭകളില്‍ 100 മീറ്റര്‍ ചുറ്റളവിലും ബൂത്തുകള്‍ക്ക് സമീപം പ്രചാരണങ്ങള്‍ നടക്കുന്നില്ലെന്ന് റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. ബൂത്തുകളിലേക്ക് സ്റ്റാന്‍ഡ്ബൈ വോട്ടിംഗ് മെഷീനുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബൂത്തുകളിലെ സൗകര്യം പരിശോധിക്കാനും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പരാതികള്‍ ഉണ്ടെങ്കില്‍ അവ അറിയിക്കാനും സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

സാനിറ്റൈസര്‍ മുതല്‍ റബര്‍ ബാന്‍ഡ് വരെ;
പോളിംഗ് ബൂത്തിലേക്ക് സാമഗ്രികള്‍ അനവധി

വോട്ടെടുപ്പിനായി സജ്ജമാക്കുന്ന പോളിംഗ് ബൂത്തുകളിലേക്ക് സാധന സാമഗ്രികള്‍ 81 ഇനം. പോളിംഗിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ വിതരണ കേന്ദ്രങ്ങളില്‍ നിന്നും (ഡിസംബര്‍ 7) ഇവ ഏറ്റുവാങ്ങും. ഗ്രാമപഞ്ചായത്തുകളിലെ ബൂത്തുകളില്‍ മൂന്നു ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമടങ്ങുന്ന വോട്ടിംഗ് യന്ത്രവും നഗരസഭകളിലേക്ക് ഒരു ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റുമടങ്ങുന്ന യന്ത്രവുമാണ് പ്രധാന ഇനം.
കോവിഡ് പശ്ചാത്തലത്തില്‍ അഞ്ച് കോവിഡ് സ്‌പെഷല്‍ ഫോറങ്ങളും അവയ്ക്കുള്ള കവറുകളും, സാനിറ്റൈസര്‍, എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, ഗ്ലൗസ് എന്നീ നാല് സാധനങ്ങളും ഉള്‍പ്പെടും. പെന്‍സില്‍, ബാള്‍പോയിന്റ് പേന, പിന്‍, പശ, പെന്‍സില്‍ കാര്‍ബണ്‍, സെല്ലോ ടേപ്പ്, ഡമ്മി ബാലറ്റുകള്‍, സീലിംഗ് മെഴുക്, വിരല്‍ അടയാളമിടാന്‍ മഷി എന്നിവ കൂടാതെ മെഴുകുതിരി, തീപ്പെട്ടി, റബര്‍ ബാന്‍ഡ് എന്നിവയും ബ്ളേഡും കരുതും.
വോട്ടിംഗ് മെഷീന്‍ വയ്ക്കുന്ന കമ്പാര്‍ട്ട്മെന്റിനുള്ള സാമഗ്രികള്‍, പ്രിസൈഡിംഗ് ഓഫീസറുടെ ലോഹ സീല്‍, സ്ട്രിപ്പ് സീല്‍, ഗ്രീന്‍ പേപ്പര്‍ സീല്‍, വിവിധയിനം കവറുകള്‍, പോളിംഗ് ഏജന്റുമാര്‍ക്കുള്ള പാസ്, പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി, ടെന്‍ഡര്‍ വോട്ടുകള്‍, ചലഞ്ച് വോട്ടുകള്‍ എന്നിവയുടെ ലിസ്റ്റ്, അന്ധരോ അവശരോ ആയ സമ്മതിദായകരുടെ സഹായി നല്‍കുന്ന പ്രഖ്യാപനം രേഖപ്പെടുത്തേണ്ട ഫോറം എന്നിവയോടൊപ്പം വോട്ടേഴ്സ് സ്ളിപ്പും, പോളിത്തീന്‍ ബാഗും വേസ്റ്റ് ബാസ്റ്റക്കറ്റും തുടങ്ങി അന്തിമ വോട്ടര്‍ പട്ടികയും ഉള്‍പ്പെടും.

തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പ്: ജില്ലയിലെ
വിതരണ, വോട്ടെണ്ണല്‍് കേന്ദ്രങ്ങള്‍

തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിതരണ, സ്വീകരണ, വോട്ടെണ്ണല്‍, വോട്ടിംഗ് യന്ത്രങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രങ്ങള്‍ സജ്ജം. നഗരസഭയുടെ പേര്- വിതരണ, സ്വീകരണ, വോട്ടെണ്ണല്‍, വോട്ടിംഗ് യന്ത്രങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രം എന്ന ക്രമത്തില്‍. അടൂര്‍ നഗരസഭ- അടൂര്‍ ഹോളി എയ്ഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. പത്തനംതിട്ട നഗരസഭ- പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയം. തിരുവല്ല നഗരസഭ- തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. പന്തളം നഗരസഭ – പന്തളം എന്‍.എസ്.എസ് കോളജ്.

ബ്ലോക്ക് പഞ്ചായത്തിന്റെ പേര്- പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍- വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പേര് എന്ന ക്രമത്തില്‍.

മല്ലപ്പള്ളി ബ്ലോക്ക് – ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി- മല്ലപ്പള്ളി സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

പുളിക്കീഴ് ബ്ലോക്ക് – കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര- തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

കോയിപ്രം ബ്ലോക്ക് – അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, എഴുമറ്റൂര്‍, പുറമറ്റം- പുല്ലാട് വിവേകാനന്ദ ഹൈസ്‌കൂള്‍.

ഇലന്തൂര്‍ ബ്ലോക്ക് – ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, മല്ലപ്പുഴശേരി, നാരങ്ങാനം- കോഴഞ്ചേരി സെന്റ് തോമസ് കോളജ്.

റാന്നി ബ്ലോക്ക് – റാന്നി പഴവങ്ങാടി, റാന്നി, റാന്നി അങ്ങാടി, റാന്നി പെരുനാട്, വടശേരിക്കര, ചിറ്റാര്‍, സീതത്തോട്, നാറാണംമൂഴി, വെച്ചൂച്ചിറ- റാന്നി പെരുമ്പുഴ എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

കോന്നി ബ്ലോക്ക് – കോന്നി, അരുവാപ്പുലം, പ്രമാടം, മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട്, മലയാലപ്പുഴ – കോന്നി എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

പന്തളം ബ്ലോക്ക് – പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട, ആറന്മുള, മെഴുവേലി- പന്തളം എന്‍.എസ്.എസ് കോളജ്.

പറക്കോട് ബ്ലോക്ക് – ഏനാദിമംഗലം, ഏറത്ത്, ഏഴംകുളം, കടമ്പനാട്, കലഞ്ഞൂര്‍, കൊടുമണ്‍, പളളിക്കല്‍- അടൂര്‍ കേരള യൂണിവേഴ്‌സിറ്റി ബിഎഡ് സെന്റര്‍.

സമ്മതിദായകര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകളുടെ ലിസ്റ്റ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ ലിസ്റ്റിലെ ഏതെങ്കിലും ഒരു രേഖ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിച്ചാല്‍ മതി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുന്‍പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്, വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ത്തിട്ടുള്ള വോട്ടര്‍മാര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.

കാഴ്ച പരിമിതര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും
വോട്ട് ചെയ്യാന്‍ സഹായിയെ അനുവദിക്കും

കാഴ്ച പരിമിതിയും ശാരീരിക അവശതയുമുള്ള സമ്മതിദായകര്‍ക്ക് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിഞ്ഞോ ബട്ടണ്‍ അമര്‍ത്തിയോ ബാലറ്റ് ബട്ടനോട് ചേര്‍ന്ന ബ്രയില്‍ ലിപി സ്പര്‍ശിച്ചോ സ്വയം വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് പ്രിസൈഡിംഗ ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ സഹായിയെ അനുവദിക്കും. വോട്ട് ചെയ്യുന്നതിന് വോട്ടര്‍ നിര്‍ദേശിക്കുന്ന സഹായിയെയാണ് അനുവദിക്കുക. ഇയാള്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. പ്രത്യക്ഷത്തില്‍ കാഴ്ചയ്ക്ക് തകാരാറുള്ള സമ്മതിദായകരോട് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നങ്ങള്‍ വേര്‍തിരിച്ച് അറിഞ്ഞോ ബ്രയില്‍ ലിപി സ്പര്‍ശിച്ചോ വോട്ട് ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചറിഞ്ഞ ശേഷമായിരിക്കും സഹായിയെ അനുവദിക്കുക.
സ്ഥാനാര്‍ഥിയെയോ പോളിംഗ് ഏജന്റിനെയോ സഹായിയായി അനുവദിക്കില്ല. പ്രിസൈഡിംഗ് ഓഫീസറോ മറ്റേതെങ്കിലും പോളിംഗ ് ഓഫീസറോ വോട്ട് രേഖപ്പെടുത്തുന്ന സ്ഥലത്തേക്ക് പോകാന്‍ പാടില്ല. സമ്മതിദായകന് വേണ്ടി രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച് കൊള്ളാമെന്നും അന്നേ ദിവസം ഏതെങ്കിലും പോളിംഗ് സ്റ്റേഷനില്‍ മറ്റേതെങ്കിലും സമ്മതിദായകന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയ പ്രഖ്യാപനം സഹായി നിര്‍ദിഷ്ട ഫോറത്തില്‍ നല്‍കണം. ഇത്തരത്തിലുള്ള രേഖ 22-ാം ഫോറത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ പ്രത്യേക കവറില്‍ വരണാധികാരികള്‍ക്ക് അയച്ച് കൊടുക്കണം. ശാരീരിക അവശതയുള്ളവരെ ക്യൂവില്‍ നിര്‍ത്താതെ പോളിംഗ് സ്റ്റേഷനുകളിലേക്ക് പ്രവേശിപ്പിക്കും.

കോവിഡ് പ്രോട്ടോക്കോള്‍: പോളിംഗ് സ്‌റ്റേഷനുകളിലെ ക്രമീകരണങ്ങള്‍

തദ്ദേശ പൊതുതിരഞ്ഞെടുപ്പില്‍ ഇത്തവണ വോട്ടെടുപ്പ് നടപടികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്. പോളിംഗ് സ്‌റ്റേഷനുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വോട്ടെടുപ്പ് നടത്തുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് പറഞ്ഞു. ബ്രേയ്ക്ക് ദ ചെയിന്റെ ഭാഗമായി ബക്കറ്റ്, മഗ്ഗ്, സോപ്പ്, വെള്ളം എന്നിവ പോളിംഗ് സ്‌റ്റേഷനുകളില്‍ ലഭ്യമാക്കും. സാമൂഹിക അകലം പാലിച്ച് ക്യു നില്‍ക്കുന്നതിന് പ്രത്യേകം അടയാളം മാര്‍ക്ക് ചെയ്യും. തണല്‍ ആവശ്യമുള്ള സ്ഥലം ഉണ്ടെങ്കില്‍ ടാര്‍പാളിന്‍ കെട്ടും.
വോട്ടെടുപ്പിനു ശേഷം പോളിംഗ് സ്‌റ്റേഷനുകളില്‍ അവശേഷിക്കുന്ന പേപ്പറുകളും മറ്റ് വസ്തുക്കളും നീക്കം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനും അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി നടപടിയെടുക്കും. ജൈവ, അജൈവ വസ്തുക്കള്‍ വെവ്വേറെ നിക്ഷേപിക്കുന്നതിന് ഓരോ ക്യാരി ബാഗുകള്‍ വീതം സെക്രട്ടറിമാര്‍ ലഭ്യമാക്കണം. ഇതിനു പുറമേ, പോളിംഗ് സ്‌റ്റേഷനുകളില്‍ ഉപയോഗിച്ച ബയോ മെഡിക്കല്‍ വേസ്റ്റുകളില്‍ മാസ്‌ക്ക്, ഗ്ലൗസ് എന്നിവ പ്രത്യേകം ശേഖരിച്ച് സംസ്‌കരിക്കുന്നതിന് യഥാക്രമം മഞ്ഞ, ചുവപ്പ് നിറങ്ങളിലെ രണ്ട് ക്യാരി ബാഗുകള്‍ കൂടി സെക്രട്ടറിമാര്‍ ലഭ്യമാക്കും. ഇവ സംസ്‌കരിക്കുന്നതിന് പിഎച്ച്‌സി, സിഎച്ച്‌സി, സിഎഫ്എല്‍ടിസി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് തുടര്‍ നടപടി സ്വീകരിക്കും. പോളിംഗ് സ്‌റ്റേഷനായി ഉപയോഗിക്കുന്ന കെട്ടിടത്തില്‍ പ്രവേശിക്കുന്നതിന് റാമ്പ് സൗകര്യം ലഭ്യമല്ലാത്ത സ്ഥലത്ത് താല്‍ക്കാലികമായി സജ്ജമാക്കും.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം കുടുംബശ്രീയുമായി ചേര്‍ന്ന് ലഭ്യമാക്കും. പോളിംഗ് സ്‌റ്റേഷനുകളില്‍ വൈദ്യുതി, കുടിവെള്ളം, ഫര്‍ണിച്ചര്‍, ടോയ്‌ലറ്റ് എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.

കോവിഡ് ബാധിതര്‍ക്ക് എങ്ങനെ വോട്ട് ചെയ്യാം…

(7) വൈകുന്നേരം മൂന്നിനു ശേഷം കോവിഡ് പോസിറ്റീവ് ആകുന്നവരും ക്വാറന്റൈനില്‍ പ്രവേശിക്കുന്നവരും വോട്ടെടുപ്പ് ദിവസം (ഡിസംബര്‍ 8) വൈകിട്ട് ആറിന് മുന്‍പ് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാന്‍ എത്തണം. എന്നാല്‍, ആറു മണിക്ക് ക്യുവില്‍ ഉള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ടു ചെയ്ത ശേഷം മാത്രമേ ഇവരെ വോട്ട് ചെയ്യാന്‍ അനുവദിക്കു.

വോട്ട് രേഖപ്പെടുത്താന്‍ ഇവര്‍ ആരോഗ്യ വകുപ്പിനെയും വരണാധികാരിയെയും വിവരം അറിയിക്കുകയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ഡി എം ഒ) അല്ലെങ്കില്‍ ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയും വേണം. സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ കഴിയുന്നവരെ ആംബുലന്‍സില്‍ പോളിംഗ് ബൂത്തുകളില്‍ എത്തിക്കും. പിപിഇ കിറ്റ് ധരിച്ചാണ് ഇവര്‍ എത്തുക. വീടുകളിലോ, സ്വകാര്യ ആശുപത്രികളിലോ കഴിയുന്നവര്‍ സ്വന്തം നിലയില്‍ പിപിഇ കിറ്റ് ധരിച്ച് പോളിംഗ് ബൂത്തില്‍ എത്തണം. സ്ഥാനാര്‍ഥിയുടെ ഏജന്റുമാര്‍ ആവശ്യപ്പെട്ടാല്‍ ഇവര്‍ മുഖാവരണം മാറ്റണം.

പോളിംഗ് സാമഗ്രികളുടെ വിതരണം
പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ
ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ ഏഴിന് (7) രാവിലെ ഒന്‍പതു മുതല്‍
പന്തളം എന്‍എസ്എസ് കോളജില്‍ വിതരണം ചെയ്യും. രാവിലെ ഒന്‍പതിന് ആറന്മുള ഗ്രാമപഞ്ചായത്ത്, 10 ന് മെഴുവേലി ഗ്രാമപഞ്ചായത്ത്, 11 ന് കുളനട
ഗ്രാമപഞ്ചായത്ത്, ഉച്ചയ്ക്ക് 12 ന് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്, ഉച്ചയ്ക്ക് ഒന്നിന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് എന്ന ക്രമത്തില്‍ ആയിരിക്കും വിതരണം. പോളിംഗ് സ്റ്റേഷനുകളിലേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ നിശ്ചയിക്കപ്പെട്ട സമയത്ത് ഹാജരാകണം.