കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രചാരണം ഞായറാഴ്ച്ച (ഡിസംബര്‍ ആറ്) വൈകിട്ട് ആറിന് അവസാനിക്കും. പ്രചാരണത്തിലെ അവസാന മണിക്കൂറില്‍ നടത്താറുള്ള കൊട്ടികലാശം കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിട്ടുണ്ട്.
കോവിഡ് ബാധിതരുടെ എണ്ണംകൂടുവാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ പാര്‍ട്ടിപ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും പ്രചാരകരും ജനങ്ങളും കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും സാമൂഹ്യഅകലം പാലിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അഭ്യര്‍ഥിച്ചു.
ഞായറാഴ്ച്ച (ഡിസംബര്‍ ആറ്) വൈകിട്ട് ആറിന് ശേഷം ഉച്ചഭാഷിണികള്‍ അനുവദനീയമല്ല. നിശബ്ദ പ്രചാരണം കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുവേണം നടത്തേണ്ടത്. തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബര്‍ എട്ടിന് ഗ്രാമപഞ്ചായത്തുകളിലെ പോളിംഗ് ബൂത്തുകളുടെ 200 മീറ്റര്‍ പരിധിയിലും നഗരസഭകളില്‍ 100 മീറ്റര്‍ പരിധിയിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്തുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവയും സ്ഥാനാര്‍ഥികളുടെ പേരോ, ചിഹ്നമോ പതിച്ച മറ്റ് യാതൊന്നുമോ ഉണ്ടാകുവാന്‍ പാടില്ല.
പ്രചാരണ സമയം അവസാനിച്ചാല്‍ പുറത്തുനിന്നു പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും മണ്ഡലം വിട്ട് പോകണം. എന്നാല്‍, സ്ഥാനാര്‍ഥിയോ ഇലക്ഷന്‍ ഏജന്റോ മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളായാല്‍ പോലും മണ്ഡലം വിട്ടു പോകേണ്ടതില്ല.
പോള്‍ മാനേജര്‍ ആപ്പ് ഹെല്‍പ്‌ഡെസ്‌ക്ക്;
നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു
ബ്ലോക്ക്, മുന്‍സിപ്പാലിറ്റിതലത്തില്‍ ആരംഭിക്കുന്ന പോള്‍ മാനേജര്‍ ആപ്പ് ഹെല്‍പ് ഡെസ്‌ക്കുകളിലേക്ക് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഈ നോഡല്‍ ഓഫീസര്‍മാര്‍ ഇന്ന്(ഡിസംബര്‍ 6 ഞായറാഴ്ച) രാവിലെ 10ന്് അതത് വിതരണകേന്ദ്രങ്ങളില്‍ ഹാജരാകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള എല്ലാ പ്രിസൈഡിംഗ് ഓഫീസര്‍മാരും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും പോള്‍ മാനേജര്‍ ആപ്പ് മൊബൈല്‍ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഇവര്‍ ഇത് ചെയ്തിട്ടുണ്ടെന്ന് നോഡല്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇലക്ഷന്‍ സാമഗ്രികള്‍ വിതരണം ചെയ്യുന്ന ദിവസവും തെരഞ്ഞെടുപ്പ് ദിവസവും കൈകാര്യം ചെയ്യുന്നതിനാണ് പോള്‍ മാനേജര്‍ ആപ്പ്.
ഈ നോഡല്‍ ഓഫീസര്‍മാരെ ട്രെന്‍ഡ് സോഫ്റ്റ്‌വെയറിന്റെ സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍മാരായും നിയമിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. വോട്ടെടുപ്പിനുശേഷം വോട്ടര്‍ ടേണ്‍ ഔട്ട്/ട്രെന്‍സ് എന്‍ട്രി എന്നിവ ചെയ്തിട്ടുണ്ടെന്നും ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍
പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പ്
തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പിക്കേഷനുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍.ഐ.സി) ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, റിട്ടേണിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് വോട്ടെടുപ്പ് ദിവസവും തൊട്ടുമുന്‍പുള്ള ദിവസങ്ങളിലും പോളിംഗ് ഉദ്യോഗസ്ഥരുമായി സംവദിക്കുന്നതിനായാണ് പോള്‍ മാനേജര്‍ ആപ്പ്. സെക്ടറല്‍ ഓഫീസര്‍മാര്‍, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കും ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.