കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മേഖലയിലെ പാറമട ക്രഷര്‍ യൂണിറ്റുകള്‍ എന്നിവിടെ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള നടപടി ക്രമങ്ങള്‍ പിഴ തുകയില്‍ ഒതുക്കുന്നതിനാല്‍ വീണ്ടും വ്യാപകമായി ക്രമക്കേടുകള്‍ നടക്കുന്നു . 18 കോടി രൂപയുടെ ക്രമക്കേടുകള്‍ പിഴ ത്തുക നല്‍കി നിയമ വിധേയമാക്കിയിരുന്നു . പിന്നീട് വിജിലന്‍സ് നടത്തിയ പരിശോധയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി എങ്കിലും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നടപടികള്‍ എങ്ങും എത്തിയില്ല .
ഇപ്പൊഴും ലക്ഷകണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടന്നു കൊണ്ടിരിക്കുന്നു . ഓരോ മടയിലും നൂറിന് മേല്‍ ടിപ്പര്‍ ലോറികള്‍ അന്യ ജില്ലയില്‍ നിന്നും എത്തി പാറ ഉത്പന്നങ്ങള്‍ ശേഖരിച്ചു മടങ്ങുന്നു .എന്നാല്‍ പകുതിയില്‍ താഴെ ഉള്ള കണക്കുകള്‍ ആണ് ബന്ധപ്പെട്ട വകുപ്പുകളില്‍ സമര്‍പ്പിക്കുന്നത് . കോടികണക്കിനു രൂപയുടെ നികുതി വെട്ടിപ്പുകള്‍ നടക്കുന്നു എന്നാണ് ചിലയിടങ്ങളില്‍ നിന്നുള്ള വിവരം .
പാറ മടയിലേക്ക് ഉള്ള ടിപ്പര്‍ പ്രധാന റോഡ് അരുകില്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ പലയിടത്തും ഗതാഗത തടസം ഉണ്ടാകുന്നു .കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചു .
ഓരോ മടയിലും ക്രമക്കേടുകള്‍ ഉണ്ടെങ്കിലും ചുമതല ഉള്ള സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍ കണ്ടില്ലാ എന്നു നടിക്കുന്നു . മലമുകളില്‍ പാറ പൊട്ടിച്ചുണ്ടായ കുഴികളില്‍ ലക്ഷ കണക്കിനു ലിറ്റര്‍ വെള്ളമാണ് കെട്ടി കിടക്കുന്നത് . ഭൂമിയില്‍ വിള്ളല്‍ ഉണ്ടായാല്‍ ഈ വെള്ളം കുത്തി ഒലിച്ച് എത്തുകയും പല ജീവനുകള്‍ അപഹരിക്കുകയും ചെയ്യും . മലയുടെ മുകളില്‍ ഉള്ള ഈ കുഴികള്‍ മണ്ണിട്ട് നികത്തുവാന്‍ പോലും ഉടമകള്‍ തയാറാകുന്നില്ല . ഇത്തരം കുഴികള്‍ മണ്ണിട്ട് നികത്തണം എന്നാണ് നിയമം . മടകളില്‍ പരിശോധനയും ഇപ്പോള്‍ നടക്കുന്നില്ല .
കോന്നി മണ്ഡലത്തില്‍ ആണ് ഏറ്റവും കൂടുതല്‍ പാറ മടയും ക്രെഷര്‍ യൂണിറ്റും ഉള്ളത് .
പുതിയത് ഇനിയും തുടങ്ങാന്‍ ഉള്ള നീക്കം നടക്കുന്നു . ഒരു പ്രദേശം ഒന്നായി വിലയ്ക്ക് വാങ്ങിയാണ് പാറ മടകള്‍ തുടങ്ങുന്നത് . സര്‍ക്കാര്‍ മിച്ച ഭൂമിയിലും വനത്തിലും കടന്നു കയറി ലക്ഷകണക്കിന് രൂപയുടെ പാറ പൊട്ടിച്ച് കടത്തി .
വന മേഖലയില്‍ കടന്നു കയറിയിട്ടും വനം വകുപ്പിന്‍റെ ഭാഗത്ത് നിന്നും നടപടി ഇല്ല .
പോത്ത് പാറയിലും ,പയ്യനാമണ്ണ് മേഖലയിലും വനം കയ്യേറി പാറ പൊട്ടിച്ചിട്ടുണ്ട് .
വീര്യം കൂടിയ സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനാല്‍ പ്രദേശത്തെ വീടുകളില്‍ പലതും വിള്ളല്‍ വീണു . ഊട്ടുപാറയിലെ ഖനനം അതിര് കടന്നു .ഇവിടെയ്ക്കുള്ള ടിപ്പറുകള്‍ തേക്ക് തോട്ടം മൂക്കിലെ റോഡില്‍ നിറഞ്ഞു . വലിയ ഗതാഗത കുരുക്ക് ആണ് ഇവിടെ ഉള്ളത് .
ഈ പാറമടയുടെ ലൈസന്‍സ് പുതുക്കി നല്‍കിയത് ചട്ടം ലംഘിച്ചാണ് എന്ന പരാതി വിവിധ സര്‍ക്കാര്‍ വകുപ്പില്‍ ചിലര്‍ നല്‍കി എങ്കിലും അന്വേഷണം ഉണ്ടായില്ല .
പയ്യനാമണ്ണ് മേഖലയില്‍ രണ്ടു മല തുരന്നു കഴിഞ്ഞു .
കൊല്ലന്‍ പടിയ്ക്ക് സമീപവും പാക്കണ്ടത്തും ഉള്ള പാറ മടകളെ സംബന്ധിച്ചുള്ള പരാതി ഒതുക്കി . പാക്കണ്ടം മേഖലയില്‍ പാറകളില്‍ അള്ളു വീണു . ഇവിടെ പരിശോധന നടത്തിയാല്‍ ക്രമക്കേടുകള്‍ കാണുവാന്‍ കഴിയും .
പോത്ത് പാറയില്‍ വര്‍ഷങ്ങളായുള്ള പാറ ഖനനം അവിടെ പരിസ്ഥിതിയെ നല്ല വണ്ണം ബാധിച്ചു . അതിരുങ്കല്‍ കേന്ദ്രമായുള്ള സമരം എങ്ങനെ അവസാനിച്ചു എന്നു ജനം അന്വേഷിക്കുക .
കുളത്തു മണ്ണില്‍ പുതിയ ക്രഷറിന് ഉള്ള നീക്കം അവസാനിച്ചില്ല . ജനം പ്രതിരോധിച്ചതോടെ ഒന്നു അടങ്ങി ഇരിക്കുന്നു . ഇന്നല്ലെങ്കില്‍ നാളെ അവിടെ വലിയ ക്രഷര്‍ യൂണിറ്റ് വരും .അതിനുള്ള നീക്കം വീണ്ടും തുടങ്ങി .
ഇഞ്ചപ്പാറ മേഖലയില്‍ അദാനി ഗ്രൂപ്പു ആണ് പാറകള്‍ അടര്‍ത്തി എടുത്തു വിഴിഞ്ഞം പദ്ധതിയ്ക്ക് വേണ്ടി കൊണ്ടുപോകുവാന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത് . ജന ഹിതം അറിയുവാന്‍ നല്‍കിയ അറിയിപ്പ് താല്‍കാലികമായി നിര്‍ത്തി എങ്കിലും ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അത് വീണ്ടും തല പൊക്കും .കോന്നി മണ്ഡലത്തില്‍ ഇനി ഒരു പാറമടയോ ക്രഷര്‍ യൂനിറ്റോ ഉണ്ടാകില്ല എന്നു കോന്നി എം എല്‍ എ പറഞ്ഞിരുന്നു .
എന്നാല്‍ ഊട്ടുപാറയില്‍ പുതിയ പാറ മടയ്ക്ക് വേണ്ടി നീക്കം ഉണ്ട് . കുളത്തു മണ്ണിലും ഇതാണ് സ്ഥിതി .