
അരുണ്‍ രാജ് @കോന്നി വാര്‍ത്ത
കോന്നി വാര്‍ത്ത / ശബരിമല :കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശബരിമല തീര്‍ഥാടനം മികച്ച നിലയില്‍ പുരോഗമിക്കുന്നതായും കൂടുതല്‍ തീര്‍ഥാടകര്‍ വരും ദിവസങ്ങളില്‍ എത്തിയാല്‍ ദര്‍ശനമൊരുക്കുന്നതിന് പൂര്‍ണ സജ്ജമാണെന്നും ശബരിമല എഡിഎം അരുണ്‍. കെ. വിജയന്റെ സാന്നിധ്യത്തില്‍ പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ സന്നിധാനത്തു ചേര്‍ന്ന ഹൈലെവല്‍ കമ്മിറ്റി യോഗം വിലയിരുത്തി. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി.
മണ്ഡലകാല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മികച്ച നിലയിലാണ് വകുപ്പുകളുടെ പ്രവര്‍ത്തനം നടക്കുന്നതെന്ന് ശബരിമല എഡിഎം അരുണ്‍. കെ. വിജയന്‍ പറഞ്ഞു. കോവിഡ് പരിശോധന, തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയ്ക്ക് മികച്ച ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരും സേവനത്തിനായി എത്തുന്ന ഉദ്യോഗസ്ഥരും കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റുമായാണ് എത്തുന്നത്. വളരെ മുന്‍കരുതലോടെയാണ് മുന്നോട്ടു പോകുന്നത്.
സന്നിധാനത്ത് കോവിഡ് സ്ഥിരീകരിച്ച താല്‍ക്കാലിക ജീവനക്കാരനെയും പ്രൈമറി കോണ്ടാക്ടിനെയും ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോള്‍ പാലിച്ച് എഫ്എല്‍ടിസിയിലേക്കു മാറ്റാനും ഇവരുമായി ബന്ധപ്പെട്ടവരെ ക്വാറന്റൈന്‍ ചെയ്യാനും നടപടി സ്വീകരിച്ചെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എഡിഎം പറഞ്ഞു.
ശബരിമല സന്നിധാനത്ത് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സത്വര നടപടി സ്വീകരിച്ചെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പോലീസ് സ്‌പെഷല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ ഒരു താല്‍ക്കാലിക ജീവനക്കാരന് കോവിഡ് പോസിറ്റീവായി. ചെറിയ അസ്വസ്ഥത വന്നപ്പോള്‍ തന്നെ ആരോഗ്യവകുപ്പിനെ അറിയിക്കുകയും പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തുകയുമായിരുന്നു. കൂടെ മുറിയിലുണ്ടായിരുന്ന ഒരാള്‍ക്ക് കൂടി പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന മുറി അണുവിമുക്തമാക്കാന്‍ നടപടി സ്വീകരിച്ചു. രണ്ടു പേര്‍ക്കും തുടര്‍ ചികിത്സ നല്‍കാന്‍ നടപടി സ്വീകരിച്ചു.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. തീര്‍ഥാടനം ഭംഗിയായി നടക്കുന്നു. സുഗമമായ ദര്‍ശനത്തിന് സൗകര്യമുണ്ട്. നട തുറന്നതിനു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കൂടുതല്‍ സ്വാമിമാര്‍ വരും കാലത്ത് എത്തും എന്ന പ്രതീക്ഷയില്‍ എന്തൊക്കെ ചെയ്യണം എന്നതു സംബന്ധിച്ച് വിവിധ വകുപ്പ് പ്രതിനിധികള്‍ നല്‍കിയ അഭിപ്രായങ്ങള്‍ യോഗം ചര്‍ച്ച ചെയ്‌തെന്നും സ്‌പെഷല്‍ ഓഫീസര്‍ പറഞ്ഞു.
സന്നിധാനത്ത് കോവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ ആവശ്യമായ മുന്‍കരുതലും തുടര്‍ നടപടികളും കൈക്കൊണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു.
കോവിഡ് പ്രോട്ടോകോള്‍ കമ്മിറ്റി വിപുലമാക്കുന്നതിന് യോഗം തീരുമാനിച്ചു. സന്നിധാനത്തും പരിസരപ്രദേശങ്ങളിലും കോവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ തീരുമാനമെടുത്തു. തീര്‍ഥാടകര്‍ക്കു പുറമേ, ശബരിമലയില്‍ സേവനത്തിനായി എത്തിയിട്ടുള്ള ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. സന്നിധാനത്തും നടപ്പന്തലിലും സാമൂഹിക അകലം പാലിക്കണം. ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക കടകളിലെ ജീവനക്കാര്‍ കോവിഡ് ടെസ്റ്റ് നെഗറ്റീവ് റിസള്‍ട്ട് ഹാജരാക്കണം. കടകള്‍ അണുവിമുക്തമാക്കിയെന്ന സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി. സന്നിധാനത്തും വലിയ നടപ്പന്തലിലും മണിക്കൂറുകള്‍ ഇടവിട്ട് സാനിറ്റൈസിംഗ് നടത്തുന്നതിനും തീരുമാനമായി. ശബരിമല സന്നിധാനത്തും നടപ്പന്തലിലും വര്‍ധിച്ചു വരുന്ന പന്നിയുടെ ശല്ല്യം കുറയ്ക്കാന്‍ ആവശ്യമായ മുന്‍കരുതലെടുക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് യോഗം നിര്‍ദേശം നല്‍കി.
ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ്, ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ ബി. എസ്. ബി.എസ്. ശ്രീകുമാര്‍, ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ. മനോജ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പി.വി. സുധീഷ് വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.