രാജു ശങ്കരത്തിൽ @കോന്നി വാര്‍ത്ത ഡോട്ട് കോം / ഫിലഡൽഫിയ
ഫിലഡൽഫിയാ: ( പെൻസിൽവാനിയ): ദ്രുതഗതിയിലുള്ള കോവിഡ് വ്യാപനം മൂലം സംസ്ഥാനത്തൊട്ടാകെയുള്ള ആശുപത്രികളിൽ രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാലും, മരണ നിരക്കുകൾ ഏറുന്നതിനാലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ സംസ്ഥാനം തയ്യാറായിക്കഴിഞ്ഞു. ദൈനംദിന കേസുകളുടെ എണ്ണം കഴിഞ്ഞ സ്പ്രിംഗ് ലെവലിനേക്കാൾ വളരെ ഉയർന്ന സാഹചര്യത്തിൽ ആരോഗ്യ സെക്രട്ടറി ഡോ. റേച്ചൽ ലെവിൻ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
വീട് വിട്ട് പുറത്തിറങ്ങിയാൽ മാസ്ക്ക് നിർബന്ധം എന്ന നിയമം ആദ്യമായി പുറപ്പെടുവിച്ചത് ഏപ്രിൽ മാസത്തിൽ ആയിരുന്നു. ആ നിയമം വീണ്ടും ശക്തവും കർശനവുമാക്കി. ചില പ്രത്യേക സാഹചര്യങ്ങളിൽ വീടിനുള്ളിൽ പോലും സാമൂഹ്യ അകലം പാലിക്കാനും മാസ്ക്ക് ധരിക്കാനും തയ്യാറാവണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു. ഇതിനർത്ഥം “നിങ്ങൾക്ക് 6 അടി അകലെ നിൽക്കാൻ കഴിയുമെങ്കിലും, നിങ്ങളുടെ വീട്ടിലെ അംഗങ്ങൾ ഒഴികെയുള്ള ആളുകളുമായി നിങ്ങൾ അകത്ത് ആയിരിക്കുമ്പോൾ പോലും മാസ്ക് ധരിക്കേണ്ടിവരും” – ആരോഗ്യ ഉദ്യോഗസ്ഥർ പത്രക്കുറിപ്പിൽ പറഞ്ഞു.
ചില്ലറ വിൽപ്പന സ്ഥാപനങ്ങൾ, ജിമ്മുകൾ, പൊതുഗതാഗതം, ഭക്ഷണം, അത് എവിടെയെങ്കിലും തയ്യാറാക്കുകയോ പാക്കേജുചെയ്യുകയോ വിളമ്പുകയോ ചെയ്യുന്നിടത്തെല്ലാം സാമൂഹിക അകലവും മാസ്ക്കും നിർബന്ധമാണ്. ഡോർ ടു ഡോർ സർവ്വീസുകൾക്കും ഈ നിയമം ബാധകമാണ്.
മറ്റൊരു സംസ്ഥാനത്ത് നിന്ന് പെൻസിൽവാനിയ സന്ദർശിക്കുന്ന ഏതൊരാൾക്കും പ്രവേശിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റിന് വിധേയരാവണം. അല്ലാത്ത പക്ഷം 14 ദിവസത്തെ ക്വറന്റീൻ നിർബന്ധമാണ്. ഈ നിയമം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ, മറ്റൊരു സംസ്ഥാനത്ത് നിന്ന് ജോലിയ്ക്കോ വൈദ്യചികിത്സയ്ക്കോ യാത്ര ചെയ്യുന്നവർക്ക് ഈ നിയമം ബാധകമല്ലെന്നും ലെവിൻ പറഞ്ഞു.
ആളുകൾ വിമാനങ്ങളിൽ നിന്ന് പെൻസിൽവാനിയായിലേക്ക് വരുമ്പോഴോ പോകുമ്പോഴോ ടെസ്റ്റുകൾ പരിശോധിക്കുന്നതിനോ നടപ്പിലാക്കുന്നതിനോ ഞങ്ങൾക്ക് പദ്ധതികളൊന്നുമില്ല,” ഡോ. റേച്ചൽ ലെവിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു, എന്നാൽ ഈ അവധിക്കാലത്ത് മറ്റു സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രകൾ പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഈ സാഹചര്യത്തിൽ നല്ലതെന്നും ലെവിൻ കൂട്ടിച്ചേർത്തു .
തിങ്കളാഴ്ച വരെ 9,325 പെൻസിൽവാനിയക്കാർ വൈറസ് ബാധിച്ച് മരിച്ചതായി സംസ്ഥാന അധികൃതർ അറിയിച്ചു. ബുധനാഴ്ച വരെ 2,900 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 110 പുതിയ മരണങ്ങൾ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച 5,900 അധിക കേസുകളുമായി സംസ്ഥാനം റെക്കോർഡ് സൃഷ്ടിച്ചതോടെയാണ് പുതിയ കോവിഡ് നിയന്ത്രണങ്ങൾ തീരുമാനിച്ചതെന്ന് ഇൻക്വയറർ റിപ്പോർട്ട് ചെയ്യുന്നു.
വൈറസ് പടരുന്നതിനുള്ള നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ആളുകൾ പാലിക്കുന്നില്ലെങ്കിൽ, ഡിസംബറിൽ പെൻസിൽവാനിയായിലെ ഹോസ്പിറ്റലുകളിൽ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകൾ എല്ലാം തീർന്നുപോകുമെന്ന് ആരോഗ്യ സെക്രട്ടറി റേച്ചൽ ലെവിൻ മുന്നറിയിപ്പ് നൽകി.