കോന്നി വാര്‍ത്ത @ശബരിമല എഡിഷന്‍ : കോവിഡ് പശ്ചാത്തലത്തില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ഷേത്രത്തിന്റെയും ഭക്തരുടെയും സുരക്ഷ ഉറപ്പാക്കി ജാഗ്രതയോടെ പോലീസ് നിലയുറപ്പിച്ചിരിക്കുന്നു. സ്പെഷ്യല്‍ ഓഫീസര്‍ സൗത്ത് സോണ്‍ ട്രാഫിക്ക് എസ്പി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് സന്നിധാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
രണ്ട് ഡിവൈഎസ്പി, ആറ് സിഐ,എസ്ഐമാരും എഎസ്ഐമാരുമായി 45 പേരും, ഹെഡ് കോണ്‍സ്റ്റബിളും പോലീസ് കോണ്‍സ്റ്റബിളുമായി 295 പേരുമാണ് സന്നിധാനത്ത് സേവനത്തിനുള്ളത്. ഒരു വിംഗ് സ്റ്റേറ്റ് കമാന്‍ഡോ, ഇന്‍ഡ്യ റിസര്‍വ് ബറ്റാലിയന്‍ ഒരു പ്ലാറ്റൂണ്‍, ബോംബ് സ്‌ക്വാഡ്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ഷാഡോ പോലീസ്, തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും. കൂടാതെ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 11 അംഗ ആന്ധ്ര പോലീസും സന്നിധാനത്ത് സേവനത്തിലുണ്ട്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സ്പെഷ്യല്‍ ഓഫീസര്‍ സൗത്ത് സോണ്‍ ട്രാഫിക്ക് എസ്പി ബി. കൃഷ്ണകുമാര്‍ പറഞ്ഞു. പോലീസ് താമസിക്കുന്ന ബാരക്കിലും ഭക്ഷണം കഴിക്കുന്ന മെസിലും ഉള്‍പ്പെടെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോലീസ് ബാരക്കും മെസും ഉള്‍പ്പെടെ സന്ദര്‍ശിച്ച് സ്പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി.
പമ്പയിലും നിലയ്ക്കലും സ്പെഷ്യല്‍ ഓഫീസര്‍ എസ്പി കെ.എം. സാബു മാത്യുവിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പമ്പയില്‍ 157 ഉം നിലയ്ക്കല്‍ 164 ഉം പോലീസ് ഉദ്യോഗസ്ഥരാണ് സേവനത്തിലുള്ളത്.