എഴുപതിൻ്റെ നിറവിൽ കോട്ടയത്തിൻ്റെ മനസു കീഴടക്കി ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’

 

 

konnivartha.com / കോട്ടയം: അവതരണത്തിന്റെ എഴുപതാം വർഷത്തിലും സദസ് കീഴടക്കി ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ അരങ്ങത്ത്.

രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്തു നടക്കുന്ന എൻ്റെ കേരളം പ്രദർശന-വിപണനമേളയുടെ കലാവേദിയിലാണ് നാടകം വീണ്ടും അരങ്ങേറിയത്. കേരളത്തിലെ സാമൂഹിക നവോത്ഥാന മുന്നേറ്റത്തിന് ഊർജ്ജം പകർന്ന കെ പി എ സി യുടെ നാടകത്തെ നിറഞ്ഞ സദസാണ് വരവേറ്റത്. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് പി.വി. സുനിൽ, ജനപ്രതിനിധികൾ തുടങ്ങിയവർ പ്രേക്ഷകരായെത്തി.

ജില്ലയിലെ മുതിർന്ന നാടക പ്രവർത്തകരെയും നടന്മാരെയും അണിയറ പ്രവർത്തകരെയും കെ പി എ സി യുടെ നടന്മാരെയും നടികളെയും അണിയറ പ്രവർത്തകരെയും മന്ത്രിയും സർക്കാർ ചീഫ് വിപ്പും കളക്ടറും ചേർന്ന് ആദരിച്ചു.

ആദ്യകാല നാടക കലാകാരന്മാരുടെയും അണിയറ പ്രവർത്തകരുടേയും ഒത്തുചേരലിനും അക്ഷരനഗരി സാക്ഷ്യം വഹിച്ചു.

ആർട്ടിസ്റ്റ് സുജാതൻ, പി.ആർ. ഹരിലാൽ, പ്രദീപ് മാളവിക, കെ.പി.എ.സി. രാജേന്ദ്രൻ, ചിത്രകാരൻ പി സി മാമൻ, നടൻ കോട്ടയം വർഗ്ഗീസ്, കോട്ടയം പുരുഷൻ, നടിമാരായ ആലീസ് പോൾ, അമ്മിണി ജോർജ്, ലൈല ദേവി, നാടക സംവിധായകൻ ഓണംതുരുത്ത് രാജശേഖരൻ, കെ പി എ സി ഗോപിനാഥൻ തമ്പി, ഗിറ്റാറിസ്റ്റ് കോട്ടയം സണ്ണി, സംവിധായകൻ വയല വിനയചന്ദ്രൻ, മണികണ്ഠദാസ്, കലാനിലയം ശാന്ത എന്നിവരെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.

കെ.പി.എ.സി. നാടക സമിതിയംഗങ്ങളായ ജോണി, മുഹമ്മദ് കുറുവ, വൈശാഖൻ, കലേഷ്, മനോജ്, പ്രദീപ് തോപ്പിൽ, താമരക്കുളം മണി, അനിത ശെൽവി, സ്നേഹ, അഞ്ജലീ കൃഷ്ണ, ജോസ്, തമ്പി, കുമാർ, രാജേന്ദ്രൻ, ലാൽ, അനിൽ എന്നിവരെയും ആദരിച്ചു. ഐ – പി.ആർ.ഡി. മേഖലാ ഉപഡയറക്ടർ കെ.ആർ. പ്രമോദ്കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ പങ്കെടുത്തു.

error: Content is protected !!