
konnivartha.com: മാലിന്യനിര്‍മാര്‍ജനത്തില്‍ വേറിട്ട പദ്ധതിയുമായി അങ്ങാടി ഗ്രാമപഞ്ചായത്ത്. വിദ്യാലയങ്ങളില്‍ പെന്‍ ബൂത്ത് സ്ഥാപിച്ച് ശ്രദ്ധനേടുകയാണ് പഞ്ചായത്ത്. ഹരിത വിദ്യാലയങ്ങളായി മാറ്റുകയാണ് ലക്ഷ്യം. 2024-2025 ജനകീയാസൂത്രണ പദ്ധതിയിലൂടെയാണ് വിദ്യാലയങ്ങളില്‍ പെന്‍ ബൂത്തുകള്‍ സ്ഥാപിച്ചത്. ആദ്യ ഘട്ടത്തില്‍ 12 വിദ്യാലയത്തില്‍ പെന്‍ ബൂത്ത് തയ്യാറാക്കി. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേന അടക്കമുളള പരിസ്ഥിതിമലിനീകരണം തടയാന്‍ പെന്‍ ബൂത്തുകള്‍ക്കാകും.
പ്രഥമ അധ്യാപകര്‍ക്കാണ് ചുമതല. ബൂത്ത് നിറയുന്ന മുറയ്ക്ക് ഹരിതകര്‍മ സേനയുടെ സഹായത്തോടെ പുനരുപയോഗത്തിന് ക്ലീന്‍ കേരളയ്ക്ക് കൈമാറും. അങ്ങാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആര്‍ രാജേഷ് കുമാര്‍ നേതൃത്വം നല്‍കുന്നു.
പദ്ധതിയുടെ ഭാഗമായി ബയോ ബിന്നുകളും വിതരണം ചെയ്തു. പ്ലാസ്റ്റിക്ക് പേനയുടെ ഉപയോഗം കുറച്ച് മഷിപ്പേനയിലേക്ക് മാറാനാണ് ശ്രമം. പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ പുനരുപയോഗവും ശാസ്ത്രീയ സംസ്‌കരണ രീതിയും തരംതിരിക്കലും കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമാണ് പഞ്ചായത്തിനുള്ളതെന്ന് പ്രസിഡന്റ് ബിന്ദു റെജി പറഞ്ഞു.