
യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം നൽകി സൗഹൃദം സ്ഥാപിച്ച ശേഷം യുവാവിന്റെ പക്കൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കിയയാൾ പിടിയിൽ.മലപ്പുറം വേങ്ങര വൈദ്യർവീട്ടിൽ മുജീബ് റഹ്മാനെയാണ് (45) ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
എടവനക്കാട് സ്വദേശിക്കാണ് പണം നഷ്ടമായത്. പരാതിക്കാരന് മാട്രിമോണിയൽ പരസ്യം വഴിയാണ് ഫോൺ നമ്പർ ലഭിച്ചത്.വാട്സാപ് വഴി ബന്ധപ്പെട്ടപ്പോൾ പേര് ശ്രുതി എന്നാണെന്നും ബെംഗളൂരുവിൽ സ്ഥിര താമസമാണെന്നും ബ്രിട്ടനിലാണ് ജോലിയെന്നും പരിചയപ്പെടുത്തി.
വിവാഹ വാഗ്ദാനം നൽകി സൗഹൃദം ശക്തമാക്കിയ ശേഷം ക്രിപ്റ്റോകറൻസി ട്രേഡിങ് ലാഭകരമാണെന്ന് വിശ്വസിപ്പിച്ച് ചില ഓൺലൈൻ ആപ്പുകൾ യുവാവിനെക്കൊണ്ട് ഡൗൺലോഡ് ചെയ്യിച്ചു.ആദ്യം ഇതുവഴി പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നുള്ള 7,44,000 രൂപ മുടക്കി ക്രിപ്റ്റോ കറൻസി വാങ്ങിച്ച് ആപ്പിൽ നിക്ഷേപിച്ചു. ഇതിനു ശേഷവും പല തവണയായി പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് 32,93,306രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.