Trending Now

ഡിജിറ്റല്‍ പ്രോപര്‍ട്ടി കാര്‍ഡ് വരുന്നു- മന്ത്രി കെ. രാജന്‍

 

ഭൂമിയുമായി ബന്ധപ്പെട്ടുള്ള എല്ലാവിവരങ്ങളും ഉള്‍പെടുത്തി ഡിജിറ്റല്‍ പ്രൊപ്പര്‍ട്ടി കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍ എന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിച്ച തിരുവല്ല സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ രണ്ടാം ഭൂപരിഷ്‌കരണമാണ് ഡിജിറ്റല്‍ റീസര്‍വേ പ്രവര്‍ത്തനങ്ങളിലൂടെ നടപ്പാക്കി വരുന്നത്.

2022-23 ല്‍ നടപ്പാക്കിയ ഡിജിറ്റല്‍ റീസര്‍വേ രാജ്യത്ത് ശ്രദ്ധേയമായി അടയാളപെടുത്താന്‍ കഴിയുന്ന ഒന്നാണ്. രജിസ്ട്രേഷന്‍ വകുപ്പിന്റെ പോര്‍ട്ടലായ പേള്‍, റവന്യൂ വകുപ്പിന്റെ റിലിസ്, സര്‍വേ വകുപ്പിന്റെ എന്റെ ഭൂമി എന്നിവയില്‍ ഭൂരേഖകളുമായി ബന്ധപെട്ടുള്ള സംവിധാനങ്ങളും സേവനങ്ങളും ലഭിക്കും. മൂന്നു പോര്‍ട്ടലുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള സേവനങ്ങളും ആരംഭിച്ചിരുന്നു.

വില്ലേജുകളില്‍ നിന്നും ലഭിക്കേണ്ട 21 സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കി. മണ്ഡലത്തില്‍ എംഎല്‍എ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ആവശ്യമായ നടപടിയെടുക്കും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാര്‍ച്ച് ആദ്യവാരം ഉന്നതതലയോഗം വിളിച്ചുചേര്‍ക്കുമെന്നും അദേഹം പറഞ്ഞു.

മാത്യു റ്റി. തോമസ് എം.എല്‍.എ അധ്യക്ഷനായി; ആന്റോ ആന്റണി എം.പി വിശിഷ്ടാതിഥിയും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, തിരുവല്ല മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ അനുജോര്‍ജ്, വാര്‍ഡ് കൗണ്‍സിലര്‍ ഷീല വര്‍ഗീസ്, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!