
konnivartha.com : കോന്നി നിയോജകമണ്ഡലത്തിലെ പട്ടയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു.
തണ്ണിത്തോട്,സീതത്തോട്,ചിറ്റാർ , കോന്നി താഴം, അരുവാപ്പുലം, കലഞ്ഞൂർ വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകി.
സർവ്വേ നടപടികൾ ആരംഭിച്ച തണ്ണിത്തോട് വില്ലേജിൽ 1158 കൈവശങ്ങൾ സംയുക്ത പരിശോധനയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിൽ മണ്ണിറ മേഖലയിലാണ് നിലവിൽ സർവ്വേ നടപടികൾ പുരോഗമിക്കുന്നത്. മണ്ണിറ മേഖലയിൽ ആകെയുള്ള 207 കൈവശങ്ങളിൽ 109 പേരുടെ ഭൂമി സർവ്വേ ചെയ്തു.
മൂന്ന് ടീമുകൾ ആയാണ് തണ്ണിത്തോട് വില്ലേജിൽ സർവ്വേ നടപടികൾ പുരോഗമിക്കുന്നത്. ഗ്രാമപഞ്ചായത്ത് സർവ്വേ ഉദ്യോഗസ്ഥർക്ക് വില്ലേജിന്റെ വിവിധ പ്രദേശങ്ങളിൽ എത്തിച്ചേരുന്നതിനുള്ള വാഹനം ഏർപ്പെടുത്തി നൽകാത്തത് സർവ്വേ നടപടികളുടെ വേഗത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് ജില്ലാ സർവ്വേ സൂപ്രണ്ട് പറഞ്ഞു. തണ്ണിത്തോട് വില്ലേജിന്റെ വിവിധ ഭാഗങ്ങളിൽ സർവ്വേ ഉപകരണങ്ങളുമായി കൃത്യമായി എത്തിച്ചേരാൻ വാഹനമില്ലാത്തത് വലിയ ബുദ്ധിമുട്ടാണെന്ന് സർവ്വേ ഉദ്യോഗസ്ഥർ അറിയിച്ചു. സർവ്വേ ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കുന്നതിന് ഗ്രാമപഞ്ചായത്തിന് വാഹനം അനുവദിച്ചു നൽകാൻ കഴിയില്ല എന്ന് തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി കെ സാമുവൽ യോഗത്തിൽ അറിയിച്ചു.
ചിറ്റാർ വില്ലേജിൽ സർവ്വേയുടെ ക്യാമ്പ് ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതിന് യോഗം തീരുമാനിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ക്യാമ്പ് ഓഫീസ് പ്രവർത്തനക്ഷമമാക്കും.
സീതത്തോട് വില്ലേജിൽ ആങ്ങമൂഴി മേഖലയിൽ കൂടി പുതിയ ക്യാമ്പ് ഓഫീസ് ആരംഭിക്കുവാൻ യോഗം തീരുമാനിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ക്യാമ്പ് ഓഫീസ് പ്രവർത്തനക്ഷമമാക്കും. സീതത്തോട് വില്ലേജിൽ നിലവിൽ നാല് ടീമുകളാണ് സർവ്വേ നടത്തുന്നത്.
സർവ്വേ നടപടികൾ വേഗത്തിൽ ആക്കുന്നതിനായി എല്ലാ സർവ്വേ ടീമുകളിലും ആവശ്യമായ ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും തീരുമാനിച്ചു.
ഡിജിറ്റൽ സർവേ മൂന്നാംഘട്ടത്തിൽ ഉൾപ്പെട്ട കോന്നിത്താഴം അരുവാപ്പുലം കലഞ്ഞൂർ വില്ലേജുകളിൽ സർവ്വേ നടപടികൾ ആരംഭിക്കും.
15 ദിവസം കൂടുമ്പോൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സർവ്വേ നടപടികൾ അവലോകനം ചെയ്യും.തണ്ണിത്തോട് വില്ലേജിലെ വാർഡുകളിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ പങ്കെടുത്തുകൊണ്ട് കൈവശക്കാരുടെ യോഗം വിളിച്ചു ചേർക്കും
കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ അഡ്വ. കെ. യു.ജനീഷ് കുമാർ എംഎൽഎ, ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐഎഎസ്, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി ആർ പ്രമോദ്, ചിറ്റാർ പഞ്ചായത്ത് പ്രസിഡണ്ട് എ.ബഷീർ, തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി കെ സാമുവൽ, ഡെപ്യൂട്ടി കളക്ടർ ജേക്കബ് ടി തോമസ്, സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ ബിനു, കോന്നി തഹസിൽദാർ സുധീപ്, റവന്യൂ, സർവേ ഉദ്യോഗസ്ഥർ, ചിറ്റാർ,സീതത്തോട്, തണ്ണിത്തോട് പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.