ജോര്‍ജ് എബ്രഹാം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
റാന്നി ഡിവിഷന്‍ അംഗം ജോര്‍ജ് എബ്രഹാം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 12 വോട്ടുകളാണ് നേടിയത്.
കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ സത്യവാചകം ചൊല്ലിനല്‍കിയതോടെയാണ് ജോര്‍ജ് എബ്രഹാം (കേരള കോണ്‍ഗ്രസ് (എം)) പ്രസിഡന്റായി അധികാരമേറ്റത്. ഏനാത്ത് ഡിവിഷനില്‍ നിന്നുമുള്ള സി കൃഷ്ണകുമാര്‍ (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്) ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി; നാല് വോട്ട് ലഭിച്ചു.
വൈസ് പ്രസിഡന്റ് ബീന പ്രഭ, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ സി കെ ലതകുമാരി, ലേഖ സുരേഷ്, ജിജി മാത്യു മറ്റു ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി ഷേര്‍ല ബീഗം തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
ഗതാഗത നിയന്ത്രണം
മുക്കംപെട്ടി-പമ്പാവാലി റോഡില്‍ അറ്റകുറ്റപണിക്കായി ഇന്നും നാളെയും (ഫെബ്രുവരി എട്ട്, ഒമ്പത്) ഇതുവഴി ഗതാഗതം നിരോധിച്ചതായി റാന്നി പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
എം പി മണിയമ്മ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എം പി മണിയമ്മയെ (സിപിഐ) എതിരില്ലാതെ തിരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് ആര്‍ തുളസീധരന്‍പിള്ളയാണ് പേര് നിര്‍ദേശിച്ചത്. ബ്ലോക്കിന്റെ 11-ാമത് പ്രസിഡന്റ് ആണ് മണിയമ്മ. എല്‍.ഡി.എഫ് ധാരണ പ്രകാരം സി.പി.എമ്മിലെ ആര്‍ തുളസീധരന്‍ പിള്ള പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് സിപിഐയ്ക്ക് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.
മുന്‍ വൈസ് പ്രസിഡന്റും കലഞ്ഞൂര്‍ ഡിവിഷന്‍ അംഗവുമാണ് എം പി മണിയമ്മ. വൈസ് പ്രസിഡന്റായി സിപിഎമ്മിലെ ടി സരസ്വതി തിരഞ്ഞെടുക്കപ്പെട്ടു. ഏനാത്ത് ഡിവിഷന്‍ അംഗമാണ് ടി സരസ്വതി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ ബി രാജീവ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിത്വം ഫെബ്രുവരി 10 വരെ പിന്‍വലിക്കാം
ജില്ലയില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ഫെബ്രുവരി 10 വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. 24നാണ് തിരഞ്ഞെടുപ്പ്. പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡ്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്‌സി നഗര്‍ വാര്‍ഡുകളിലുമാണ് തിരഞ്ഞെടുപ്പ്. മൂന്നും സ്ത്രീ സംവരണം. വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ. വോട്ടെണ്ണല്‍ 25 ന് രാവിലെ 10 മുതല്‍.
ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ മല്‍സരിക്കാന്‍ 2000 രൂപയും മുനിസിപ്പല്‍ വാര്‍ഡുകളില്‍ 4000 രൂപയുമാണ് സ്ഥാനാര്‍ത്ഥികള്‍ കെട്ടിവയ്ക്കേണ്ട തുക. പട്ടിക വിഭാഗക്കാര്‍ക്ക് നിശ്ചിതതുകയുടെ 50 ശതമാനം മതിയാകും.
പ്രചാരണത്തിനുള്ള പരമാവധി തുകവിനിയോഗം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 25,000 രൂപയും മുനിസിപ്പല്‍ വാര്‍ഡുകളില്‍ 75,000 രൂപയുമാണ് എന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു.
സംരംഭകത്വ വികസന പരിശീലനം
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 24 മുതല്‍ കോഴഞ്ചേരി ജില്ലാ വ്യവസായകേന്ദ്രത്തില്‍ 15 ദിവസത്തെ സംരംഭകത്വ വികസന പരിശീലനം നടത്തും. അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ മോഡ്യൂള്‍ പ്രകാരമുളള അഞ്ച് ദിവസത്തെ പ്രത്യേക ഇന്‍ഹൗസ് വര്‍ക്ക് ഷോപ്പുമുണ്ട്. തെരഞ്ഞെടുക്കുന്ന 30 പേര്‍ക്ക് പരിശീലനം ലഭിക്കും. പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: പത്തനംതിട്ട- 9446655599, തിരുവല്ല- 9496427094, അടൂര്‍- 9789079078, കോഴഞ്ചേരി- 0468 2214639.
തദ്ദേശവകുപ്പിലെ സ്വരാജ് മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്വരാജ് മാധ്യമ പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം. അച്ചടി മേഖലയിലെ മികച്ച രണ്ട് വാര്‍ത്തയ്ക്കും ടെലിവിഷന്‍ രംഗത്തെ ഒരു വാര്‍ത്തയ്ക്കുമാണ് പുരസ്‌ക്കാരം. 25000 രൂപയും പ്രശസ്തി പത്രവും മൊമന്റോയുമാണ് അവാര്‍ഡ്.
മാലിന്യമുക്തം നവകേരളം ക്യാമ്പെയിനുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചതും ന്യൂസ് ചാനലുകളില്‍ സംപ്രേഷണം ചെയ്തതുമായ വാര്‍ത്തകള്‍ക്കാണ് അവാര്‍ഡ്. വിഷയത്തില്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചതു മുതല്‍ 2025 ജനുവരി 31വരെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതും ന്യൂസ് ചാനലുകളില്‍ സംപ്രേഷണം ചെയ്തതുമായ വാര്‍ത്തകള്‍ പരിഗണിക്കും. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രം. പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനല്‍ കട്ടിങ്ങിനു പുറമേ മൂന്നു പകര്‍പ്പുകള്‍ കൂടി അയയ്ക്കണം.
ടിവി വാര്‍ത്താ വിഭാഗത്തില്‍ മലയാളം ടിവി ചാനലുകളിലെ വാര്‍ത്താ ബുള്ളറ്റിനില്‍ സംപ്രേഷണം ചെയ്ത അഞ്ചുമിനിറ്റില്‍ കവിയാത്ത റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിക്കേണ്ടത്. എന്‍ട്രികള്‍ ഡിവിഡിയിലോ (മൂന്നു കോപ്പി), പെന്‍ഡ്രൈവിലോ നല്‍കാം. ഓരോ എന്‍ട്രിയോടൊപ്പവും ടൈറ്റില്‍, ഉള്ളടക്കം, ദൈര്‍ഘ്യം, വിവരണപാഠം എന്നിവ എഴുതി നല്‍കണം.
പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനല്‍ എന്നിവയുടെ പേര്, തീയതി, മാധ്യമപ്രവര്‍ത്തകന്റെ കളര്‍ ഫോട്ടോ, മേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ അടങ്ങിയ ബയോഡാറ്റ എന്‍ട്രിയോടൊപ്പം മറ്റൊരു പേജില്‍ ചേര്‍ത്തിരിക്കണം.
അവാര്‍ഡിന് അയക്കുന്ന എന്‍ട്രി അപേക്ഷകന്‍ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വയ്ക്കണം. കവറിന് പുറത്ത് സ്വരാജ് മാധ്യമപുരസ്‌ക്കാരം 2025 അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം.
എന്‍ട്രികള്‍ 2025 ഫെബ്രുവരി 12 നകം ചീഫ് ഓഫീസര്‍, പബ്ലിക് റിലേഷന്‍സ്, എല്‍ എസ് ജി.ഡി. പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്, സ്വരാജ് ഭവന്‍, നന്തന്‍കോട്, തിരുവനന്തപുരം 695003 വിലാസത്തില്‍ ലഭിക്കണം. [email protected] ഇ-മെയില്‍ വിലാസത്തിലും അയക്കാം.
ട്രയല്‍സ് ഇന്ന് (ഫെബ്രുവരി 8) പത്തനംതിട്ടയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂള്‍ പ്രവേശനം
വെള്ളായണി അയ്യന്‍കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂള്‍ പ്രവേശനത്തിനുളള ട്രയല്‍സ് ഇന്ന് (ഫെബ്രുവരി 8) രാവിലെ 8 മുതല്‍ പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. അഞ്ച്, 11 ക്ലാസുകളിലേക്കുള്ള മുഴുവന്‍ സീറ്റുകളിലേക്കും ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുമാണ് പട്ടിക വിഭാഗത്തില്‍പ്പെട്ട കായികതാരങ്ങള്‍ക്ക് പ്രവേശനംനല്‍കുന്നത്. ദേശീയ- സംസ്ഥാന- ജില്ലാതല വിജയികള്‍ക്ക് കായികക്ഷമതയുടെ അടിസ്ഥാനത്തില്‍ നേരിട്ട് പ്രവേശനം നല്‍കും. അത്ലറ്റിക്സ്, ജൂഡോ, റസ്ലിംഗ്, ജിംനാസ്റ്റിക്സ്, ഫുട്ബാള്‍ ഇനങ്ങളാണ് പരിശീലിപ്പിക്കുന്നത്. മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. ഫോണ്‍: 7356075313, 9744786578.
താത്കാലിക അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് തസ്തികയിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബി ടെക് ഫസ്റ്റ് ക്ലാസ് ആണ് യോഗ്യത. ബയോഡേറ്റ, മാര്‍ക്ക്‌ലിസ്റ്റ്, പത്താംതരം/തത്തുല്യം, എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 11 ന് രാവിലെ 10 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നടത്തുന്ന പരീക്ഷ/അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735 266671.
കൊയ്ത്തുല്‍സവം തുടങ്ങി
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ കുടുന്തപാടത്തിലെ കൊയ്ത്തുല്‍സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗങ്ങളായ കെ. പ്രതീഷ്, റെന്‍സിന്‍ കെ. രാജന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ കോഴ്സ് ഈവനിംഗ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകിട്ട് ആറ് മുതല്‍ എട്ടു വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്.
സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപ ഫീസ്. വിദ്യാഭ്യാസയോഗ്യത ഡിഗ്രി. പ്രായപരിധി ഇല്ല. മോജോ, വെബ് ജേണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോ ജേണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ പ്രായോഗികപരിശീലനം നല്‍കും. അപേക്ഷിക്കുന്നതിന് www.keralamediaacademy.org വെബ്സൈറ്റ്. ഫോണ്‍: 0484 2422275, 2422068, 9388959192, 9447225524, 0471-2726275 അവസാന തീയതി -ഫെബ്രുവരി 20.